Football

ഐഎസ്എല്‍; പക വീട്ടാനാവാതെ കേരളാ ബ്ലാസ്റ്റേഴ്‌സ്; ബെംഗളൂരുവിന്റെ മുന്നില്‍ തകര്‍ന്നു

ഐഎസ്എല്‍; പക വീട്ടാനാവാതെ കേരളാ ബ്ലാസ്റ്റേഴ്‌സ്; ബെംഗളൂരുവിന്റെ മുന്നില്‍ തകര്‍ന്നു
X

കൊച്ചി: ഹോം ഗ്രൗണ്ടില്‍ ബെംഗളൂരു എഫ് സിക്ക് മുന്നില്‍ താളം തെറ്റി കേരളാ ബ്ലാസ്റ്റേഴ്‌സ്. സീസണില്‍ അപരാജിത കുതിപ്പ് തുടരുന്ന ഒന്നാം സ്ഥാനക്കാരെ വീഴ്ത്താന്‍ മഞ്ഞപ്പടയ്ക്കായില്ല. ബെംഗളൂരു എഫ് സിയോട് ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. എട്ടാം മിനിറ്റില്‍ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം ജോര്‍ഹെ പെരേര ഡയസിന്റെ ഗോളില്‍ ബെംഗളൂരുമുന്നിലെത്തി. ബെഗളൂരുവിനെ ആദ്യപകുതിയുടെ അധിക സമയത്ത് ജീസസ് ജിമിനെസിന്റെ പെനല്‍റ്റി ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് ഒപ്പം പിടിച്ചു. എങ്കിലും 74-ാം മിനിറ്റില്‍ ഗോള്‍ കീപ്പര്‍ സോം കുമാറിന്റെ പിഴവില്‍ നിന്ന് രണ്ടാം ഗോള്‍ വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്‌സിന് നിലതെറ്റി.

ബോക്‌സിന് പുറത്തുനിന്ന് ബെംഗളൂരു എടുത്ത ഫ്രീ കിക്കില്‍ നിന്ന് പന്ത് ചാടിക്കൈയിലൊതുക്കാന്‍ ശ്രമിച്ച സോം കുമാറിന്റെ കൈയില്‍ നിന്ന് പന്ത് വഴുതി താഴെ വീണു. കിട്ടിയ അവസരം മുതലെടുത്ത എഡ്ഗാര്‍ മെന്‍ഡെസ് പന്ത് വലയിലാക്കി ബെംഗളൂരുവിനെ മുന്നിലെത്തിച്ചു. സമനില ഗോളിനായി അവസാന മിനിറ്റുകളില്‍ കണ്ണുംപൂട്ടി അക്രമിച്ച് ബ്ലാസ്റ്റേഴ്‌സ് നിരവധി അവസരങ്ങള്‍ തുറന്നെടുത്തു.

പെപ്രക്ക് രണ്ട് മൂന്ന് തുറന്ന അവസരങ്ങള്‍ കിട്ടിയെങ്കിലും ലക്ഷ്യം കാണാനായില്ല. ഒടുവില്‍ കളി തീരാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിയിരിക്കെ ഇഞ്ചുറി ടൈമില്‍ മധ്യനിരയില്‍ നിന്ന് കിട്ടിയ പന്തുമായി ഓടിക്കയറിയ എഡ്ഗാര്‍ മെന്‍ഡെസ് ഗോള്‍ പോസ്റ്റില്‍ നിന്ന് മധ്യനിരവരെയെത്തിയ ഗോള്‍ കീപ്പര്‍ സോം കുമാറിനെയും ഡ്രിബിള്‍ ചെയ്ത ഒഴിഞ്ഞ പോസ്റ്റിലേക്ക് മൂന്നാം ഗോളും നിക്ഷേപിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ കഥ കഴിച്ചു.

ജയത്തോടെ ആറ് കളികളില്‍ അഞ്ച് ജയവും ഒരു സമനിലയും അടക്കം 16 പോയന്റുമായി ബെംഗളൂരു എഫ് സി ഒന്നാം സ്ഥാനത്താണ്. രണ്ട് ജയവും രണ്ട് തോല്‍വിയും രണ്ട് സമനിലയുമുള്ള ബ്ലാസ്റ്റേഴ്‌സ് എട്ട് പോയന്റുമായി ആറാം സ്ഥാനത്താണ്.




Next Story

RELATED STORIES

Share it