Big stories

ബിഹാര്‍ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 82 ആയി ഉയര്‍ന്നു; 25 പേര്‍ക്ക് കാഴ്ച നഷ്ടമായി

ബിഹാര്‍ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 82 ആയി ഉയര്‍ന്നു; 25 പേര്‍ക്ക് കാഴ്ച നഷ്ടമായി
X

പട്‌ന: ബിഹാറിലെ വ്യാജമദ്യ ദുരന്തത്തില്‍ മരണം 82 ആയി. മദ്യനിരോധനം നിലനില്‍ക്കുന്ന ബിഹാറില്‍ ദിവസങ്ങള്‍ക്കുള്ളില്‍ മൂന്ന് ജില്ലകളിലായാണ് വ്യാജമദ്യം കഴിച്ച് ഇത്രയും പേര്‍ക്ക് ജീവന്‍ നഷ്ടമായത്. ജില്ലയില്‍ വ്യാജമദ്യം കഴിച്ച് 16 പേര്‍ കൂടി മരിച്ചതോടെ സരണ്‍ ജില്ലയില്‍ മാത്രം 74 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. സിവാന്‍, ബാഗുസരായി ജില്ലകളില്‍ എട്ടുപേര്‍ കൂടി മരിച്ചു. 25 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. 30 പേര്‍ വിവിധ ആശുപത്രികളിലായി ചികില്‍സയിലാണ്. ഇതില്‍ 12 പേരുടെ നില ഗുരുതരമാണ്. സിവാനില്‍ ആറുപേരും ബാഗുസരായിയില്‍ രണ്ടുപേരുമാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ് ഇവര്‍ മദ്യംകഴിച്ചത്. മരണത്തിന്റെ കൃത്യമായ കാരണം അറിയായിട്ടില്ല. സരണില്‍ കഴിഞ്ഞ നാലുദിവസം കൊണ്ടാണ് വ്യാജമദ്യം കഴിച്ച് 74 പേര്‍ മരിച്ചത്. മരണസംഖ്യ വിവിധ ജില്ലകളില്‍ ഉയര്‍ന്നതോടെ എല്ലാ പോലിസ് സ്‌റ്റേഷനുകളിലും അനധികൃത മദ്യവില്‍പ്പന സംബന്ധിച്ച് അന്വേഷണം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.മദ്യദുരന്തവുമായി ബന്ധപ്പെട്ട് നാലുപേരെ ഇതുവരെ അറസ്റ്റ് ചെയ്തു. അതേസമയം, മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇതിനെതിരേ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്.മദ്യദുരന്തത്തിന് കാരണക്കാരന്‍ മുഖ്യമന്ത്രിയാണെന്നും മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്നും എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ ആവശ്യപ്പെട്ടു.

പ്രതിഷേധം തുടരാനാണ് ബിജെപിയുടെയും തീരുമാനം. ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിഹാര്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് വിജയ് കുമാര്‍ സിന്‍ഹ ആവശ്യപ്പെട്ടു. ദുരന്തത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍എച്ച്ആര്‍സി) ബിഹാര്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. മാധ്യമറിപോര്‍ട്ടുകള്‍ പ്രകാരം സ്വമേധയാ കേസെടുത്ത കമ്മീഷന്‍, വിഷയത്തില്‍ എത്രയും വേഗം വിശദമായ റിപോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അവസ്ഥ, ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരകളുടെ ചികില്‍സ, ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് നല്‍കിയ നഷ്ടപരിഹാരം എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ കമ്മീഷന്‍ ആരാഞ്ഞു.

2016 ഏപ്രില്‍ മുതല്‍ ബിഹാറില്‍ അനധികൃത മദ്യത്തിന്റെ വില്‍പ്പനയും ഉപഭോഗവും നിരോധിക്കുന്ന നയം നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരാജയവും കമ്മീഷന്‍ അടിവരയിടുന്നു. അതേസമയം, വിമര്‍ശനം ശക്തമായതോടെ സംസ്ഥാനത്ത് പരിശോധനകള്‍ ശക്തമാക്കി. അനധികൃത മദ്യനിര്‍മാണകേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഇതുവരെ 213 പേരെ അറസ്റ്റ് ചെയ്തതായി സരണ്‍ ജില്ലാ മജിസ്‌ട്രേറ്റ് രാജേഷ് മീണ പറഞ്ഞു.

Next Story

RELATED STORIES

Share it