Sub Lead

അഗ്‌നിപഥ് പ്രതിഷേധം കടുക്കുന്നു; യുപിയില്‍ പോലിസ് സ്‌റ്റേഷന് തീയിട്ടു, വാഹനവും കത്തിച്ചു (വീഡിയോ)

അഗ്‌നിപഥ് പ്രതിഷേധം കടുക്കുന്നു; യുപിയില്‍ പോലിസ് സ്‌റ്റേഷന് തീയിട്ടു, വാഹനവും കത്തിച്ചു (വീഡിയോ)
X

ലഖ്‌നോ: കേന്ദ്രസര്‍ക്കാരിന്റെ പുതിയ സൈനിക സേവന പദ്ധതിയായ അഗ്‌നിപഥിനെതിരായ പ്രതിഷേധം ഉത്തര്‍പ്രദേശിലും അക്രമാസക്തമായി. പ്രതിഷേധക്കാര്‍ അലിഗഢിലെ ജട്ടാരി പോലിസ് സ്‌റ്റേഷന് തീയിട്ടു. പോലിസ് വാഹനം മറിച്ചിട്ട് കത്തിച്ചു. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരേ ആക്രമണമുണ്ടായി. ട്രെയിനിന്റെ കംപാര്‍ട്ടുമെന്റിന് തീയിടുകയും ചെയ്തു. 100 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പദ്ധതിക്കെതിരേ പ്രതിഷേധിച്ച ആളുകള്‍ ആഗ്ര- ലഖനോ എക്‌സ്പ്രസ് വേയില്‍ യുപി സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ്സുകളെങ്കിലും നശിപ്പിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു.

സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ ഈ ബസ്സുകളുടെ ചില്ലുകള്‍ തകര്‍ത്തതായി പോലിസ് പറഞ്ഞു. ഫിറോസാബാദിലെ സംഗായ് ഖരേദിയ ഗ്രാമത്തിന് സമീപം പുലര്‍ച്ചെ അഞ്ച് മണിയോടെ ഏതാനും യുവാക്കള്‍ വടികളും ബാറ്റണുകളും ഉപയോഗിച്ച് ബസ്സുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയതായി സീനിയര്‍ പോലിസ് സൂപ്രണ്ട് ആശിഷ് തിവാരി പറഞ്ഞു. അഗ്‌നിപഥിനെ ചൊല്ലിയുള്ള പ്രതിഷേധത്തില്‍ മൂന്നാം ദിവസവും വ്യാപക അക്രമമാണ് റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടങ്ങിയ പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും പടരുകയാണ്.

സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷനില്‍ യുവാക്കളുടെ പ്രതിഷേധം വ്യാപക അക്രമസംഭവങ്ങള്‍ക്ക് വഴിമാറി. റെയില്‍ട്രാക്ക് ഉപരോധിച്ച് പ്രതിഷേധക്കാര്‍ തീയിട്ടു. ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ട്രെയിന് തീവച്ചു. റെയില്‍ ഓഫിസിലെ ജനല്‍ചില്ലുകളും സ്റ്റാളുകളും അടിച്ചുതകര്‍ത്തു.

അക്രമങ്ങള്‍ക്ക് വഴിമാറിയതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസ് വെടിവച്ചു. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വെടിവയ്പ്പില്‍ 15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബിഹാര്‍ ഉപമുഖ്യമന്ത്രിയുടെ വീട് സമരക്കാര്‍ ആക്രമിച്ചു. കുറഞ്ഞത് ഏഴ് സംസ്ഥാനങ്ങളിലേക്കെങ്കിലും പ്രതിഷേധം വ്യാപിച്ചതായാണ് റിപോര്‍ട്ടുകള്‍. പദ്ധതി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍, തീരുമാനവുമായി മുന്നോട്ടുപോവാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

Next Story

RELATED STORIES

Share it