Sub Lead

വടക്കന്‍ ജില്ലകളിലും മഴ കനക്കും; കോട്ടയം കൂട്ടിക്കലില്‍ രക്ഷാപ്രവര്‍ത്തനത്തിന് കരസേനയിറങ്ങി

വടക്കന്‍ ജില്ലകളിലും മഴ കനക്കും; കോട്ടയം കൂട്ടിക്കലില്‍ രക്ഷാപ്രവര്‍ത്തനത്തിന് കരസേനയിറങ്ങി
X

കോട്ടയം: തെക്കന്‍ ജില്ലകളില്‍ നാശംവിതച്ചുകൊണ്ടിരിക്കുന്ന പേമാരി വടക്കന്‍ മേഖലയിലേക്കും വ്യാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ അഞ്ച് വടക്കന്‍ ജില്ലകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടണ്ട്. മധ്യ- തെക്കന്‍ കേരളത്തില്‍ രാത്രിയോടെ വീണ്ടും മഴ ശക്തമാവാന്‍ സാധ്യതയുണ്ടെന്നും മലയോര മേഖലയില്‍ രാത്രിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴയും കാറ്റും ശക്തമാകുമെന്ന് മുന്നറിയിപ്പുള്ളത്. ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലും അടുത്ത മണിക്കൂറുകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിനിടെ, വടക്കന്‍ ജില്ലകളില്‍ പലയിടത്തും മണ്ണിടിച്ചിലും ശക്തമായ മഴയും റിപോര്‍ട്ട് ചെയ്യുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കനത്ത മഴയാണ് തുടരുന്നത്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് ചുരത്തിലെ എട്ട്, ഒമ്പത് ഹെയര്‍പിന്‍ വളവുകള്‍ക്കിടയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. നെല്ലിപ്പൊയില്‍- ആനക്കാംപൊയില്‍ റോഡില്‍ മുണ്ടൂര്‍ പാലത്തില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. തിരുവമ്പാടി ടൗണില്‍ വെള്ളം കയറുകയും ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീഴുകയും ചെയ്തു. എന്നാല്‍, ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

കനത്ത മഴയിലും ഉരുള്‍പൊട്ടലിലും വ്യാപക നാശനഷ്ടമുണ്ടായ കോട്ടയം കൂട്ടിക്കലിലേക്ക് കരസേന പുറപ്പെട്ടു. 40 അംഗ കരസേനാസംഘം കാഞ്ഞിരപ്പള്ളിയിലെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മേജര്‍ അഭിന്‍ കെ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദുരിതാശ്വാസപ്രവര്‍ത്തനത്തിനെത്തിയത്. സംഘം കൂട്ടിക്കല്‍ സെന്റ് ജോര്‍ജ് സ്‌കൂളില്‍ ക്യാംപ് ചെയ്യും. വ്യോമസേനയും സജ്ജമായിട്ടുണ്ട്. എം17, സാരംഗ് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുക. കോട്ടയം ജില്ലാ ഭരണകൂടം സൈന്യത്തിന്റെ സഹായം തേടിയിരുന്നു.

Next Story

RELATED STORIES

Share it