Football

കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ്: ഗോകുലം കേരള എഫ്സിക്ക് കിരീടം

എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ ഫൈനലില്‍ എതിരാളിയായ കെഎസ്ഇബിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഗോകുലം തോല്‍പിച്ചത്. ഗോകുലത്തിന്റെ രണ്ടാം കിരീട നേട്ടമാണിത്

കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ്: ഗോകുലം കേരള എഫ്സിക്ക് കിരീടം
X

കൊച്ചി: കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഗോകുലം കേരള എഫ്സിക്ക് കിരീടം.എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ ഫൈനലില്‍ എതിരാളിയായ കെഎസ്ഇബിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഗോകുലം തോല്‍പിച്ചത്. ഗോകുലത്തിന്റെ രണ്ടാം കിരീട നേട്ടമാണിത്.മുഴുവന്‍ സമയത്ത് ഇരുടീമുകളും ഒരോ ഗോള്‍വീതം നേടി തുല്യത പാലിച്ചതിനാല്‍ കളി അധികസമയത്തേക്ക് നീണ്ടു. 54ാം മിനിറ്റില്‍ എം വിഗ്നേഷ് കെഎസ്ഇബിക്കായി ലീഡെടുത്തപ്പോള്‍ 80ാം മിനുറ്റില്‍ പകരനിര താരം നിംഷാദ് റോഷനിലൂടെ ഗോകുലം ഗോള്‍ മടക്കി.


എക്സ്ട്രാ ടൈമിന്റെ ആദ്യമിനിറ്റില്‍ തന്നെ ഗണേഷന്‍ ഗോകുലത്തിന്റെ വിജയഗോള്‍ നേടി. സീസണില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ഗോകുലം കേരളയുടെ രണ്ടാം കിരീട നേട്ടം. 2018ല്‍ ആദ്യമായി ലീഗ് ചാംപ്യന്‍മാരായ ടീം കഴിഞ്ഞ സീസണ്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിനോട് തോറ്റിരുന്നു. ചാംപ്യന്‍ നേട്ടത്തോടെ രണ്ടു തവണ കെപിഎല്‍ കിരീടം നേടുന്ന ടീമെന്ന എസ്ബിഐയുടെ നേട്ടത്തിനൊപ്പമെത്താനും ഗോകുലത്തിന് കഴിഞ്ഞു. ഗോകുലത്തിന്റെ സാലിയോ ഗ്വിണ്ടോയാണ് ലീഗിലെ ടോപ് സ്‌കോറര്‍.എട്ടു ഗോള്‍. ലീഗിലെ കന്നിക്കാരായ കേരള യുണൈറ്റഡ് എഫ്‌സി ടൂര്‍ണമന്റില്‍ ഫെയര്‍പ്ലേ അവാര്‍ഡ് നേടി.

സെമിഫൈനല്‍ മല്‍സരത്തിലെ അതേ ടീമിനെ ഗോകുലം കേരള നിലനിര്‍ത്തിയപ്പോള്‍ എം വിഗ്നേഷിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് കെഎസ്ഇബി കലാശകളിക്കിറങ്ങിയത്. കളിയുടെ തുടക്കത്തില്‍ സാലിയോ ഗ്വിണ്ടോയുടെ ഗോള്‍നീക്കം പോസ്റ്റിനോട് ചേര്‍ന്ന് പുറത്തായി. ബോക്സിന് അരികെ എല്‍ദോസ് ജോര്‍ജിനെ വീഴ്ത്തിയതിന് കെഎസ്ഇബിക്ക് ഫ്രീകിക്ക് ലഭിച്ചു. നിജോ ഗില്‍ബെര്‍ട്ട് മികച്ച നീക്കം നടത്തിയെങ്കിലും ബാറിന് തൊട്ടരികിലായി പറന്നു. പിന്നാലെ ഗോകുലത്തിന് വീണ്ടും ലീഡിനുള്ള അവസരമൊരുങ്ങി. ഇടത് ഭാഗത്ത് നിന്ന് ലഭിച്ച ക്രോസില്‍ സാലിയോ ഗ്വിണ്ടോ ഓപ്പണ്‍ ഹെഡറിന് ശ്രമിച്ചു, പക്ഷേ താരം വീണ്ടും നിരാശപ്പെടുത്തി. ഗോകുലം ബോക്സില്‍ കെഎസ്ഇബി രണ്ട് മിന്നലാക്രമണങ്ങള്‍ നടത്തി.ഇരു ടീമുകളും മികച്ച കളി പുറത്തെടുത്തുവെങ്കിലും കളിയുടെ ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.


