Football

യൂറോ കപ്പ്; ഡച്ച് പട ക്വാര്‍ട്ടറില്‍; റുമാനിയ തകര്‍ന്നു

യൂറോ കപ്പ്; ഡച്ച് പട ക്വാര്‍ട്ടറില്‍; റുമാനിയ തകര്‍ന്നു
X

മ്യൂണിക്: ഡച്ച് ഫുട്‌ബോള്‍ പടയുടെ ആക്രമണങ്ങള്‍ക്കൊടുവില്‍ റുമാനിയ യൂറോയില്‍ നിന്ന് പുറത്ത്. തകര്‍പ്പന്‍ ജയവുമായി നെതര്‍ലന്റ്‌സ് യൂറോ ക്വാര്‍ട്ടറിലേക്ക് . തോല്‍വിഭാരം മൂന്നു ഗോളിലൊതുങ്ങിയതില്‍ ആശ്വസിച്ച് റുമാനിയയ്ക്ക് യൂറോ കപ്പില്‍ നിന്നു മടങ്ങാം. പകരക്കാരനായി ഇറങ്ങിയ ഡോനിയല്‍ മാലനാണ് 2 ഗോള്‍ നേടിയത്. 83ാം മിനിറ്റിലും ഇന്‍ജറി ടൈമിലുമായിരുന്നു ബൊറൂസിയ ഡോര്‍ട്മുണ്ട് ക്ലബ്ബിന്റെ താരമായ മാലന്റെ ഗോളുകള്‍.

ലിവര്‍പൂള്‍ താരം കോഡി ഗാക്‌പോയാണ് ഹോളണ്ടിന്റെ ആദ്യഗോള്‍ നേടിയത്. 20ാം മിനിറ്റില്‍ ഒരു ലോ ആംഗിള്‍ ഷോട്ടിലൂടെയാണ് ഗാക്‌പോ ലക്ഷ്യം കണ്ടത്. എന്നാല്‍ മത്സരത്തില്‍ 23 ഷോട്ടുകളും 13 കോര്‍ണറുകളുമായി സര്‍വാധിപത്യം പുലര്‍ത്തിയിട്ടും ലീഡ് വര്‍ധിപ്പിക്കാന്‍ നെതര്‍ലന്‍ഡ്‌സിന് അവസാനം വരെ കാത്തിരിക്കേണ്ടി വന്നു.

ഫിനിഷിങ്ങിലെ പോരായ്മകള്‍ക്കൊപ്പം ദൗര്‍ഭാഗ്യവും അവര്‍ക്കു തിരിച്ചടിയായി. ഗാക്‌പോ ഒരു തവണ കൂടി വലയില്‍ പന്തെത്തിച്ചെങ്കിലും ഓഫ്‌സൈഡായി. വിര്‍ജില്‍ വാന്‍ ദെയ്കിന്റെ ഒരു ഹെഡര്‍ പോസ്റ്റിലിടിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയ മാലന്‍ ഇരട്ടഗോളുമായി ഡച്ച് ആരാധകര്‍ക്ക് വലിയ ആഘോഷത്തിനു വക നല്‍കി.



കളിയുടെ തുടക്കത്തില്‍ ഡച്ച് താരം ഡെന്‍സല്‍ ഡംഫ്രൈസുമായി കൂട്ടിയിടിച്ചു തലയ്ക്കു മുറിവേറ്റ റുമാനിയന്‍ താരം യാനിസ് ഹാജി തലയില്‍ നെറ്റ് ധരിച്ചാണ് പിന്നീടു കളിച്ചത്. ഇതിഹാസ താരം ഗ്യോര്‍ഗ ഹാജിയുടെ മകനാണ് ഇരുപത്തിയഞ്ചുകാരന്‍ യാനിസ്.





Next Story

RELATED STORIES

Share it