Feature

മുഹമ്മദ് നെമില്‍ കുതിക്കുന്നു; ജൂനിയര്‍ നെയ്മറിനെ തടയാനാവില്ല

2020ല്‍ ഗോവ താരത്തെ സൈന്‍ ചെയ്‌തെങ്കിലും സ്‌പെയിനിലെ പരിശീലനം പൂര്‍ത്തിയാക്കാനായിരുന്നു ടീമിന്റെ ഉപദേശം.

മുഹമ്മദ് നെമില്‍ കുതിക്കുന്നു; ജൂനിയര്‍ നെയ്മറിനെ തടയാനാവില്ല
X


കൊല്‍ക്കത്ത: കോഴിക്കോട്ടുകാരന്‍ മുഹമ്മദ് നെമിലിനെ ഇന്ത്യന്‍ ഫുട്‌ബോളിന് സുപരിചിതമാണ്. താരത്തിന്റെ ഭാഗ്യങ്ങള്‍ തുടരുന്നത് മലയാളക്കരയില്‍ നിന്നാണെങ്കിലും വന്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയത് സ്‌പെയിനില്‍ നിന്നാണ്. എന്നാല്‍ പുതിയ സീസണില്‍ ഗോവന്‍ എഫ് സി ജെഴ്‌സിയിലിറങ്ങി നെമില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ മണ്ണില്‍ വിലസാന്‍ തുടങ്ങിയിരിക്കുകയാണ്. ഡ്യുറന്റ് കപ്പില്‍ ഇതിനോടകം മൂന്ന് ഗോള്‍ നേടിയാണ് ഈ 19കാരന്റെ പ്രയാണം.


ആദ്യ മല്‍സരത്തില്‍ സുദേവാ എഫ്‌സിക്കെതിരേ ഗോള്‍ നേടിയ നെമില്‍ കഴിഞ്ഞ ദിവസം ജംഷ്ഡ്പൂര്‍ എഫ് സിക്കെതിരേ ഇരട്ട ഗോളുകളാണ് നേടിയത്. മിഡ് ഫീല്‍ഡറായ നെമിലിന്റെ പന്തടക്കം ഏറെ പ്രശംസനീയമാണ്. ഇന്ന് ജംഷഡ്പൂരിനെതിരായ താരത്തിന്റെ പ്രകടനം ഏതൊരു ഫുട്‌ബോള്‍ പ്രേമിയും ആഗ്രഹിച്ചുപോവുന്നതാണ്. 2020ലാണ് നെമിലിനെ ഗോവ നാല് വര്‍ഷത്തെ കരാറില്‍ സ്വന്തമാക്കിയത്.


ജൂനിയര്‍ നെയ്മര്‍ എന്നറിയപ്പെടുന്ന നെമില്‍ കോഴിക്കോട് ചേവായൂര്‍ സ്വദേശിയാണ്. താരത്തിന്റെ കളി മികവിനെ കുറിച്ച് ബിബിസി ഡോക്യുമെന്ററി ചെയ്തിരുന്നു. ഈ ഡോക്യുമെന്ററിയുടെ പേര് ജൂനിയര്‍ നെയ്മര്‍ എന്നായിരുന്നു.


2013ലാണ് നെമിലിന്റെ ജീവിതത്തിലെ വഴിത്തിരുവുണ്ടായത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്രധാന നടത്തിപ്പുകാരായ റിലയന്‍സ് ഫൗണ്ടേഷന്റെ യങ് ചാംപ്‌സ് അക്കാദമിയിലേക്ക് താരം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. പിന്നീട് താരം മുംബൈയിലെ റിലയന്‍സ് അക്കാദമിയിലെത്തി. മുംബൈയില്‍ നാല് വര്‍ഷത്തോളം പരിശീലനം നടത്തിയ താരത്തെ റിലയന്‍സ് സ്‌പെയിനിലും എത്തിച്ചു. ഇവിടെയും തീര്‍ന്നില്ല നെമിലിന്റെ കുതിപ്പ്. സ്‌പെയിനില്‍ നടന്ന ട്രയല്‍സില്‍ ബാഴ്‌സലോണയിലെ മാര്‍സെറ്റ് ഫുട്‌ബോള്‍ അക്കാദമിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.


ഇന്ത്യയില്‍ നിന്ന് മാര്‍സെറ്റ് അക്കാദമിയിലെത്തുന്ന ആദ്യ താരമാണ് നെമില്‍.നെമിലിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് അക്കാദമി താരത്തിന് ഒരു വര്‍ഷത്തേക്ക് കൂടി പരിശീലനം നല്‍കി. തുടര്‍ന്ന് ബാഴ്‌സലോണയിലെ മൂന്നാം ഡിവിഷന്‍ ക്ലബ്ബ് ഇഎഫ്ഗ്രാമയുടെ അണ്ടര്‍ 19 ടീമിലേക്കും നെമില്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെത്തെ പ്രകടനത്തെ തുടര്‍ന്ന് താരത്തെ അവര്‍ ഫസ്റ്റ് ടീമിലേക്കും പ്രമോഷന്‍ നല്‍കി. ഇവിടെ കളിച്ച ഒരു ടൂര്‍ണ്ണമെന്റില്‍ താരം ടോപ് സ്‌കോററും ആയി. സ്പാനിഷ് രണ്ടാം ഡിവിഷനിലെ നിരവധി ക്ലബ്ബുകള്‍ നെമിലിനായി വലവീശിയിരുന്നു. ഇതിനിടക്ക് താരത്തിന് ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലേക്കും ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ പരിശീലനം തുടരാനായിരുന്നു ഏവരും നെമിലിന് നല്‍കിയ ഉപദേശം.


2020ല്‍ ഗോവ താരത്തെ സൈന്‍ ചെയ്‌തെങ്കിലും സ്‌പെയിനിലെ പരിശീലനം പൂര്‍ത്തിയാക്കാനായിരുന്നു ടീമിന്റെ ഉപദേശം. ഒടുവില്‍ പരിശീലനം പൂര്‍ത്തിയാക്കി അടുത്തിടെയാണ് താരം ഇന്ത്യയിലെത്തി ഗോവയ്‌ക്കൊപ്പം ചേര്‍ന്നത്. രണ്ട് കാലുകൊണ്ടും ഒരു പോലെ പന്തിനെ നിയന്ത്രിക്കാന്‍ കഴിയുന്ന നെമില്‍ ഭാവി ഇന്ത്യന്‍ ഫുട്‌ബോളിന്റെ നെടുംതൂണാവുമെന്ന് ഉറപ്പ്.




Next Story

RELATED STORIES

Share it