Football

യൂറോ കപ്പില്‍ നിന്ന് ജര്‍മനി പുറത്ത്; അപരാജിതരായി സ്‌പെയിന്‍ സെമിയിലേക്ക്

യൂറോ കപ്പില്‍ നിന്ന് ജര്‍മനി പുറത്ത്; അപരാജിതരായി സ്‌പെയിന്‍  സെമിയിലേക്ക്
X

ബെര്‍ലിന്‍: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുക്കം അധികസമയത്ത് നേടിയ ഗോളില്‍ ജര്‍മനിയെ വീഴ്ത്തി സ്പെയിന്‍ യൂറോകപ്പിന്റെ സെമിയില്‍ കടന്നു. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് സ്പെയിനിന്റെ ജയം. അധികസമയത്ത് പകരക്കാരനായെത്തിയ മൈക്കല്‍ മെറിനോയാണ് വിജയഗോള്‍ നേടിയത്. നേരത്തേ മുഴുവന്‍ സമയം അവസാനിക്കുമ്പോള്‍ മത്സരം സമനിലയിലായിരുന്നു. ഇരു ടീമുകളും ഓരോ ഗോള്‍വീതമാണ് നേടിയത്. സ്പെയിനിനായി പകരക്കാരനായെത്തിയ ഡാനി ഒല്‍മോ 51-ാം മിനിറ്റില്‍ വലകുലുക്കിയപ്പോള്‍ 89-ാം മിനിറ്റില്‍ ഫ്ളോറിയന്‍ വിര്‍ട്സിവലൂടെ ജര്‍മനി തിരിച്ചടിച്ചു. മത്സരത്തിലുടനീളം ഇരുടീമുകളും മികച്ച ആക്രമണഫുട്ബോളാണ് പുറത്തെടുത്തത്. അധികസമയത്ത് ഗോള്‍ വഴങ്ങി ജര്‍മനി യൂറോകപ്പില്‍ നിന്ന് പുറത്തായി.

മത്സരം ആരംഭിച്ചയുടന്‍ തന്നെ സ്പെയിന്‍ പതിവുപോലെ ആക്രമണഫുട്ബോളിന്റെ കെട്ടഴിച്ചുവിട്ടു. ഒന്നാം മിനിറ്റില്‍ തന്നെ പെഡ്രി ഉതിര്‍ത്ത ഷോട്ട് ജര്‍മന്‍ ഗോളി മാനുവല്‍ ന്യൂയര്‍ കൈയ്യിലൊതുക്കി. പിന്നാലെ എട്ടാം മിനിറ്റില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് പെഡ്രി കളം വിട്ടു. ഡാനി ഒല്‍മോ പകരക്കാരനായെത്തി. സ്പെയിനിനായി നിക്കോ വില്ല്യംസും യമാലും വിങ്ങുകളിലൂടെ മുന്നേറാന്‍ തുടങ്ങിയതോടെ ജര്‍മനി പ്രതിരോധത്തിലായി. പലപ്പോഴും കളി പരുക്കനായി മാറി. പന്ത് കൈവശം വെച്ച് കളിച്ചാണ് ജര്‍മനി സ്പെയിനിനെ നേരിട്ടത്.

34-ാം മിനിറ്റില്‍ സ്പെയിന്‍ പ്രതിരോധം ഭേദിച്ച് ജര്‍മനി മുന്നേറ്റം നടത്തി. പ്രതിരോധതാരങ്ങള്‍ക്കിടയിലൂടെ ബോക്സിലേക്ക് നീട്ടിയ പന്ത് കിമ്മിച്ച് ഓടിയെടുത്തു. എന്നാല്‍ താരത്തിന്റെ ക്രോസ് സമയോചിതമായ ഇടപെടലിലൂടെ സ്പെയിന്‍ ഗോളി ഉനായി സിമോണ്‍ കൈയ്യിലൊതുക്കി. വീണ്ടും ജര്‍മനി മുന്നേറ്റം നടത്തി. മധ്യഭാഗത്ത് നിന്ന് നീട്ടി ഉയര്‍ത്തിയ പന്ത് ബോക്സിനടുത്തുനിന്ന് കായ് ഹവേര്‍ട്സിന് കിട്ടി. താരത്തിന്റെ ഉഗ്രന്‍ ഷോട്ട് ഇക്കുറിയും സിമോണ്‍ തടുത്തു. ആദ്യ പകുതിയുടെ അവസാനമിനിറ്റുകളില്‍ സ്പെയിന്‍ താരങ്ങള്‍ ജര്‍മന്‍ പെനാല്‍റ്റി ബോക്സിന് ചുറ്റും നിലയുറപ്പിച്ച് കളിച്ചു. പലതവണ ബോക്സിനുള്ളിലും കയറി. എന്നാല്‍ ജര്‍മന്‍ പ്രതിരോധം ഉറച്ചുനിന്നതോടെ ഗോള്‍നേടാനായില്ല. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സ്പെയിനിന് മികച്ച അവസരം ലഭിച്ചു. സ്പെയിനിന്റെ പെനാല്‍റ്റി ബോക്സിനുള്ളില്‍ നിന്ന് സ്ട്രൈക്കര്‍ അല്‍വാര മൊറാട്ട ഉഗ്രന്‍ ഷോട്ടുതിര്‍ത്തു. എന്നാല്‍ ഷോട്ട് ഗോള്‍ബാറിന് മുകളിലൂടെ പോയി. മിനിറ്റുകള്‍ക്ക് ശേഷം ജര്‍മനിയെ ഞെട്ടിച്ച് സ്പെയിന്‍ ലീഡെടുത്തു. 51-ാം മിനിറ്റില്‍ പകരക്കാരനായെത്തിയ ഡാനി ഒല്‍മോയാണ് ലക്ഷ്യം കണ്ടത്. വലതുവിങ്ങിലൂടെ മുന്നേറിയ ലാമിന്‍ യമാല്‍ ബോക്സിന്റെ മദ്യത്തിലേക്ക് പന്തുനീട്ടി. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഒല്‍മോ ഓടിയെത്തിയ ഉടനെ തന്നെ ഷോട്ടുതിര്‍ത്തു. ഷോട്ട് തടയാന്‍ ന്യൂയര്‍ ഡൈവ് ചെയ്തെങ്കിലും സാധിച്ചില്ല. പന്ത് വലയിലേക്ക് പതിച്ചു.

