Feature

ലോകകപ്പ് ആവേശം വിതറാന്‍ ദുബയില്‍ നാളെ ഇന്ത്യ-പാക് പോരാട്ടം

ജയം ഞങ്ങള്‍ക്കൊപ്പമാണെന്ന് പാക് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

ലോകകപ്പ് ആവേശം വിതറാന്‍ ദുബയില്‍ നാളെ ഇന്ത്യ-പാക് പോരാട്ടം
X


ദുബയ്: ലോകക്രിക്കറ്റിലെ ഏറ്റവും ആവേശം വിതറുന്ന ഇന്ത്യാ-പാക് പോരാട്ടത്തിന് നാളെ ദുബയ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയം വേദിയാവും. രാത്രി 7.30ന് നടക്കുന്ന മല്‍സരത്തില്‍ തീപ്പാറുമെന്നുറപ്പ്. ട്വന്റി-20 ലോകകപ്പില്‍ ആരാധകര്‍ കാത്തിരിക്കുന്ന മല്‍സരമാണ്.ലോകകപ്പിന്റെ ഫിക്‌സ്ച്ചര്‍ വന്നത് മുതല്‍ നടക്കുന്ന വാക്‌പോരുകള്‍ക്കാണ് നാളെ വിധി വരുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുടീമും നേര്‍ക്ക് നേര്‍ വരുന്നത്. വിരാട് കോഹ്‌ലി നയിക്കുന്ന ഇന്ത്യ ടൂര്‍ണ്ണമെന്റിലെ കപ്പ് ഫേവററ്റുകളാണ്. ഭേദപ്പെട്ട ഫോമിലുള്ള പാകിസ്ഥാനെ നിസ്സാരരായി കാണാന്‍ ഇന്ത്യയ്ക്ക് ആവില്ല. ഇരുവരും ഇറങ്ങുമ്പോള്‍ ഫലം പ്രവചനാധീതമാണ്. ക്രിക്കറ്റ് ഇതിഹാസങ്ങള്‍ ഇന്ത്യയ്ക്ക് മേല്‍ക്കോയ്മ നല്‍കുമ്പോള്‍ ജയം ഞങ്ങള്‍ക്കൊപ്പമാണെന്ന് പാക് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.


ബാബര്‍ അസം എന്ന ക്യാപ്റ്റന്‍ തന്നെയാണ് പാകിസ്ഥാന്റെ തുരുപ്പ് ചീട്ട്. ഇന്ത്യയ്ക്കാവട്ടെ ഹാര്‍ദ്ദിക് പാണ്ഡെ ഒഴികെയുള്ള താരങ്ങള്‍ എല്ലാം മാച്ച് വിന്നര്‍മാരുടെ ലിസ്റ്റിലുണ്ട്. എന്നാല്‍ പാകിസ്ഥാനെതിരേ മികച്ച റെക്കോഡുള്ള ഹാര്‍ദ്ദിക്കിനെ നാളെത്തെ ടീമില്‍ ഉള്‍പ്പെടുത്താതെ ഇന്ത്യയ്ക്ക് നിവര്‍ത്തിയില്ല. പാക് സ്‌ക്വാഡിനെ അല്‍പ്പം മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.


ലോകകപ്പിന്റെ ആദ്യ എഡിഷനില്‍(2007) ഗ്രൂപ്പ് ഘട്ടത്തിലും ഫൈനലിലും ഇന്ത്യ പാകിസ്ഥാനെ വീഴ്ത്തിയിരുന്നു. തുടര്‍ന്ന് 2012ല്‍ ശ്രീലങ്കയില്‍ നടന്ന മല്‍സരത്തിലും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. പിന്നീട് നടന്ന ലോകകപ്പിന്റെ അടുത്ത എഡിഷനിലും പാകിസ്ഥാന് തോല്‍ക്കാനായിരുന്നു വിധി. തുടര്‍ന്ന് 2016ല്‍ ഈഡന്‍ഗാര്‍ഡനില്‍ ഇന്ത്യ വീണ്ടും ആറ് വിക്കറ്റിന്റെ ജയം നേടി. 2019 ലോകകപ്പിലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. അന്നും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു.


കെ എല്‍ രാഹുല്‍, രോഹിത്ത് ശര്‍മ്മ, വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, സൂര്യുകുമാര്‍ യാദവ്, ശ്രാദ്ദുല്‍ ഠാക്കൂര്‍, രവീന്ദ്ര ജഡേജ, രാഹുല്‍ ചാഹര്‍, അശ്വിന്‍, ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഇഷാന്‍ കിഷന്‍,ഹാര്‍ദ്ദിക് പാണ്ഡെ എന്നിവര്‍ അടങ്ങിയ ഇന്ത്യന്‍ നിരയില്‍ ആര്‍ക്ക് നറുക്ക് വീഴുമെന്ന് കണ്ടറിയാം.


പാക് ടീം: ടീം: ബാബര്‍ അസം(ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍, ഫഖര്‍ സമന്‍, മുഹമ്മദ് ഹഫീസ്, ഷുഹൈബ് മാലിക്ക്, ആസിഫ് ആലി, ഇമാദ് വസീം, ഷദാബ് ഖാന്‍(വൈസ് ക്യാപ്റ്റന്‍), ഹസന്‍ അലി, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഷഹീന്‍ ഷാ അഫ്രീഡി.




Next Story

RELATED STORIES

Share it