Latest News

സ്‌പെയിന്‍ വീണു; മൊറോക്കോ ലോകകപ്പ് ക്വാര്‍ട്ടറില്‍

ചരിത്രത്തില്‍ ആദ്യമായാണ് മൊറോക്കോ ലോകകപ്പ് ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്.

സ്‌പെയിന്‍ വീണു; മൊറോക്കോ ലോകകപ്പ് ക്വാര്‍ട്ടറില്‍
X

ദോഹ: 2010ലെ ലോക ചാംപ്യന്‍മാരായ സ്‌പെയിന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. ആഫ്രിക്കന്‍ ശക്തികളായ മൊറോക്കോ ഷൂട്ടൗട്ടില്‍ സ്‌പെയിനിനെ വീഴ്ത്തുകയായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് മൊറോക്കോ ലോകകപ്പ് ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. യൂറോപ്പിലെ പ്രശ്‌സതരായ താരങ്ങളാല്‍ സമ്പന്നരായ സ്‌പെയിനിന് മോറോക്കോയുടെ വലയിലേക്ക് ഒരു ഗോള്‍ പോലും മടക്കാന്‍ ആവാതെയാണ് തോല്‍വി. 3-0ത്തിനാണ് മൊറോക്കോയുടെ ജയം.


അബ്ദുല്‍ ഹമീദ് സബിരി, ചെല്‍സിയുടെ ഹക്കിം സിയെച്ച്, പിഎസ്ജിയുടെ അഷ്‌റഫ് ഹക്കീമി എന്നീ സൂപ്പര്‍ താരങ്ങളാണ് മൊറോക്കോയ്ക്ക് വേണ്ടി വലകുലിക്കിയത്. 2018 ലോകകപ്പിലും സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. മൊറോക്കന്‍ ഗോള്‍ കീപ്പര്‍ യാസ്സിന്‍ ബോനു ആണ് ടീമിന് ജയമൊരുക്കിയത്. സ്പാനിഷ് താരങ്ങളായ കാര്‍ലോസ് സോളര്‍, സെര്‍ജിയോ ബുസ്‌ക്വറ്റസ് എന്നിവരുടെ കിക്കുകള്‍ ബോനു തട്ടിയകറ്റി. പാബ്ലോ സരാബിയയുടെ കിക്ക് പോസ്റ്റില്‍ തട്ടി മടങ്ങുകയായിരുന്നു.


നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമും ഗോളടിക്കാത്തതിനെ തുടര്‍ന്ന് മല്‍സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. പന്തടക്കത്തില്‍ സ്‌പെയിന്‍ മുന്നിട്ട് നിന്നു.മൊറോക്കോ പ്രതിരോധത്തിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. രണ്ടാം പകുതിയില്‍ കൗണ്ടര്‍ അറ്റാക്കിങിന് മൊറോക്കോ പ്രാധാന്യം നല്‍കി. പെഡ്രി, ഗാവി, ഡാനി ഓല്‍മോ, മാര്‍ക്കോ അസെന്‍സിയോ എന്നിവര്‍ക്ക് മൊറോക്കോ പ്രതിരോധത്തിന് മുന്നില്‍ പലപ്പോഴും അടിയറവു പറയേണ്ടി വന്നു.ലഭിച്ച അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ എന്ററിക്വെയുടെ ശിഷ്യന്‍മാര്‍ക്ക് ആവാത്തതും തിരിച്ചടിയായി. അധിക സമയത്തും പന്തിന്റെ ആധിപത്യം സ്‌പെയിന്‍ നിരയുടെ കൈയ്യിലായിരുന്നു. എന്നാല്‍ മൊറോക്കയുടെ കടുത്ത പ്രതിരോധത്തെ തടയാന്‍ അവര്‍ക്കായില്ല. ഒടുവില്‍ സ്‌പെയിന്‍ കണ്ണീരോടെ കളം വിടുകയായിരുന്നു. അറബ്-ആഫ്രിക്കന്‍ പ്രതീക്ഷകളുമായെത്തിയ മൊറോക്കോ അത് പൂര്‍ത്തീകരിച്ചാണ് ക്വാര്‍ട്ടറിലേക്ക് കടന്നത്.











Next Story

RELATED STORIES

Share it