Football

ഐഎസ്എല്‍ പ്രീ-സീസണ്‍ മല്‍സരങ്ങള്‍ തുടങ്ങി; കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം

എറണാകുളം പനമ്പിള്ളി നഗര്‍ ഗ്രൗണ്ടില്‍ നടന്ന ആദ്യ പ്രീസീസണ്‍ മല്‍സരത്തില്‍ കേരള യുണൈറ്റഡ് എഫ്‌സിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലസ്‌റ്റേഴ്‌സ് തോറ്റത്

ഐഎസ്എല്‍ പ്രീ-സീസണ്‍ മല്‍സരങ്ങള്‍ തുടങ്ങി; കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം
X

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ പ്രീ-സീസണ്‍ മല്‍സരങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കമായി. ആദ്യ മല്‍സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി.ഇന്ന് വൈകിട്ട് എറണാകുളം പനമ്പിള്ളി നഗര്‍ ഗ്രൗണ്ടില്‍ നടന്ന ആദ്യ പ്രീസീസണ്‍ മല്‍സരത്തില്‍ കേരള യുണൈറ്റഡ് എഫ്‌സിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലസ്‌റ്റേഴ്‌സ് തോറ്റത്.കളിയുടെ 40ാം മിനുറ്റിലാണ് യുണൈറ്റഡ് വിജയഗോള്‍ നേടിയത്. കേരള യുണൈറ്റഡുമായുള്ള അടുത്ത മല്‍സരം ഓഗസ്റ്റ് 27ന് നടക്കും. സെപ്റ്റംബര്‍ 3ന് ജമ്മു ആന്‍ഡ് കാശ്മീര്‍ ബാങ്ക് എഫ്‌സിയുമായാണ് മൂന്നാം മല്‍സരം.

കേരള പ്രീമിയര്‍ ലീഗ് സെമി ഫൈനലിസ്റ്റുകളായ കേരള യുണൈറ്റഡിന് എതിരെ മികച്ച പ്രകടനമാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തെടുത്തത്. ആല്‍ബിനോ ഗോമസായിരുന്നു ഗോള്‍വലക്ക് കീഴില്‍. സഞ്ജീവ് സ്റ്റാലിന്‍, സന്ദീപ് സിങ്, അബ്ദുല്‍ ഹക്കു, ജെസെല്‍ കര്‍നെയ്‌റോ എന്നിവര്‍ പ്രതിരോധത്തില്‍ അണിനിരന്നു. ലാല്‍തത്തംഗ ഖോല്‍റിങ്, ഹര്‍മന്‍ജോത് ഖാബ്ര, സെയ്ത്യസെന്‍ സിങ്, പ്രശാന്ത്.കെ മധ്യനിര പോരാളികളായി. ശുഭഘോഷിനും നൗറെം മഹേഷിനുമായിരുന്നു ആക്രമണങ്ങളുടെ നേതൃത്വം.

ആദ്യപകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് മികച്ച പോരാട്ടം പുറത്തെടുത്തു. തുടക്കം മുതല്‍ യുണൈറ്റഡ് ഗോള്‍മുഖത്ത് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ നങ്കൂരമിട്ടതോടെ യുണൈറ്റഡ് ഗോളി നിരന്തരം പരീക്ഷിക്കപ്പെട്ടു. പത്താം മിനുറ്റില്‍ ബോക്‌സിന് അരികില്‍ വച്ചുകിട്ടിയ അവസരം ബ്ലാസ്‌റ്റേഴ്‌സിന് നഷ്ടമായി. മധ്യനിരയില്‍ നിന്ന് ഉയര്‍ത്തി നല്‍കിയ പന്ത് ഏറ്റുവാങ്ങിയ മുന്നേറ്റതാരം യുണൈറ്റഡ് ഗോളിയുടെ തലയ്ക്ക് മീതെ ചിപ്പ് ചെയ്‌തെങ്കിലും പോസ്റ്റിന് അരികിലൂടെ പുറത്തേക്ക് പോയി. പിന്നീട് ഒന്നിന് പിറകെ ഒന്നായി യുണൈറ്റഡ് ഗോള്‍മുഖത്ത് ബ്ലാസ്‌റ്റേഴ്‌സ് നീക്കങ്ങള്‍ കണ്ടു. ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ യുണൈറ്റഡ് നടത്തിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം സമര്‍ഥമായി തടഞ്ഞിട്ടു. ആല്‍ബിനോ ഗോമസിന്റെ മികച്ച സേവുകളും മത്സരത്തില്‍ നിര്‍ണായകമായി.

ആദ്യ പകുതി അവസാനിക്കാന്‍ അഞ്ച് മിനുറ്റ് ശേഷിക്കെയാണ് യുണൈറ്റഡ് ഗോള്‍ നേടിയത്. പിന്നാലെ ബ്ലാസ്‌റ്റേഴ്‌സ് കളിക്ക് വേഗം കൂട്ടിയെങ്കിലും പന്ത് വലയിലെത്തിക്കാനായില്ല. അവസാന മിനുറ്റുകള്‍ക്കിടെ ബോക്‌സിന് തൊട്ട് മുന്നില്‍ നിന്ന് ലഭിച്ച ഫ്രീക്കിക്കും ലക്ഷ്യം കണ്ടില്ല. മത്സരത്തിലടനീളം പ്രതിരോധ നിരയടക്കം മികച്ചു നിന്നത് പുതുസീസണില്‍ ടീമിന് പ്രതീക്ഷ നല്‍കുന്നുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 202122ന് സീസണിന് മുന്നോടിയായി മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന്റെയും സംഘത്തിന്റെയും കീഴിലാണ് ടീം കൊച്ചിയില്‍ പരിശീലിക്കുന്നത്.

Next Story

RELATED STORIES

Share it