Others

യുകെയിലെ ക്വാറന്റൈന്‍ വ്യവസ്ഥകള്‍; കോമണ്‍വെല്‍ത്തില്‍നിന്ന് ഇന്ത്യന്‍ ഹോക്കി ടീമുകള്‍ പിന്‍മാറി

യുകെയിലെ ക്വാറന്റൈന്‍ വ്യവസ്ഥകള്‍; കോമണ്‍വെല്‍ത്തില്‍നിന്ന് ഇന്ത്യന്‍ ഹോക്കി ടീമുകള്‍ പിന്‍മാറി
X

ലണ്ടന്‍: അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍നിന്ന് ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ പിന്‍മാറി. ചൊവ്വാഴ്ച ഹോക്കി ഇന്ത്യയും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനുമാണ് ഇക്കാര്യം അറിയിച്ചത്. യുകെ സര്‍ക്കാരിന്റെ പത്തുദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ അടക്കമുള്ള മാനദണ്ഡങ്ങള്‍ കാരണമാണ് പിന്‍മാറ്റമെന്ന് ഹോക്കി അസോസിയേഷന്‍ ട്വീറ്റ് ചെയ്തു. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരും ക്വാറന്റൈനില്‍ കഴിയേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബത്ര പ്രതികരിച്ചു.

ഈയിടെ നടന്ന ടോക്കിയോ ഒളിംപിക് ഗെയിംസില്‍ ഇന്ത്യന്‍ കായികതാരങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അത്തരം വിവേചനപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ കായികതാരങ്ങള്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ ആവശ്യകത അവരുടെ പ്രകടനത്തെ ബാധിക്കും- അദ്ദേഹം പറഞ്ഞു. കൊവിഡ് ഏറ്റവും കൂടുതല്‍ പടര്‍ന്നുപിടിച്ച രാജ്യങ്ങളിലൊന്നായ യുകെയിലേക്ക് ഇന്ത്യന്‍ താരങ്ങളെ അയക്കാന്‍ കഴിയില്ലെന്ന് ഹോക്കി ഇന്ത്യ വ്യക്തമാക്കി. റിസര്‍വ് ടീമുകളെ കണ്ടെത്താനാണ് ഓര്‍ഗനൈസര്‍മാരെ മുന്‍കൂട്ടി അറിയിക്കുന്നതെന്നും കത്തില്‍ കൂട്ടിച്ചേര്‍ത്തു.

സമാനമായ കാരണങ്ങളാല്‍ ഭുവനേശ്വറില്‍ നടക്കുന്ന ജൂനിയര്‍ പുരുഷ ലോകകപ്പില്‍നിന്ന് ഇംഗ്ലണ്ട് പിന്‍മാറിയതിന് തൊട്ടുപിന്നാലെയാണ് പുതിയ നടപടി. ഇന്ത്യയുടെ കൊവിഡ് 19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കാന്‍ ബ്രിട്ടന്‍ അടുത്തിടെ വിസമ്മതിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്ത്യന്‍ ടീമിന്റെ പിന്‍മാറ്റമെന്നും റിപോര്‍ട്ടുകളുണ്ട്.

ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ക്ക് 2024ലെ പാരിസ് ഒളിംപിക്‌സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. 2022 ജൂലൈ 28 മുതല്‍ ആഗസ്ത് എട്ടുവരെ ബര്‍മിംഗാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക. കോമണ്‍വെല്‍ത്ത് ഗെയിംസിന് ശേഷം 32 ദിവസത്തെ സമയം മാത്രമാണ് ഏഷ്യന്‍ ഗെയിംസിന് ഒരുങ്ങാന്‍ കിട്ടുന്നത്. 2022 സപ്തംബര്‍ 10നാണ് ഏഷ്യന്‍ ഗെയിംസ് ആരംഭിക്കുന്നത്. 2018 ലെ ഗോള്‍ഡ് കോസ്റ്റ് സിഡബ്ല്യുജിയില്‍ ഇന്ത്യന്‍ പുരുഷവനിതാ ടീമുകള്‍ മെഡല്‍ റൗണ്ടിലെത്തിയെങ്കിലും വെങ്കല പ്ലേ ഓഫില്‍ ഇംഗ്ലണ്ടിനോട് തോറ്റു. പുരുഷ ടീമിനെ 1-2 ന് തോല്‍പ്പിച്ചപ്പോള്‍ വനിതാ ടീം ഇംഗ്ലണ്ടിനോട് 0-6 ന് തോറ്റു.

Next Story

RELATED STORIES

Share it