Football

റഫറിക്ക് നേരെ ഐസ് പാക്ക് എറിഞ്ഞ റയല്‍ താരം റുഡിഗര്‍ക്ക് ഒരു വര്‍ഷം വരെ വിലക്ക് വന്നേക്കും

റഫറിക്ക് നേരെ ഐസ് പാക്ക് എറിഞ്ഞ റയല്‍ താരം റുഡിഗര്‍ക്ക് ഒരു വര്‍ഷം വരെ വിലക്ക് വന്നേക്കും
X

മാഡ്രിഡ്: റയല്‍ മാഡ്രിഡ് പ്രതിരോധനിര താരം അന്റോണിയോ റൂഡിഗറിനെതിരെ വലിയ അച്ചടക്ക നടപടികള്‍ക്ക് സാധ്യത. നാല് മുതല്‍ 11 മത്സരങ്ങളില്‍ നിന്ന് വരെ റുഡിഗറിന് വിലക്ക് നേരിട്ടേക്കും എന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോപ്പ ഡെല്‍ റേ ഫൈനലിന്റെ അവസാന മിനിറ്റുകളില്‍ ഉണ്ടായ നാടകീയ സംഭവങ്ങളെ തുടര്‍ന്ന് റുഡിഗര്‍ ഉള്‍പ്പെടെ മൂന്ന് റയല്‍ താരങ്ങള്‍ക്ക് റെഡ് കാര്‍ഡ് ലഭിച്ചിരുന്നു. റഫറിക്ക് നേരെ റുഡിഗര്‍ ഐസ് പാക്ക് വലിച്ചെറിയുകയായിരുന്നു.

നിശ്ചിത സമയത്ത് 2-2ന് സമനിലയിലായിരുന്നു കോപ്പ ഡെല്‍ റേ ഫൈനല്‍. എന്നാല്‍ 116-ാം മിനിറ്റില്‍ യൂള്‍സ് കുണ്‍ഡെ നേടിയ ഗോളിന്റെ ബലത്തില്‍ ബാഴ്‌സ കിരീടം ചൂടി. ബാഴ്‌സയുടെ വിജയ ഗോള്‍ വന്നതിന് ശേഷം മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് മൂന്ന് റയല്‍ താരങ്ങള്‍ക്ക് റെഡ് കാര്‍ഡ് ലഭിച്ചത്.

സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ട് ഡഗ്ഔട്ടിലിരിക്കുകയായിരുന്നു അന്റോണിയോ റൂഡിഗര്‍, ലൂക്കാസ് വാസ്‌ക്വസ് എന്നിവര്‍. ഇവര്‍ക്ക് ചുവപ്പുകാര്‍ഡ് കണ്ടതിന് പുറമെ ഗ്രൗണ്ടിലുണ്ടായിരുന്ന ജൂഡ് ബെല്ലിങ്ങാമിനും റെഡ് കാര്‍ഡ് ലഭിച്ചു. റഫറി റിക്കാര്‍ഡോ ഡി ബര്‍ഗോസ് ബെന്‍ഗോറ്റ്‌സെയക്കെതിരായ പെരുമാറ്റം അതിരുവിട്ടതിനെ തുടര്‍ന്നാണ് മൂന്ന് താരങ്ങള്‍ക്കും നേര്‍ക്ക് റെഡ് കാര്‍ഡ് ഉയര്‍ത്തിയത്.

അധിക സമയം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് പന്തുമായി ബാഴ്സ ബോക്സിലേക്ക് കയറിയ എംബാപ്പെയ്ക്ക് നേരെ ഫൗള്‍ വന്നു. എന്നാല്‍ പന്ത് സ്വീകരിച്ചിരുന്ന വിനീഷ്യസ് ജൂനിയര്‍ ഓഫ്സൈഡായിരുന്നതിനാല്‍ റഫറി ഫൗളോ അതേ തുടര്‍ന്ന് പെനാല്‍റ്റിയോ അനുവദിച്ചില്ല. ഇതോടെയാണ് റൂഡിഗര്‍ റഫറിയുടെ നേര്‍ക്ക് ഐസ് പാക്ക് എറിഞ്ഞത്. ഇതോടെ റഫറി താരത്തിനു നേര്‍ക്ക് റെഡ് കാര്‍ഡ് ഉയര്‍ത്തി. റെഡ് കാര്‍ഡ് ലഭിച്ചതിന് പിന്നാലെ റൂഡിഗര്‍ പന്തെടുത്ത് റഫറിയെ എറിയാനും ശ്രമിച്ചു. മറ്റ് സഹതാരങ്ങളും കോച്ചിങ് സ്റ്റാഫുകളും ചേര്‍ന്നാണ് റൂഡിഗറിനെ പിടിച്ചുനിര്‍ത്തിയത്.

എന്നാല്‍ റൂഡിഗര്‍ സോഷ്യല്‍ മീഡിയയിലൂടെ ക്ഷമ ചോദിച്ച് രംഗത്തെത്തി. ക്ഷമ ചോദിച്ചെങ്കിലും റുഡിഗറിനെതിരെ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ കടുത്ത നടപടികളെടുത്തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. റഫറിമാര്‍ക്കെതിരായ അക്രമം ഉള്‍പ്പെടുന്ന ആര്‍ട്ടിക്കിള്‍ 101 പ്രകാരം നാല് മുതല്‍ 12 മത്സരങ്ങളില്‍ നിന്നുവരെ റുഡിഗറെ വിലക്കിയേക്കും. ആര്‍ട്ടിക്കിള്‍ 104 പ്രകാരം മൂന്ന് മുതല്‍ ആറു മാസം വരെയുള്ള വിലക്കും താരത്തിന് ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതിന് പുറമെ ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുന്നതായിരുന്നു റഫറിമാര്‍ക്കെതിരായ അക്രമണം എന്ന് കണ്ടെത്തിയാല്‍ വിലക്ക് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ വന്നേക്കും.





Next Story

RELATED STORIES

Share it