Feature

CR7 ഇനി എങ്ങോട്ട്; മുന്നിലുള്ളത് അല്‍ നസ്‌റും ചെല്‍സിയും

റൊണാള്‍ഡോ വേതനം കുറയ്ക്കുന്ന പക്ഷം താരത്തെ ചെല്‍സി ടീമിലെത്തിച്ചേക്കും.

CR7 ഇനി എങ്ങോട്ട്; മുന്നിലുള്ളത് അല്‍ നസ്‌റും ചെല്‍സിയും
X



ലോകകപ്പ് ക്വാര്‍ട്ടറില്‍ പുറത്തായ പോര്‍ച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇനി എങ്ങോട്ടെന്ന ചോദ്യമാണ് താരത്തിന്റെ ആരാധകര്‍ മുന്നോട്ട് വയ്ക്കുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് പുറത്താക്കപ്പെട്ട ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ നിലവില്‍ ഒരു ക്ലബ്ബിന്റെയും ഭാഗമല്ല. ലോകകപ്പിന് മുമ്പ് താരത്തെ യുനൈറ്റഡ് പുറത്താക്കുകയായിരുന്നു. യുനൈറ്റഡിനെതിരേയും കോച്ച് ടെന്‍ ഹാഗിനെതിരേയും രംഗത്ത് വന്നതിനെ തുടര്‍ന്നായിരുന്നു താരത്തിന്റെ കരാര്‍ ക്ലബ്ബ് റദ്ദാക്കിയത്. ഈ സീസണില്‍ മോശം ഫോമിലായതിനെ തുടര്‍ന്നായിരുന്നു റൊണാള്‍ഡോയെ യുനൈറ്റഡ് പല മല്‍സരങ്ങളിലും ആദ്യ ഇലവനില്‍ നിന്ന് ഒഴിവാക്കിയത്. എന്നാല്‍ താരം ഇതില്‍ അസന്തുഷ്ടനായിരുന്നു. തുടര്‍ന്നാണ് റോണോ ക്ലബ്ബിനും കോച്ചിനുമെതിരേ പൊട്ടിത്തെറിച്ചത്. കഴിഞ്ഞ സീസണില്‍ യുനൈറ്റഡിനൊപ്പം താരം മിന്നും ഫോമിലായിരുന്നു. ആ സീസണില്‍ യുനൈറ്റഡിന്റെ ടോപ് സ്‌കോററുമായിരുന്നു.



ലോകകപ്പിലും മോശം ഫോം കാഴ്ചവച്ചതിനെ തുടര്‍ന്നാണ് പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും താരത്തെ കോച്ച് സാന്റോസ് പുറത്തിരുത്തിയത്. ഇതിനെതിരേയും റൊണാള്‍ഡോ സാന്റോസിനോട് പ്രതികരിച്ചിരുന്നു. ക്രിസ്റ്റ്യാനോയുടെ പ്രതകിരണം ഇഷ്ടമായില്ലെന്ന് സാന്റോസും വ്യക്തമാക്കിയിരുന്നു. തോല്‍വിയെ തുടര്‍ന്ന് സാന്റോസിനെ പോര്‍ച്ചുഗല്‍ പുറത്താക്കിയിരുന്നു. തല്‍സ്ഥാനത്തേക്ക് ആര് വന്നാലും ആ ടീമില്‍ 37കാരനായ റൊണാള്‍ഡോയ്ക്ക് സ്ഥാനമുണ്ടാവുമോ എന്ന് വ്യക്തമല്ല.



എന്തായാലും നിലവില്‍ താരം വിരമിക്കുന്നില്ല. തന്നെക്കാള്‍ പ്രായം കുറഞ്ഞ നെയ്മറും മെസ്സിയും ലോകകപ്പില്‍ നിന്ന് വിരമിക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചപ്പോഴും റൊണാള്‍ഡോ വിരമിക്കലിനെ കുറിച്ച് ഒരക്ഷരം മിണ്ടിയിരുന്നില്ല. 40ാം വയസ്സിലെ യൂറോയിലും കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് താരം വ്യക്തമാക്കിയിരുന്നു.



