Sub Lead

ഉദ്ധവ് താക്കറെയുടെ വീടിന് മുന്നില്‍ 'ഹനുമാന്‍ ചാലിസ' ചൊല്ലുമെന്ന പ്രഖ്യാപനം; എംഎല്‍എ രവി റാണയും എംപി നവനീത് റാണയും അറസ്റ്റില്‍

ഉദ്ധവ് താക്കറെയുടെ വീടിന് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന പ്രഖ്യാപനം; എംഎല്‍എ രവി റാണയും എംപി നവനീത് റാണയും അറസ്റ്റില്‍
X

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീടിന് മുന്നില്‍ 'ഹനുമാന്‍ ചാലിസ' ചൊല്ലുമെന്ന് പ്രഖ്യാപിച്ച എംഎല്‍എ രവി റാണയെയും എംപി നവനീത് റാണയെയും പോലിസ് അറസ്റ്റുചെയ്തു. 500 പേര്‍ക്കൊപ്പം ഉദ്ധവ് താക്കറെയുടെ വീടായ 'മാതോശ്രീ'ക്ക് പുറത്ത് ശനിയാഴ്ച ഹനുമാന്‍ ചാലിസ പാരായണം ചെയ്യുമെന്നായിരുന്നു ഇരുവരുടെയും പ്രഖ്യാപനം. മെയ് മൂന്നിനു മുമ്പായി മസ്ജിദുകളിലെ ഉച്ച ഭാഷിണികള്‍ നീക്കം ചെയ്യണമെന്ന് മഹാരാഷ്ര നവനിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കറെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്തുണ പ്രഖ്യാപിച്ചാണ് നവനീത് റാണ രംഗത്തെത്തിയത്.

അമരാവതിയില്‍ നിന്നുള്ള സ്വതന്ത്ര എംപിയാണ് നവനീത് റാണ. ഇവരുടെ ഭര്‍ത്താവാണ് സ്വതന്ത്ര എംഎല്‍എ രവി റാണ. ഇവരുടെ പദ്ധതിക്കെതിരേ പ്രതിഷേധവുമായി ശിവസേനാ പ്രവര്‍ത്തകര്‍ രംഗത്തുവരികയും ഉദ്ധവ് താക്കറെയുടെ വീടിന് പോലിസ് സുരക്ഷ ശക്തമാക്കുകയും ചെയ്തതോടെ 'ഹനുമാന്‍ ചാലിസ' ചൊല്ലാനുള്ള പദ്ധതിയില്‍ നിന്ന് ഇരുവരും പിന്‍മാറി. ഇതിന് പിന്നാലെയാണ് എംപിയെയും എംഎല്‍എയെയും മുംബൈ പോലിസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച വൈകുന്നേരം സബര്‍ബന്‍ ഖാറിലെ വീട്ടില്‍ നിന്നാണ് ഇരുവരെയും അറസ്റ്റുചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 153 (എ), സെക്ഷന്‍ 135 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരേ പോലിസ് കേസെടുത്തിരിക്കുന്നത്.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിക്കെതിരേ പ്രതിഷേധവുമായി ബിജെപി രംഗത്തുവന്നു. ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി വളരെ ബാലിശമാണെന്ന് നാഗ്പൂരില്‍ സംസാരിച്ച ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. കൈകാര്യം ചെയ്യാന്‍ കഴിയാത്ത സാഹചര്യങ്ങളെ ബിജെപി സ്‌പോണ്‍സേര്‍ഡ് എന്ന് വിശേഷിപ്പിച്ച് പരാജയം മറച്ചുവയ്ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു.

പോലിസ് അനുവദിച്ചിരുന്നെങ്കില്‍ റാണ ദമ്പതികള്‍ അവിടെ ഹനുമാന്‍ ചാലിസ പാരായണം ചെയ്യുകയും വാര്‍ത്തകള്‍ സൃഷ്ടിക്കാതെ മടങ്ങുകയും ചെയ്യുമായിരുന്നു. എന്തുകൊണ്ടാണ് അവര്‍ (റാണ ദമ്പതികള്‍) എന്തെങ്കിലും ആക്രമണം നടത്താന്‍ പദ്ധതിയിടുന്നത് പോലെ നിരവധി ആളുകള്‍ പലയിടത്തും ഒത്തുകൂടിയതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഇത് എന്തുതരം രാഷ്ട്രീയമാണ്?' ബിജെപി നേതാവ് ചോദിച്ചു. പ്രധാനമന്ത്രി മോദി നാളെ മുംബൈ സന്ദര്‍ശിക്കുന്നതിനാലാണ് ഹനുമാന്‍ ചാലിസ ചൊല്ലുന്ന പരിപാടിയില്‍ നിന്ന് പിന്‍മാറാനുള്ള ഈ തീരുമാനമെടുത്തതെന്നും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാവാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ദമ്പതികളുടെ പ്രതികരണം.

