Sub Lead

ഡല്‍ഹിയിലെ 'മുഹമ്മദ്പൂര്‍' ഗ്രാമം ഇനി 'മാധവപുരം'; പുതിയ പേരില്‍ ബോര്‍ഡ് സ്ഥാപിച്ച് ബിജെപി

ഡല്‍ഹിയിലെ മുഹമ്മദ്പൂര്‍ ഗ്രാമം ഇനി മാധവപുരം; പുതിയ പേരില്‍ ബോര്‍ഡ് സ്ഥാപിച്ച് ബിജെപി
X

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ 'മുഹമ്മദ്പൂര്‍' ഗ്രാമത്തെ ഇനി മുതല്‍ 'മാധവപുരം' എന്ന് വിളിക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി. ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേഷ് ഗുപ്തയും പ്രാദേശിക ബിജെപി കൗണ്‍സിലര്‍ ഭഗത് സിങ് ടോകാസും മുതിര്‍ന്ന ബിജെപി നേതാക്കളും 'മാധവപുരത്തേക്ക് സ്വാഗതം' എന്ന ബോര്‍ഡ് സ്ഥാപിച്ചാണ് പേര് മാറ്റം പ്രഖ്യാപിച്ചത്. 'മുഹമ്മദ്പൂര്‍' ഗ്രാമത്തിന്റെ പ്രവേശന കവാടത്തിലാണ് പുതിയ ബോര്‍ഡ് ബിജെപി സ്ഥാപിച്ചത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയോട് ഈ പേര് മാറ്റം ആവശ്യപ്പെട്ടെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് ആരോപിച്ചാണ് ബിജെപി നേരിട്ട് പേര് മാറ്റാനിറങ്ങിയത്.

'മാധവപുരം' എന്ന പേര് മാറ്റാനുള്ള നിര്‍ദേശത്തിന് നഗരസഭ അംഗീകാരം നല്‍കിയിരുന്നതായും പേരുമാറ്റ നടപടികള്‍ ഇന്ന് പൂര്‍ത്തിയായതായും ബിജെപി അധ്യക്ഷന്‍ ആദേഷ് ഗുപ്ത ട്വിറ്ററില്‍ അറിയിച്ചു. ഇനി മുതല്‍ ഈ ഗ്രാമം മുഹമ്മദ്പൂര്‍ എന്നതിനുപകരം മാധവപുരം എന്നറിയപ്പെടും. 'സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിനുശേഷവും അടിമത്തത്തിന്റെ ഒരു പ്രതീകവും അവശേഷിക്കുന്നില്ല. ഒരു ഡല്‍ഹിക്കാരനും അത് ആഗ്രഹിക്കുന്നില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേരുകള്‍ മാറ്റാനുള്ള ആത്യന്തിക അധികാരം ഡല്‍ഹി സര്‍ക്കാരിനാണെന്നതിനാല്‍ സൗത്ത് എംസിഡിക്ക് ഒരു സ്ഥലത്തിന്റെ പേര് മാറ്റാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍, 'ഞങ്ങള്‍ അത് അവസാനം ചെയ്തു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഗ്രാമവാസികളുടെ ആവശ്യപ്രകാരം പേര് മാറ്റി ഞാന്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചു. മുഗള്‍ കാലഘട്ടത്തില്‍ എല്ലാ ഗ്രാമങ്ങളുടെയും പേര് നിര്‍ബന്ധിതമായി മാറ്റി. ഗ്രാമത്തിന്റെ പേര് മാറ്റണമെന്ന മുഹമ്മദ്പൂര്‍ ഗ്രാമവാസികളുടെ ആവശ്യം ഏറെ നാളായി കെട്ടിക്കിടക്കുകയാണ്'- ബിജെപി കൗണ്‍സിലര്‍ ഭഗത് സിങ് ടോകാസ് പറഞ്ഞു. ഗ്രാമങ്ങളുടെ മുസ്‌ലിം പേരുകള്‍ നീക്കണമെന്ന ആവശ്യവുമായി ബിജെപി ഡല്‍ഹി ഘടകം പ്രസിഡന്റ് ആദേശ് ഗുപ്ത നേരത്തെ തന്നെ രംഗത്തുണ്ട്.

ഡല്‍ഹിയിലെ 40ലധികം ഗ്രാമങ്ങളുടെ മുസ്‌ലിം പേരുകള്‍ മാറ്റണമെന്നായിരുന്നു ആവശ്യം. മുസ്‌ലിം പേരുകള്‍ അടിമത്ത കാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നതെന്നും പേര് മാറ്റണമെന്ന ആവശ്യം ഗ്രാമവാസികള്‍ തന്നെയാണ് ആവശ്യപ്പെട്ടതെന്നും ഇയാള്‍ അവകാശപ്പെടുന്നു. അടിമത്ത മനസ്ഥിതിയുമായി ജീവിക്കാന്‍ ആരും ആഗ്രഹിക്കുന്നി?ല്ലെന്നും അതിനാലാണ് ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റാന്‍ ആവശ്യപ്പെട്ടതെന്നുമാണ് ബിജെപിയുടെ വാദം.

Next Story

RELATED STORIES

Share it