Football

പാരിസ് ഒളിംപിക്‌സ്; ഫിഫയ്ക്ക് പരാതി നല്‍കി അര്‍ജന്റീന

പാരിസ് ഒളിംപിക്‌സ്; ഫിഫയ്ക്ക് പരാതി നല്‍കി അര്‍ജന്റീന
X

പാരിസ്: ഒളിംപിക്‌സ് ഫുട്ബാളില്‍ മൊറോക്കോയ്ക്കെതിരെ നടന്ന മത്സരത്തിലെ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെ ഫിഫയ്ക്ക് പരാതി നല്‍കി അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്‍. 2-2ന് സമനിലയിലെന്ന് കരുതി കളത്തില്‍ നിന്ന് കയറി മണിക്കൂറുകള്‍ക്കുശേഷം വാറില്‍ സമനില ഗോള്‍ റദ്ദാക്കുകയും 2-1ന് പരാജയം നേരിടേണ്ടി വരികയും ചെയ്തതിന് പിന്നാലെയാണ് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ പരാതിയുമായി ഫിഫയെ സമീപിച്ചിരിക്കുന്നത്.

' അത്യപൂര്‍വ്വ സംഭവങ്ങളാണ് ഞങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്നത്. ബുദ്ധിശൂന്യവും മത്സര നിയമങ്ങള്‍ക്ക് വിരുദ്ധവുമായ നടപടിയാണ് റഫറിയില്‍ നിന്നുമുണ്ടായത്. കളി പുനരാരംഭിക്കേണ്ടതില്ലെന്ന ഇരു ടീം ക്യാപ്റ്റന്മാരുടെ അഭിപ്രായങ്ങളും പരിഗണിച്ചില്ല. അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്‍ ഇതിനകം ഫിഫയുടെ അച്ചടക്ക സമിതിക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട്. അതിനാല്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം' അസോസിയേഷന്‍ പ്രസിഡന്റ് എക്സില്‍ അറിയിച്ചു. താന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും വലിയ 'സര്‍ക്കസ്' ആയിരുന്നു ആ മത്സരമെന്ന് അര്‍ജന്റീന കോച്ച് ഹാവിയര്‍ മഷരാനോ പ്രതികരിച്ചിരുന്നു.

മൊറോക്കോ 2-1ന് മുന്നിട്ടുനില്‍ക്കുകയായിരുന്ന മത്സരത്തില്‍ ഇഞ്ചുറി ടൈമിന്റെ 16-ാം മിനിറ്റിലാണ് അര്‍ജന്റീന സമനില ഗോള്‍ നേടിയത്. അതിന് പിന്നാലെ മൊറോക്കോ ആരാധകര്‍ ഗ്രൗണ്ട് കയ്യേറിയതോടെ കളി നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഏകദേശം രണ്ടു മണിക്കൂറിനുശേഷം കാണികളെ പുറത്താക്കി അടച്ചിട്ട സ്റ്റേഡിയത്തിലാണ് കളി നടന്നത്. അര്‍ജന്റീന നേടിയ സമനില ഗോള്‍ വാര്‍ പരിശോധനയിലൂടെ റദ്ദാക്കുകയും ചെയ്തു. പിന്നീട് മൂന്നുമിനിറ്റും ഇരുടീമും ഗോള്‍ നേടാതെ പോയപ്പോള്‍ മൊറോക്കോ വിജയത്തിലെത്തി.


Next Story

RELATED STORIES

Share it