റൊണാള്‍ഡോയെ യുനൈറ്റഡ് പുറത്താക്കിയ ഉടനെ താരത്തിനായി മുന്നിലെത്തിയ ആദ്യ ടീം സൗദി ക്ലബ്ബ് അല്‍ നസര്‍ ആയിരുന്നു. സൗദിയിലെ ഒന്നാം നമ്പര്‍ ക്ലബ്ബായ അല്‍ നസര്‍ താരത്തിനായി ലോക റെക്കോഡ് തുകയാണ് മുന്നോട്ട് വച്ചത്. രണ്ട് വര്‍ഷത്തെ കരാറാണ് മുന്നോട്ട് വച്ചത്. എന്നാല്‍ റൊണാള്‍ഡോ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. റൊണാള്‍ഡോ ക്ലബ്ബിലെത്തുമെന്നു തന്നെയാണ് ഉടമകളുടെ വിശ്വാസം. നിലവില്‍ താരം തന്റെ പഴയ ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടില്‍ താല്‍ക്കാലിക പരിശീലന സെഷനിലാണുള്ളത്. പരിശീലനത്തിനായി റയലിന്റെ സൗകര്യം താരം ആവശ്യപ്പെടുകയായിരുന്നു. താരം റയലിലേക്ക് തിരിച്ചെത്തുമെന്നും അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ റയലും താരവും ഇത് നിഷേധിച്ചു.


റൊണാള്‍ഡോയ്ക്കായി ട്രാന്‍സ്ഫര്‍ വിപണിയിലുള്ള മറ്റൊരു ക്ലബ്ബ് ചെല്‍സിയാണ്. ടോഡ് ബോഹ്ലിയെന്ന പുതിയ ക്ലബ്ബ് ഉടമകള്‍ക്ക് റൊണാള്‍ഡോയെ ടീമിലെത്തിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ താരത്തിന്റെ റെക്കോഡ് വേതനം ഉള്‍ക്കൊള്ളാന്‍ ചെല്‍സിയ്ക്കാവില്ലെന്നാണ് റിപ്പോര്‍ട്ട്. വന്‍ തുക നല്‍കി റൊണാള്‍ഡോയെ ടീമിലെത്തിച്ചാലും അത് ടീമിന് എത്രത്തോളം ഗുണം ചെയ്യുമെന്ന കാര്യത്തിലും ടീമില്‍ ആശങ്ക നിലനില്‍ക്കുകയാണ്. 37കാരനായ റൊണാള്‍ഡോയെ ടീമിലെത്തിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമോ എന്ന ചിന്തയും ചെല്‍സിക്കുണ്ട്. റൊണാള്‍ഡോ വേതനം കുറയ്ക്കുന്ന പക്ഷം താരത്തെ ചെല്‍സി ടീമിലെത്തിച്ചേക്കും.




കരിയര്‍ ആരംഭിച്ച പോര്‍ച്ചുഗല്‍ ക്ലബ്ബ് സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ ആണ് താരത്തിനായി വല വിരിച്ച മറ്റൊരു ക്ല്ബ്. എന്നാല്‍ താരത്തിന്റെ വേതനം താങ്ങാനാവില്ലെന്ന് ക്ലബ്ബ് അറിയിച്ചിട്ടുണ്ട്. ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യുണിക്കുമായി റൊണാള്‍ഡോയുടെ ഏജന്റ് ലോകകപ്പിന് മുമ്പ് ചര്‍ച്ച നടത്തിയിരുന്നു.ബയേണ്‍ ഇതിന്റെ വിശദ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. നിലവില്‍ ഫ്രീ ഏജന്റായ റോണോ ജനുവരി ട്രാന്‍സ്ഫറിന് മുന്നേ പുതിയ ക്ലബ്ബ് കണ്ടെത്തേണ്ടതുണ്ട്. റെക്കോഡുകളുടെ കളിതോഴനായ റോണോ കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് നീങ്ങുന്നത്. പുതിയ ക്ലബ്ബില്‍ തന്റെ പഴയ സൂപ്പര്‍ ഫോം പുറത്തെടുക്കാന്‍ താരത്തിന് കഴിയുമോ എന്ന് കണ്ടറിയാം. ഫോം തിരിച്ചെടുക്കാത്ത പക്ഷം ഇതിഹാസ താരം വീണ്ടും ബെഞ്ചിലാവുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.





Next Story

RELATED STORIES

Share it