Football

ചാംപ്യന്‍സ് ലീഗ്; മാഡ്രിഡ് ക്ലബ്ബുകള്‍ക്കും ബയേണിനും നാണക്കേട്; അട്ടിമറി ജയവുമായി ലില്ലെയും ബെന്‍ഫിക്കയും ആസ്റ്റണ്‍ വില്ലയും

റയലിന്റെ 36 വിജയങ്ങളുടെ കുതിപ്പിനുമാണ് ലില്ലെ ബ്ലോക്കിട്ടത്

ചാംപ്യന്‍സ് ലീഗ്; മാഡ്രിഡ് ക്ലബ്ബുകള്‍ക്കും ബയേണിനും നാണക്കേട്; അട്ടിമറി ജയവുമായി ലില്ലെയും ബെന്‍ഫിക്കയും ആസ്റ്റണ്‍ വില്ലയും
X

ലിസ്ബണ്‍: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് അട്ടിമറികളുടെ ദിനം; യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളിലെ മൂന്ന് പ്രമുഖ ക്ലബ്ബുകളാണ് ഇന്ന് അട്ടിമറി തോല്‍വി നേരിട്ടത്. ചാംപ്യന്‍സ് ലീഗിലെ അതികായന്‍മാരായ റയല്‍ മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ്, ജര്‍മ്മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യുണിക്ക് എന്നിവരാണ് ഇന്ന് ഞെട്ടിക്കുന്ന തോല്‍വി നേരിട്ടത്. ഫ്രഞ്ച് ലീഗ് വണ്‍ പ്രമുഖരായ ലില്ലെയോട് എതിരില്ലാത്ത ഒരു ഗോളിനാണ് റയലിന്റെ തോല്‍വി.

അത്ലറ്റിക്കോ മാഡ്രിഡിനെ പോര്‍ച്ചുഗല്‍ വമ്പന്‍മാരായ ബെന്‍ഫിക്കയും മുട്ടുകുത്തിച്ചു. എതിരില്ലാത്ത നാല് ഗോളിനാണ് സ്പാനിഷ് പ്രമുഖര്‍ തോല്‍വി രുചിച്ചത്. ബെന്‍ഫിക്കയ്ക്കായി അര്‍ജന്റീനന്‍ സൂപ്പര്‍ താരം ഏയ്ഞ്ചല്‍ ഡി മരിയ, തുര്‍ക്കി വിങര്‍ മുഹമ്മദ് കെറെം അക്ടര്‍കോഗ്ലു, ഓര്‍ക്കുന്‍ കോക്കൂ, അല്കസാണ്ടര്‍ ഭാഹ എന്നിവര്‍ സ്‌കോര്‍ ചെയ്തു. മറ്റൊരു മല്‍സരത്തില്‍ ബയേണ്‍ മ്യുണിക്കിനെ ആസ്റ്റണ്‍ വില്ല എതിരില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ചു. 79ാം മിനിറ്റില്‍ ഡുറാന്‍ ആണ് ഇംഗ്ലിഷ് ക്ലബ്ബിന് വേണ്ടി വിജയഗോള്‍ നേടിയത്.

ജൊനാഥന്‍ ഡേവിഡ് 47ാം മിനിറ്റിലാണ് റയലിനെതിരേ ലില്ലെയുടെ വിജയഗോള്‍ നേടിയത്. 2023 മെയ്യ് മാസത്തിലാണ് അവസാനമായി റയല്‍ ചാംപ്യന്‍സ് ലീഗില്‍ തോല്‍വി രുചിച്ചത്. ചാംപ്യന്‍സ് ലീഗിലെ റയലിന്റെ അപരാജിത 14 മല്‍സരങ്ങളുടെ കുതിപ്പാണ് ലില്ലെ അവസാനിപ്പിച്ചത്. മറ്റ് മല്‍സരങ്ങളിലെ റയലിന്റെ 36 വിജയങ്ങളുടെ കുതിപ്പിനുമാണ് ലില്ലെ ബ്ലോക്കിട്ടത്.മികച്ച കളി പുറത്തെടുത്തെങ്കിലും ഫിനിഷിങിലെ പോരായ്മ റയലിന് തിരിച്ചടിയാവുകയായിരുന്നു.സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, റൊഡ്രിഗോ എന്നിവര്‍ക്കൊന്നും വേണ്ടത്ര മികവ് പ്രകടിപ്പിക്കാനായില്ല.

മറ്റൊരു മല്‍സരത്തില്‍ യുവന്റസ് ആര്‍ ബി ലെപ്സിഗിനെ 3-2ന് പരാജയപ്പെടുത്തി. മൊണാക്കോ-ഡൈനാമോ സെഗരിബ് മല്‍സരം 2-2 സമനിലയില്‍ കലാശിച്ചു.ശക്തര്‍ ഡൊണറ്റ്സ്‌കിനെ എതിരില്ലാത്ത മൂന്ന് ഗോളിന് അറ്റ്ലാന്റ പരാജയപ്പെടുത്തി. ജിറോണയെ ഫെയനൂര്‍ദ് 3-2നും വീഴ്ത്തി.

മറ്റൊരു മല്‍സരത്തില്‍ ഇംഗ്ലിഷ് ലീഗ് കരുത്തന്‍മാരായ ലിവര്‍പൂള്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഇറ്റാലിയന്‍ ക്ലബ്ബ് ബോള്‍ഗാനയെ പരാജയപ്പെടുത്തി. മാക്ക് അലിസ്റ്റര്‍, മുഹമ്മദ് സലാഹ് എന്നിവരാണ് ചെമ്പടയ്ക്കായി ആന്‍ഫീല്‍ഡില്‍ സ്‌കോര്‍ ചെയ്തത്.
















Next Story

RELATED STORIES

Share it