Sub Lead

കോഴിക്കോട് കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട്; ഏഴുപേര്‍ അറസ്റ്റില്‍

കോഴിക്കോട് കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട്; ഏഴുപേര്‍ അറസ്റ്റില്‍
X

കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയിലെ കെട്ടിട നമ്പര്‍ ക്രമക്കേടില്‍ രണ്ട് ജീവനക്കാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റിലായി. കോര്‍പറേഷനിലെ എല്‍ഡി ക്ലാര്‍ക്കുമാരായ എം അനില്‍കുമാര്‍, പി കെ സുരേഷ്, വിരമിച്ച അസിസ്റ്റന്റ് എന്‍ജിനീയര്‍ പി സി കെ രാജന്‍, കെട്ടിട ഉടമ അബൂബക്കര്‍ സിദ്ദീഖ്, ഇടനിലക്കാരായ ഇടനിലക്കാരായ എം യാഷിര്‍ അലി, ഇ കെ മുഹമ്മദ് ജിഫ്രി, പി കെ ഫൈസല്‍ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.

അബൂബക്കര്‍ സിദ്ദീഖ് എന്നയാള്‍ക്ക് കെട്ടിടനമ്പര്‍ അനുവദിച്ച കേസിലാണ് അറസ്റ്റ്. കാരപ്പറമ്പ് കരിക്കാംകുളത്താണ് കെട്ടിടത്തിന് നമ്പര്‍ അനുവദിച്ചത്. നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തല്‍. മറ്റൊരു അപേക്ഷയുടെ പഴുതുപയോഗിച്ചാണ് കെട്ടിടത്തിന് നമ്പര്‍ നല്‍കിയത്. വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം, ഐടി ആക്ട് എന്നീ വകുപ്പുകളിലാണ് കേസെടുത്തതെന്ന് ഫറോക്ക് അസി. കമ്മീഷണര്‍ എ എം സിദ്ദീഖ് പ്രതികരിച്ചു. ഫറോക്ക് എസിപിയുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തു.

കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ചോര്‍ത്തി ആറ് കെട്ടിടങ്ങളിലായി 16 മുറികള്‍ക്ക് കെട്ടിട നമ്പര്‍ അനുവദിച്ചെന്ന പരാതിയാണ് പോലിസ് അന്വേഷണം. മൊത്തം ആറ് കേസുകളാണുള്ളത്. അതില്‍ ഒരു കെട്ടിടവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഏഴ് പ്രതികളെ കിട്ടിയത്. ബാക്കിയുള്ള കേസുകളില്‍ അന്വേഷണം നടക്കുന്നതായും അസിസ്റ്റന്റ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ കോര്‍പറേഷന്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു. കെട്ടിട നമ്പര്‍ അനുവദിക്കാന്‍ ഉടമ നാലുലക്ഷം രൂപ നല്‍കിയെന്ന് കണ്ടെത്തിയിരുന്നു. ഒരുലക്ഷം രൂപ ഇടനിലക്കാരും ഒരുലക്ഷം ജീവനക്കാരും വീതിച്ചെടുത്തു. വിവാദമായതോടെ പണം തിരികെ നല്‍കിയെന്ന് പ്രതികള്‍ മൊഴി നല്‍കി. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ കെട്ടിടങ്ങള്‍ക്ക് അനധികൃതമായി അനുമതി നല്‍കിയത് ശ്രദ്ധയില്‍പെട്ട ഗ്രേഡ് II റവന്യൂ ഉദ്യോഗസ്ഥന്‍ ആറ് മാസം മുമ്പ് തന്നെ കോര്‍പറേഷന്‍ സെക്രട്ടറിക്ക് കത്തയച്ചിരുന്നു.

2021 ജൂലായ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ നടന്ന ക്രമക്കേടുകള്‍ക്ക് തന്റെ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ പതിച്ചിട്ടുണ്ടെന്നും അത് തന്റെ അറിവോടെയല്ല നടന്നിരിക്കുന്നതെന്നും സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ, കോര്‍പറേഷന്‍ മോഡലില്‍ രാമനാട്ടുകര നഗരസഭയിലും കെട്ടിട നമ്പര്‍ തട്ടിപ്പ് നടന്നതായ വിവരങ്ങള്‍ പുറത്തുവന്നു. നഗരസഭാ സെക്രട്ടറിയുടെയും സൂപ്രണ്ടിന്റെയും ലോഗിന്‍ വിവരങ്ങള്‍ ചോര്‍ത്തിയാണ് അനധികൃതമായി നമ്പര്‍ നല്‍കിയത്. ഡാറ്റ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലത്ത് നിര്‍മിച്ച കെട്ടിടത്തിനാണ് ഇങ്ങനെ നമ്പര്‍ നല്‍കിയത്. ഇതുസംബന്ധിച്ച് നഗരസഭാ സെക്രട്ടറി പോലിസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it