Football

ചെല്‍സി എഫ്‌സി ഉടമ റോമന്‍ അബ്രമോവിച്ചിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ച് ബ്രിട്ടന്‍

ചെല്‍സി എഫ്‌സി ഉടമ റോമന്‍ അബ്രമോവിച്ചിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ച് ബ്രിട്ടന്‍
X

ലണ്ടന്‍: റഷ്യന്‍ ശതകോടീശ്വരനും ചെല്‍സി ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഉടമയുമായ റോമന്‍ അബ്രമോവിച്ചിന്റെ സ്വത്തുക്കള്‍ ബ്രിട്ടന്‍ മരവിപ്പിച്ചു. അബ്രമോവിച്ച് ഉള്‍പ്പെടെയുള്ള ഏഴു റഷ്യന്‍ കോടീശ്വരന്‍മാരുടെ സ്വത്തുക്കളാണ് ബ്രിട്ടന്‍ മരവിപ്പിച്ചത്. ഇഗോര്‍ സെച്ചിന്‍, ഒലെഗ് ഡെറിപാസ്‌ക, ആന്‍ഡ്രെ കോസ്റ്റിന്‍, അലെക്‌സി മില്ലര്‍, നികോളായി ടോക്കറേവ്, ദിമിത്രി ലെബെഡേവ് എന്നീ കോടീശ്വരന്‍മാരാണ് നടപടി നേരിട്ടത്. യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി പുടിനുമായി അടുത്ത ബന്ധമുള്ള ആളുകള്‍ക്കെതിരേ നടപടി സ്വീകരിക്കുന്ന ആദ്യത്തെ രാജ്യമാണ് ബ്രിട്ടന്‍.

അബ്രമോവിച്ചിന് ബ്രിട്ടനിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിന് പുറമെ ബ്രിട്ടീഷ് പൗരന്‍മാരുമായി ഇടപാടുകളോ വ്യാപാരമോ നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടനിലുള്ള അബ്രമോവിച്ചിന്റെ സ്വത്തുക്കള്‍ എല്ലാം മരവിപ്പിക്കപ്പെടും. ഇതോടെ ചെല്‍സിയെ വില്‍ക്കാനുള്ള അബ്രമോവിച്ചിന്റെ നീക്കത്തിനും തിരിച്ചടി നേരിട്ടിരിക്കുകയാണ്. 2003ല്‍ ഏകദേശം 1,500 കോടി രൂപയ്ക്കാണ് ചെല്‍സിയെ അബ്രമോവിച്ച് സ്വന്തമാക്കിയത്. ചെല്‍സിയുടെ ലൈസന്‍സ് റദ്ദാക്കിയിട്ടില്ലെങ്കിലും ടീം നിരീക്ഷണത്തിലായിരിക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിലക്ക് മുന്നില്‍ കണ്ട് ചെല്‍സിയുടെ നടത്തിപ്പ് അവകാശം അബ്രമോവിച്ച് കഴിഞ്ഞ മാസം ക്ലബിന്റെ ചാരിറ്റബിള്‍ ഫൗണ്ടേഷന് കൈമാറിയിരുന്നു.

ചെല്‍സി വില്‍ക്കാന്‍ തയ്യാറാണെന്നും ക്ലബ്ബ് വിറ്റുകിട്ടുന്ന തുക യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രെയ്‌ന് നല്‍കുമെന്നും അബ്രമോവിച്ച് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ക്ലബ്ബ് വിറ്റതിനുശേഷം ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെത്തി യാത്ര പറയുമെന്നും അബ്രമോവിച്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തു. ചെല്‍സിയെ സ്വന്തമാക്കാന്‍ സ്വിസ് വ്യവസായ ഭീമന്‍മാരായ ഹന്‍സോര്‍ഗ് വൈസ് താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ബ്രിട്ടന്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ക്ലബ്ബ് വിറ്റാലും അബ്രമോവിച്ചിന് ബ്രിട്ടിനിലെത്താനാവില്ല.

വിലക്ക് മുന്നില്‍ കണ്ട് ഇംഗ്ലണ്ടിലെ തന്റെ വില്ലകള്‍ വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു അബ്രമോവിച്ച്. ചെല്‍സിക്ക് ഗെയിമുകള്‍ തുടര്‍ന്നും കളിക്കാന്‍ കഴിയുമെന്നും ടീമിനായി കളിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും പ്രതിഫലം തുടര്‍ന്നും ലഭിക്കുമെന്നും യുകെ സ്‌റ്റേറ്റ് സെക്രട്ടറി നദീന്‍ ഡോറിസ് വ്യാഴാഴ്ച രാവിലെ ട്വിറ്ററില്‍ വ്യക്തമാക്കി. ഫിക്‌സ്ചറുകള്‍ പൂര്‍ത്തീകരിക്കാനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും നിലവിലുള്ള ടിക്കറ്റ് ഉടമകള്‍ക്ക് മല്‍സരങ്ങളില്‍ പങ്കെടുക്കാനും അനുവദിക്കുന്ന പ്രത്യേക ലൈസന്‍സ് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it