പരിപാടി ഉപേക്ഷിച്ചതോടെ ശിവസേനാ പ്രവര്‍ത്തകര്‍ ദമ്പതികളുടെ വസതിക്ക് പുറത്ത് മധുരം വിതരണം ചെയ്ത് ആഘോഷിച്ചു. ഹനുമാന്‍ ചാലിസ വിവാദമായതിനെത്തുടര്‍ന്ന് ഇന്ന് രാവിലെ മുംബൈയിലെ റാണ ദമ്പതികളുടെ അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് ശിവസേനാ പ്രവര്‍ത്തകര്‍ വലിയ തോതില്‍ തടിച്ചുകൂടിയിരുന്നു. ഉദ്ധവ് താക്കറെയുടെ വസതിയായ 'മാതോശ്രീ'ക്ക് പുറത്ത് ഹനുമാന്‍ ചാലിസ ചൊല്ലാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനെതിരേ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.

ശിവസേനാ പ്രവര്‍ത്തകര്‍ പോലിസ് ബാരിക്കേഡുകള്‍ തകര്‍ത്ത് സബര്‍ബന്‍ ഖാറിലെ നിയമസഭാംഗ ദമ്പതികളുടെ വസതിയുടെ വളപ്പിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു. പോലിസ് സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കുകയും ശിവസേനാ പ്രവര്‍ത്തകരെ തടയുകയും ചെയ്തു. 'മാതോശ്രീ'ക്ക് പുറത്തും പോലിസ് സുരക്ഷ വര്‍ധിപ്പിക്കുകയും തിരക്ക് ഒഴിവാക്കാന്‍ താക്കറെ വസതിയിലേക്ക് പോവുന്ന റോഡില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ശിവസേനാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ദമ്പതികളെ താമസസ്ഥലത്ത് നിന്ന് ഇറങ്ങാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ദമ്പതികളുടെ അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് പോലിസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.

നഗരത്തിലെ ക്രമസമാധാന നില തകര്‍ക്കരുതെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച മുംബൈ പോലിസ് ദമ്പതികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. 'മാതോശ്രീ' കൂടാതെ, ഉദ്ധവ് താക്കറെയുടെ ദക്ഷിണ മുംബൈയിലെ ഔദ്യോഗിക വസതിയായ 'വര്‍ഷ'യിലും പോലിസ് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ശിവസേനയുടെയും മുംബൈ പോലിസിന്റെയും താക്കീത് മുഖവിലയ്‌ക്കെടുക്കാതെ തങ്ങളുടെ പദ്ധതിയില്‍ ഉറച്ചുനില്‍ക്കുന്നതായി ദമ്പതികള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ശിവസേനാ സ്ഥാപകന്‍ ബാല്‍ താക്കറെ അനുഷ്ഠിച്ച ആശയങ്ങളില്‍ നിന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി വ്യതിചലിച്ചുവെന്ന് നവനീത് റാണയുടെ ഭര്‍ത്താവ് രവി റാണ ആരോപിച്ചു.

'ഇത് ബാലാസാഹേബ് താക്കറെ രൂപീകരിച്ച അതേ ശിവസേനയല്ല. ആ ശിവസേന ഞങ്ങളെ ഹനുമാന്‍ ചാലിസ ജപിക്കാന്‍ അനുവദിക്കുമായിരുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. വീടിന് പുറത്ത് ഇറങ്ങാന്‍ പോലിസ് ഞങ്ങളെ അനുവദിക്കുന്നില്ല, അതിനുള്ള നിര്‍ദേശം മുഖ്യമന്ത്രി അവര്‍ക്ക് നല്‍കിയിട്ടുണ്ട്. ശിവസേനാ പ്രവര്‍ത്തകര്‍ ഞങ്ങളുടെ വസതി ആക്രമിക്കാന്‍ ശ്രമിക്കുകയാണ്- റാണ കൂട്ടിച്ചേര്‍ത്തു. പ്രതിഷേധം ശക്തമാവുകയും വസതിക്ക് പുറത്തിറങ്ങാന്‍ കഴിയാതെ വരികയും ചെയ്തതോടെയാണ് ഹനുമാന്‍ ചാലിസ പദ്ധതി ദമ്പതികള്‍ ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചത്.

Next Story

RELATED STORIES

Share it