ഗോള്‍ വഴങ്ങിയതിന് പിന്നാലെ ജര്‍മനി മുന്നേറ്റം ശക്തമാക്കി. സ്ട്രൈക്കര്‍ നിക്ലാസ് ഫുള്‍ക്ക്റഗ്, ഫ്ലോറിയന്‍ വിര്‍ട്സ് എന്നിവരുള്‍പ്പെടെ നാല് പേരെ ജര്‍മനി കളത്തിലിറക്കി. മുസിയാലയും ഫുള്‍ക്ക്റഗും ക്രൂസുമെല്ലാം സ്പെയിന്‍ ഗോള്‍മുഖത്ത് ഭീഷണിയുയര്‍ത്തി. 69-ാം മിനിറ്റില്‍ പകരക്കാരനായെത്തിയ ആന്‍ഡ്രിച്ചിന്റെ ഗോളെന്നുറച്ച ഷോട്ട് ഉനായി സിമോണ്‍ തട്ടിയകറ്റി. സമനിലഗോളിനായി ജര്‍മനി മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. 77-ാം മിനിറ്റില്‍ ഫുള്‍ക്ക്റഗ് സുവര്‍ണാവസരം നഷ്ടപ്പെടുത്തി. ബോക്സിനുള്ളില്‍ നിന്ന് വിര്‍ട്സിന്റെ ക്രോസില്‍ ഷോട്ടുതിര്‍ത്ത താരത്തിന് ലക്ഷ്യം കാണാനായില്ല. പന്ത് പോസ്റ്റില്‍ തട്ടി മടങ്ങി. 82-ാം മിനിറ്റില്‍ ജര്‍മനിക്ക് വീണ്ടും അവസരം കിട്ടി. ഗോളി മാത്രം മുന്നില്‍ നില്‍ക്കേ കായ് ഹവേര്‍ട്സിന് പിഴച്ചു. മുന്നില്‍ കയറി നിന്ന സ്പെയിന്‍ ഗോളിയുടെ തലക്ക് മുകളിലൂടെ പന്ത് വലയിലേക്കിടാനാണ് ഹവേര്‍ട്സ് ശ്രമിച്ചത്. എന്നാല്‍ പന്ത് പുറത്തുപോയി.

ആക്രമണം തുടര്‍ന്ന ജര്‍മനിയെ അധികനേരം പിടിച്ചുകെട്ടാന്‍ സ്പെയിനിനായില്ല. 89-ാം മിനിറ്റില്‍ ജര്‍മനി തിരിച്ചടിച്ചു. ഫ്ളോറിയന്‍ വിര്‍ട്സാണ് ലക്ഷ്യം കണ്ടത്. ബോക്സിലേക്ക് നീട്ടിയ ക്രോസ് കിമ്മിച്ച് ഹെഡറിലൂടെ വിര്‍ട്സിന് നീട്ടി. താരം ഉഗ്രന്‍ ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിച്ചു. മത്സരം സമനിലയിലായി. പിന്നാലെ കളി അധികസമയത്തേക്ക് നീണ്ടു. അധികസമയത്തും ജര്‍മനി കിടിലന്‍ മുന്നേറ്റങ്ങള്‍ നടത്തി. ഉനായി സിമോണിന്റെ തകര്‍പ്പന്‍ സേവുകളാണ് സ്പെയിനിനെ രക്ഷിച്ചത്. എന്നാല്‍ കിട്ടിയ അവസരങ്ങളില്‍ സ്പെയിനും മുന്നേറ്റം ശക്തമാക്കി. ഒടുക്കം 119-ാം മിനിറ്റില്‍ സ്പെയിന്‍ മുന്നിലെത്തി. പകരക്കാരനായെത്തിയ മൈക്കല്‍ മെറിനോ ഹെഡറിലൂടെ ലക്ഷ്യം കണ്ടു. അതോടെ സ്പെയിന്‍ സെമി ഉറപ്പിച്ചു. ജര്‍മനി പുറത്തും.




Next Story

RELATED STORIES

Share it