Feature

24 വര്‍ഷത്തെ കരിയറിന് 41ല്‍ അവസാനം; നേടിയത് 20 ഗ്രാന്‍സ്ലാമുകള്‍

ഇതില്‍ ഒന്നില്‍ പോലും റിട്ടയേര്‍ഡായി താരം ക്വാര്‍ട്ട് വിട്ടിട്ടില്ല.

24 വര്‍ഷത്തെ കരിയറിന് 41ല്‍ അവസാനം; നേടിയത് 20 ഗ്രാന്‍സ്ലാമുകള്‍
X

ലോക ടെന്നിസില്‍ അപരാജിത കുതിപ്പ് നടത്തിയ വനിതാ താരം സെറീനാ വില്ല്യാംസ് അടുത്തിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 41കാരിയായ താരം കരിയറിലെ മിക്ക കിരീടങ്ങളും നേടിയാണ് ടെന്നിസ് കോര്‍ട്ടിനോട് വിട പറഞ്ഞത്. സെറീനയുടെ സമകാലികനായിരുന്നു ഇന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഇതിഹാസ താരം റോജര്‍ ഫെഡറര്‍.ഫെഡററും സെറീനയും ഒരേ കാലഘട്ടത്തില്‍ ടെന്നിസ് ലോകം അടക്കിവാണവര്‍ ആണ്. ഇരുവരുടെയും വിരമിക്കലോടെ ഒരു യുഗാന്ത്യത്തിനാണ് ഇതോടെ അവസാനമാവുന്നത്.


1998ലാണ് സ്വിസ് താരമായ ഫെഡറര്‍ സീനിയര്‍ ലെവലില്‍ അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ ആദ്യത്തെ രണ്ട് വര്‍ഷം ഫെഡററിന് ലോക ടെന്നിസില്‍ കാര്യമായ ചലനം സൃഷ്ടിക്കാനായില്ല. എന്നാല്‍ 2000ത്തിലാണ് ഫെഡററെ ടെന്നിസ് പ്രേമികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. 2000ത്തിലെ മിക്ക ഗ്രാന്‍സ്ലാം ടൂര്‍ണ്ണമെന്റുകളിലും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മറ്റ് ചെറിയ ടൂര്‍ണ്ണമെന്റുകളിലും കിരീടം നേടി. 2003ല്‍ ആദ്യമായി വിംബിള്‍ഡണ്‍, 2004ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും യു എസ് ഓപ്പണും. തുടര്‍ന്ന് ഫെഡററുടെ യുഗമായിരുന്നു. 2003 മുതല്‍ തുടര്‍ച്ചയായി നാല് വര്‍ഷം വിംബിള്‍ഡണ്‍, 2009, 2012, 2017 വര്‍ഷങ്ങളിലും വിംബിള്‍ഡണ്‍. ആറ് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണും നേടി. 2004 മുതല്‍ 2007വരെ ഓസ്‌ട്രേലിയന്‍ ഓപ്പണും ഫെഡററുടെ കുത്തകയായിരുന്നു. 2008ലും യു എസ് ഓപ്പണ്‍ നേടി. 20 ഗ്രാന്‍സ്ലാം കിരീടങ്ങളും താരം നേടിയത്.




2018ലാണ് ഫെഡറര്‍ അവസാനമായി ഗ്രാന്‍സ്ലാം കിരീടം നേടിയത്. തുടര്‍ന്നാണ് പരിക്ക് വിടാതെ പിടികൂടിയത്. കാല്‍മുട്ടിന്റെ പരിക്കാണ് വില്ലനായത്. രണ്ട് തവണ ശസ്ത്രക്രിയ നടത്തി നീണ്ടകാലം വിശ്രമത്തിലായിരുന്നു. തുടര്‍ന്ന് വീണ്ടും കളത്തിലേക്ക് വന്നിരുന്നു.2021 വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ വരെ കളിച്ചിരുന്നു. എന്നാല്‍ പഴയപോലെ ഫെഡറര്‍ക്ക് കളത്തില്‍ തിളങ്ങാനായില്ല. എങ്കിലും വിരമിക്കാന്‍ ഫെഡറര്‍ക്ക് ആഗ്രഹമില്ലായിരുന്നു. എന്നാല്‍ പരിക്കും പ്രായവും വില്ലനായതോടെ ഇനിയൊരു തിരിച്ചുവരവ് നടത്താന്‍ ആവില്ലെന്ന ചിന്തയാണ് ഫെഡററെ വിരമിക്കാന്‍ പ്രേരിപ്പിച്ചത്. 24 വര്‍ഷം 24 മണിക്കൂറുകള്‍ ആയി തോന്നുന്നുവെന്ന് ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം പറഞ്ഞു.


ലോക ടെന്നിസില്‍ ഏറ്റവും ആവേശം കൊള്ളിച്ച പോരാട്ടം ഫെഡററും സ്‌പെയിനിന്റെ റാഫേല്‍ നദാലും തമ്മിലായിരുന്നു. നിരവധി ടൂര്‍ണ്ണമെന്റുകളില്‍ ഇരുവരും ഏറ്റുമുട്ടിയിരുന്നു. നദാല്‍ ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തി കരുത്ത് തെളിയിച്ച് വീണ്ടും സജീവമായിരിക്കുകയാണ്.



1500 ലധികം മല്‍സരങ്ങളാണ് ഫെഡറര്‍ 24 വര്‍ഷത്തില്‍ കളിച്ചത്.ഇതില്‍ ഒന്നില്‍ പോലും റിട്ടയേര്‍ഡായി താരം ക്വാര്‍ട്ട് വിട്ടിട്ടില്ല. ഇത് ഫെഡറര്‍ക്ക് മാത്രമുള്ള അപൂര്‍വ്വ റെക്കോഡാണ്. ടെന്നിസ് ലോകത്തെ മഹാന്‍മാരുടെ പട്ടികയില്‍ തന്നെ ഫെഡററുടെ സ്ഥാനവും. 103 എടിപി കിരീടങ്ങള്‍ സ്വിസ് താരം അക്കൗണ്ടിലാക്കിയിട്ടുണ്ട്. ലോക റാങ്കിങില്‍ 317 ആഴ്ച തുടര്‍ച്ചയായി നിലനിന്നിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷം 2018ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടി വീണ്ടും ഒന്നാം റാങ്കിലെത്തിയിരുന്നു. അന്ന് ഫെഡറര്‍ക്ക് പ്രായം 36 വയസ്സായിരുന്നു.


Next Story

RELATED STORIES

Share it