Football

കണ്ണീരുമായി ഓറഞ്ച് പട; യൂറോയില്‍ ഇംഗ്ലണ്ട്-സ്‌പെയിന്‍ ഫൈനല്‍

കണ്ണീരുമായി ഓറഞ്ച് പട; യൂറോയില്‍ ഇംഗ്ലണ്ട്-സ്‌പെയിന്‍ ഫൈനല്‍
X

ഡോര്‍ട്മുണ്ട്: വീണ്ടും ഓറഞ്ച് പടയെ ഭാഗ്യം കൈവിട്ടു. അഞ്ചാം തവണ യൂറോ സെമിയിലെത്തിയിട്ടും പുറത്താവാനായിരുന്നു ഡച്ചപടയുടെ യോഗം. യൂറോ കപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് 2-1ന് പരാജയപ്പെട്ട്് നെതര്‍ലന്റസ് പുറത്ത്. ഫൈനലില്‍ ഇംഗ്ലണ്ട് സ്‌പെയിനിനെ നേരിടും. 90-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഒലി വാറ്റ്കിന്‍സാണ് ഇംഗ്ലീഷ് പടക്ക് സ്വപ്നതുല്യമായ വിജയം സമ്മാനിച്ചത്. മത്സരം അധിക സമയത്തേക്ക് നീളുമെന്ന് ഉറപ്പിച്ച ഘട്ടത്തിലായിരുന്നു 28കാരനായ വാറ്റ്കിന്‍സിന്റെ വിജയഗോള്‍.

തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ നെതര്‍ലന്‍ഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ഇംഗ്ലണ്ട് ഫൈനലില്‍ എത്തിയത്. ഫൈനലില്‍ സ്‌പെയിനിനെ നേരിടും. നോക്കൗട്ടില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ പിന്നില്‍ നിന്ന ശേഷമായിരുന്നു ഇത്തവണയും ഇംഗ്ലണ്ട് ജയിച്ചുകയറിയത്. ഇംഗ്ലണ്ടിനായി ഹാരി കെയ്ന്‍ (പെനാല്‍റ്റി (18)), പകരക്കാരനായി ഇറങ്ങിയ ഒലി വാറ്റ്കിന്‍സ് (90) എന്നിവരാണ് വല കുലുക്കിയത്. നെതര്‍ലന്‍ഡ്‌സിനായി സാവി സിമോണ്‍സ് ഏഴാം മിനിറ്റില്‍ വലകുലുക്കി. ശക്തമായ മുന്നേറ്റങ്ങളോടെയാണ് മത്സരം തുടങ്ങിയത്.


മൈതാനത്തിന് ചൂടുപിടിക്കും മുമ്പേ ഏഴാം മിനിറ്റില്‍ സാവി സിമോണ്‍സ് നെതര്‍ലന്‍ഡ്‌സിനെ മുന്നിലെത്തിച്ചപ്പോള്‍ 18ാം മിനിറ്റില്‍ ഹാരി കെയ്‌ന്റെ പെനല്‍റ്റി ഗോള്‍ ഇംഗ്ലണ്ടിനായി സമനില പിടിച്ചു. ഇംഗ്ലണ്ടിന്റെ ശക്തമായ പ്രതിരോധം മറികടന്ന് വലത് പാര്‍ശ്വത്തില്‍ ബോക്‌സിനു പുറത്തുനിന്ന് സാവി തൊടുത്ത പൊള്ളുന്ന ഷോട്ടിന് മുന്നില്‍ പിറ്റ്‌ഫോര്‍ഡിന് മറുപടിയില്ലായിരുന്നു. ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്ന ഇംഗ്ലണ്ട് തുടര്‍ച്ചയായി അവസരങ്ങള്‍ സൃഷ്ടിച്ചു.

13ാം മിനിറ്റില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്‌ന്റെ ഷോട്ട് ഡച്ച് ഗോളി ബാര്‍ട്ട് വെര്‍ബ്രഗന്‍ പിടിച്ചെടുത്തു. തൊട്ടുപിന്നാലെ ഡച്ച് ബോക്‌സില്‍നിന്ന് ഹാരി കെയ്‌ന്റെ വോളിയും ലക്ഷ്യം കണ്ടില്ല. ഈ ശ്രമത്തില്‍ ഹാരി കെയ്‌നെ ഫൗള്‍ ചെയ്തു വീഴ്ത്തിയതിന് വിഎആര്‍ പരിശോധനകള്‍ക്കു ശേഷം റഫറി ഇംഗ്ലണ്ടിന് പെനല്‍റ്റി അനുവദിച്ചു. കിക്കെടുത്ത കെയ്ന്‍ ലക്ഷ്യം തെറ്റാതെ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു.

പിന്നീട് മത്സരം പിടിച്ചെടുക്കുന്ന ഇംഗ്ലണ്ടിനെയാണ് കണ്ടത്. ബെല്ലിങ്ഹാമും ഫില്‍ ഫോഡനും സാകയും ഹാരി കെയ്‌നും നിരന്തരം ആക്രമണമഴിച്ചുവിട്ടു. മറുവശത്ത് അപകടകരമായ കൗണ്ടര്‍ അറ്റാക്കിലൂടെ ഡച്ച് പടയും ഭീതി വിതച്ചു. 23ാം മിനിറ്റില്‍ ഇംഗ്ലണ്ട് താരം ഫില്‍ ഫോഡന്റെ ഷോട്ട് ഗോള്‍ ലൈനില്‍ വച്ച് ഡച്ച് താരം ഡെംഫ്രീസ് സേവ് ചെയ്തു. 30ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറില്‍ ഡെംഫ്രീസിന്റെ ഹെഡര്‍ ബാറില്‍ തട്ടി പുറത്തേക്കുപോയി. 32ാം മിനിറ്റില്‍ ഫില്‍ ഫോഡന്റെ ലോങ് റേഞ്ച് പോസ്റ്റില്‍ തട്ടിത്തെറിച്ചു. 36ാം മിനിറ്റില്‍ പരിക്കേറ്റ പ്രധാന താരം മെംഫിസ് ഡിപേയെ നെതര്‍ലന്‍ഡ്‌സ് പിന്‍വലിച്ചത് തിരിച്ചടിയായി.

രണ്ടാം പകുതിയില്‍ ഓറഞ്ച് പട ഉണര്‍ന്നുകളിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു. ഇരുടീമും കൊണ്ടും കൊടുത്തും മുന്നേറിയെങ്കിലും ഗോളടിക്കാനുള്ള അവസരങ്ങള്‍ കുറവായിരുന്നു. 81ാം മിനിറ്റില്‍ ഫില്‍ ഫോഡനെയും ഹാരി കെയ്‌നിനെയും കോച്ച് പിന്‍വലിച്ചു. പകരക്കാരനായി കോലി പാമറും ഒലി വാറ്റ്കിന്‍സുമെത്തി. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ വാറ്റ്കിന്‍സ് ഇംഗ്ലണ്ടിന്റെ രക്ഷക്കെത്തി. ബോക്‌സിനുള്ളില്‍ പാസ് സ്വീകരിച്ച് വണ്‍ ടച്ചിന് ശേഷം ബോക്‌സിന്റെ വലതുമൂലയിലേക്ക് തൊടുത്ത ഷോട്ടിന് മുന്നില്‍ ഡച്ച് ഗോളി നിസ്സഹായനായി.





Next Story

RELATED STORIES

Share it