രണ്ടാം പകുതിയില്‍ തുടക്കം മുതല്‍ കെഎസ്ഇബി ആക്രമണം പുറത്തെടുത്തു. എം വിഗ്നേഷ് ഒറ്റയ്ക്ക് മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.. 54ാം മിനുറ്റില്‍ ത്രോബോളിലൂടെയുള്ള നീക്കത്തിനൊടുവില്‍ വിഗ്നേഷ് തന്നെ കെഎസ്ഇബിയുടെ അക്കൗണ്ട് തുറന്നു. ഗോകുലത്തിന്റെ പകുതിയില്‍ വലത് വിങില്‍ നിന്ന് ജിനേഷ് ഡൊമിനിക് ഉയര്‍ത്തി നല്‍കിയ പന്ത് പിടിക്കാന്‍ വിഗ്നേഷിനൊപ്പം രണ്ടു പ്രതിരോധ താരങ്ങളും ഓടി. വിഗ്നേഷിന്റെ വേഗത മറികടക്കാന്‍ ഗോകുലം താരങ്ങള്‍ക്കായില്ല. പന്തുമായി ബോക്സിലേക്ക് കുതിച്ച താരം പ്രതിരോധ താരം തടയിടും മുമ്പേ മനോഹരമായ ഇടങ്കാല്‍ ഷോട്ട് കൊണ്ട് പന്ത് വലയുടെ ഇടത് മൂലയിലെത്തിച്ചു, (1-0).വീണ്ടും വിഗ്നേഷ് കൂടുതല്‍ അപകടകാരിയായി മുന്നേറ്റം തുടങ്ങിയതോടെ ഗോകുലത്തിന്റെ പ്രതിരോധ നിര വിയര്‍ത്തു.ഒരു ഗോളിനു പിന്നിലായതോടെ ഗോകുലവും പ്രത്യാക്രമണം കടുപ്പിച്ചു.


78ാം മിനുറ്റില്‍ ഗോകുലം, കെഎസ്ഇബിയക്കു ഒപ്പമെത്തി. ഇടത് വിങിലൂടെയുള്ള നീക്കത്തിനൊടുവില്‍ കെ ദീപക് നല്‍കിയ പന്തില്‍ പകരക്കാരനായി എത്തിയ നിംഷാദ് റോഷന്റെ ലോങ്റേഞ്ചര്‍. പ്രതിരോധമൊഴിഞ്ഞ വലയ്ക്ക് മുന്നിലായി കുത്തിവീണ പന്ത്, പിടിച്ചെടുക്കാനായി ശ്രമിച്ച ഷൈന്‍ഖാനെ മറികടന്ന് വലയില്‍ പതിച്ചു, (1-1). തൊട്ടടുത്ത മിനുറ്റില്‍ ഇമ്മാനുവല്‍ ബ്രിട്ടോ ബോക്സിലേക്ക് അളന്ന് മുറിച്ചൊരു ക്രോസ് നല്‍കിയെങ്കിലും സമയോചിതമായി കണക്ട് ചെയ്യാന്‍ മുന്‍നിര താരത്തിന് കഴിഞ്ഞില്ല. ഇന്‍ജുറി ടൈമിലും ടീമുകള്‍ സമനില തുടര്‍ന്നതോടെ കളി അധിക സമയത്തേക്ക് നീണ്ടു. എക്സ്ട്രാ ടൈമിന്റെ 30ാം സെക്കന്‍ഡില്‍ തന്നെ ഗോകുലം കളി തിരിച്ചുപിടിച്ചു. ക്യാപ്റ്റന്‍ റിഷാദിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് നിംഷാദ് റോഷന്‍ കൃത്യം വല ലക്ഷ്യമാക്കിയെങ്കിലും ഷൈന്‍ഖാന്‍ തടഞ്ഞിട്ടു. വലക്ക് മുന്നില്‍ സ്വതന്ത്രനായി നിന്ന ഗണേഷന് പന്തെടുക്കാന്‍ തടസമുണ്ടായില്ല. ക്ലോസ് റേഞ്ചില്‍ നിന്ന് അനായാസം ഗണേഷന്‍ ലക്ഷ്യം കണ്ടതോടെ (1-2) ലീഗിലുടനീളം പരാജയമറിയാതെ കുതിച്ച ഗോകുലം കിരീടത്തില്‍ മുത്തമിട്ടു.

Next Story

RELATED STORIES

Share it