Football

ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ കപ്പ് ക്വാര്‍ട്ടറില്‍

ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ കപ്പ് ക്വാര്‍ട്ടറില്‍
X

ഭുവനേശ്വര്‍: നിലവിലെ ചാംപ്യന്‍മാരായ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ കപ്പ് ക്വാര്‍ട്ടറില്‍. കലിംഗ സ്റ്റേഡിയത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് വിജയം പിടിച്ചത്. ക്വാര്‍ട്ടറില്‍ ഐഎസ്എല്‍ ചാംപ്യന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.

ജീസസ് ജിമനസ്, നോഹ് സദൂയി എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി വല ചലിപ്പിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്പാനിഷ് പരിശീലകന്‍ ഡേവിഡ് കറ്റാലയുടെ തന്ത്രങ്ങളിലാണ് ടീം കളിച്ചത്. മികച്ച ആക്രമണ തന്ത്രങ്ങളാണ് ടീം കളത്തില്‍ നടപ്പാക്കിയത്. കളിയുടെ 40ാം മിനിറ്റിലാണ് ടീം ലീഡെടുത്തത്. നോഹ് സദൂയിയെ ഈസ്റ്റ് ബംഗാള്‍ താരം അന്‍വര്‍ ബോക്സില്‍ വീഴ്ത്തിയതിനാണ് ബ്ലാസ്റ്റേഴ്സിനു അനുകൂലമായി പെനാല്‍റ്റി കിട്ടിയത്.

ജിമനസിന്റെ ആദ്യ കിക്ക് ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ തടുത്തു. എന്നാല്‍ കിക്കെടുക്കും മുന്‍പ് ഗോള്‍ കീപ്പര്‍ ലൈന്‍ വിട്ടതിനാല്‍ വീണ്ടും കിക്ക് അനുവദിച്ചു. ഇത്തവണ ജിമനസ് പിഴവില്ലാതെ പന്ത് വലയിലിട്ടു.രണ്ടാം പകുതിയിലും കളത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനു തന്നെയായിരുന്നു മുന്‍തൂക്കം. 64ാം മിനിറ്റില്‍ വണ്ടര്‍ സ്ട്രൈക്കിലൂടെ നോഹ് സദൂയി ലീഡുയര്‍ത്തി. താരത്തിന്റെ ലോങ് റെയ്ഞ്ച് ഷോട്ട് വലയിലായി.





Next Story

RELATED STORIES

Share it