Feature

ബ്ലൂസിനെതിരേ ഇന്ന് റെഡ് ഡെവിള്‍സ്; കാരിക്കിന് കീഴില്‍ യുനൈറ്റഡ് ചെല്‍സിയെ വീഴ്ത്തുമോ?

സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്ട്‌സ്റ്റാറിലും മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യും.(10-10)

ബ്ലൂസിനെതിരേ ഇന്ന് റെഡ് ഡെവിള്‍സ്; കാരിക്കിന് കീഴില്‍ യുനൈറ്റഡ് ചെല്‍സിയെ വീഴ്ത്തുമോ?
X


സ്റ്റാംഫോഡ്ബ്രിഡ്ജ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ സൂപ്പര്‍ സണ്‍ഡേയില്‍ ഇന്ന് സ്റ്റാംഫോഡ് ബ്രിഡ്ജില്‍ തീപ്പൊരി പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ചെല്‍സി ഇന്ന് എതിരിടുന്നത് മോശം ഫോമില്‍ തുടരുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയാണ്. താല്‍ക്കാലിക കോച്ച് കാരിക്കിന് കീഴില്‍ ചാംപ്യന്‍സ് ലീഗില്‍ വിജയിച്ച യുനൈറ്റഡ് ഇന്ന് ബ്ലൂസിനെതിരേ ജയം ആവര്‍ത്തിക്കുമോ എന്നാണ് ആരാധകരുടെ ചിന്ത. മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, വാറ്റ്‌ഫോര്‍ഡ് എന്നീ ടീമുകള്‍ക്കെതിരേ വമ്പന്‍ തോല്‍വിയേറ്റുവാങ്ങിയ യുനൈറ്റഡ് ഇന്ന് ചെല്‍സിയ്‌ക്കെതിരേ ഉയര്‍ത്തെഴുന്നേല്‍ക്കുമോ എന്ന് കണ്ടറിയാം. പുതിയ കോച്ച് റാള്‍ഫ് റാഗ്നിക്കിന്റെ ടീമിന്റെ ചുമതല ഔദ്ദ്യോഗികമായി ഏറ്റെടുത്തിട്ടില്ല.


ലീഗില്‍ ഇത് വരെ ഒരു തോല്‍വിയാണ് ചെല്‍സി നേരിട്ടത്. അപാര ഫോമിലുള്ള അവര്‍ നാല് ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്. യുനൈറ്റഡ് ലീഗില്‍ ഒമ്പതാം സ്ഥാനത്താണ്. ക്യാപ്റ്റന്‍ ഹാരി മാഗ്വെയര്‍ സസ്‌പെന്‍ഷനെ തുടര്‍ന്ന് ഇന്നി യുനൈറ്റഡ് നിരയില്‍ ഇറങ്ങില്ല. തലയ്ക്ക് പരിക്കേറ്റ ലൂക്ക് ഷോ, കാലിന് പരിക്കേറ്റ എഡിസണ്‍ കവാനി എന്നിവരും ഇന്നിറങ്ങില്ല. റാഫേല്‍ വരാനെ, പോള്‍ പോഗ്‌ബെ എന്നിവരുടെ കാര്യവും സംശയത്തിലാണ്.


ചെല്‍സി നിരയില്‍ ഡിഫന്‍ഡര്‍ ബെന്‍ ചില്‍വില്‍ പുറത്താണ്. കാല്‍മുട്ടിന് പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ ആവശ്യമാണ്. മാറ്റെ കൊവാസിക്ക്, എന്‍ഗോളോ കാന്റെ എന്നിവരും ബ്ലൂസ് നിരയില്‍ ഇറങ്ങില്ല. റൊമേലു ലൂക്കാക്കു ഇന്ന് ചെല്‍സി സ്‌ക്വാഡില്‍ തിരിച്ചെത്തിയേക്കും. അവസാനമായി ഏഴ് തവണ ഇരുവരും നേര്‍ക്ക് നേര്‍ വന്നപ്പോഴും ചെല്‍സിക്ക് യുനൈറ്റഡിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ തോമസ് ടുഷേലിന് കീഴില്‍ വരുന്ന ചെല്‍സി പഴയ ചെല്‍സിയല്ല. വിജയം മാത്രം നേടാന്‍ പ്രാപ്തിയുള്ള വന്‍ നിരയാണ് അവരുടേത്. വന്‍ താരനിരയുണ്ടെങ്കിലും ജയം എത്തിപ്പിടിക്കാന്‍ ബുദ്ധിമുട്ടുന്നവരാണ് ചുവപ്പ് ചെകുത്താന്‍മാര്‍.


പ്ലേയിങ് ഇലവന്‍-യുനൈറ്റഡ്: ഡി ഗിയ, വാന്‍ ബിസാക്കാ, ലിന്‍ഡോള്‍ഫ്, ബെയ്‌ലി, ടെല്ലെസ്, മക്ടോമിനെ, ഫ്രഡ്, സാഞ്ചോ, ഫെര്‍ണാണ്ടസ്, റാഷ്‌ഫോഡ്, ക്രിസ്റ്റിയാനോ റൊണാള്‍ഡോ.


ചെല്‍സി: മെന്‍ഡി, അസ്പിലിക്യുറ്റാ, സില്‍വാ, റുഡിഗര്‍, ജെയിംസ്, ലോഫ്റ്റസ് ചീക്ക്, ജോര്‍ജ്ജിഞ്ഞോ, അല്ലോണ്‍സോ, മൗണ്ട്, ഹുഡ്‌സണ്‍ ഒഡോയി, വെര്‍ണര്‍. രാത്രി 10.10ന് ചെല്‍സിയുടെ ഹോം ഗ്രൗണ്ടിലാണ് മല്‍സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്ട്‌സ്റ്റാറിലും മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യും.


പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മറ്റ് മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി വെസ്റ്റ്ഹാമിനെയും ലെസ്റ്റര്‍ വാറ്റ്‌ഫോഡിനെയും ടോട്ടന്‍ഹാം ബേണ്‍ലിയെയും എവര്‍ട്ടണ്‍ ബ്രന്റ്‌ഫോഡിനെയും നേരിടും.






Next Story

RELATED STORIES

Share it