Sub Lead

ത്രിപുരയില്‍ സിപിഎം- ബിജെപി സംഘര്‍ഷം; രണ്ട് പോലിസുകാരുള്‍പ്പെടെ 10 പേര്‍ക്ക് പരിക്ക്

ത്രിപുരയില്‍ സിപിഎം- ബിജെപി സംഘര്‍ഷം; രണ്ട് പോലിസുകാരുള്‍പ്പെടെ 10 പേര്‍ക്ക് പരിക്ക്
X

അഗര്‍ത്തല: ത്രിപുരയിലെ ഖോവായില്‍ നടന്ന സിപിഎം- ബിജെപി സംഘര്‍ഷത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ടെലിയാമുര മേഖലയില്‍ ശനിയാഴ്ച രാത്രിയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. പ്രദേശത്ത് നടന്ന സിപിഎം യോഗത്തിനിടെയാണ് സംഘര്‍ഷം നടന്നത്. യോഗവേദിയിലേക്ക് കടന്നെത്തിയ ബിജെപി പ്രവര്‍ത്തകരുമായി നടന്ന വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. സംഘര്‍ഷത്തില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.

സംഘര്‍ഷത്തിന് തുടക്കമിട്ടത് എതിര്‍പാര്‍ട്ടിക്കാരാണെന്നാണ് ഇരുകൂട്ടരും ആരോപിക്കുന്നത്. പരിക്കേറ്റവര്‍ ടെലിയാമുര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയില്‍ തുടരുകയാണ്. സംഘര്‍ഷത്തെത്തുടര്‍ന്ന് ഖോവായ് ജില്ലയിലെ തെലിയാമുരയില്‍ പോലിസ് അധിക വിന്യാസം നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലിസ് പറഞ്ഞു. വൈകുന്നേരം കരിലോങ് മാര്‍ക്കറ്റില്‍ ഡിവൈഎഫ്‌ഐ നടത്തിയ റാലിയിലേക്ക് പെട്ടെന്ന് ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിയുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തുവെന്ന് സിപിഎം ആരോപിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം ഹേമന്ത് കുമാര്‍ ജമാതിയ ഉള്‍പ്പെടെ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. നാലുപേരെ ഗുരുതരാവസ്ഥയില്‍ അഗര്‍ത്തല മെഡിക്കല്‍ കോളജിലേക്ക് മാറ്റി. യുവമോര്‍ച്ച ജാഥയ്ക്ക് നേരേ സിപിഎം കല്ലേറ് നടത്തിയെന്ന് ബിജെപിയും ആരോപിക്കുന്നു. ഇത് ഇരുവരും തമ്മില്‍ വാക്കേറ്റത്തിനും സംഘട്ടനത്തിനും ഇടയാക്കി. സംഘര്‍ഷാവസ്ഥ ഒഴിവാക്കുന്നതിനായി ഇടപെടുന്നതിനിടെയാണ് രണ്ട് പോലിസുകാര്‍ക്ക് പരിക്കേറ്റത്. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബിജെപി പ്രാദേശിക എംഎല്‍എ കല്യാണി റോയിയുടെ നേതൃത്വത്തില്‍ പോലിസ് സ്‌റ്റേഷനിലേക്ക് പ്രകടനം നടത്തി.

സംസ്ഥാനത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കുന്നു, സംസ്ഥാനത്തിന്റെ പലയിടത്തും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അക്രമം അഴിച്ചുവിടാനുമുള്ള ഒരേ തന്ത്രമാണ് അവര്‍ ചെയ്യുന്നതെന്നും റോയ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ബിജെപിയുടെ ആരോപണം നിഷേധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, കുറ്റവാളികളെ സംരക്ഷിക്കാന്‍ പ്രാദേശിക എംഎല്‍എ സംഭവം വളച്ചൊടിച്ചെന്ന് പറഞ്ഞു. സ്ഥലത്ത് നിയോഗിച്ച പോലിസുകാര്‍ക്ക് പരിക്കേറ്റു. ആരാണ് ആക്രമിച്ചതെന്ന് അവര്‍ക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it