Big stories

പൂനെയില്‍ പരിശോധിച്ച എട്ട് സാംപിളുകളും നെഗറ്റീവ്; മരിച്ച കുട്ടിയുടെ രക്ഷിതാക്കള്‍ക്കും നിപയില്ല

പൂനെയില്‍ പരിശോധിച്ച എട്ട് സാംപിളുകളും നെഗറ്റീവ്; മരിച്ച കുട്ടിയുടെ രക്ഷിതാക്കള്‍ക്കും നിപയില്ല
X

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12കാരനുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എട്ടുപേരുടെ പരിശോധനാഫലം നെഗറ്റീവ്. നിപ ബാധിച്ച് മരിച്ച 12കാരന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നിപയില്ലെന്ന് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളുള്ള ആരോഗ്യപ്രവര്‍ത്തകരും ഇതില്‍പ്പെടും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനാഫലമാണ് ഇന്ന് പുറത്തുവന്നത്. വളരെ അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്ക് നെഗറ്റീവാണെന്നുള്ളത് ആശ്വാസകരമാണെന്നും വലിയ ആശങ്ക ഒഴിഞ്ഞെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

എട്ടുപേരുടെ മൂന്ന് വീതം സാംപിളുകളാണ് വൈറോളജി ലാബിലേക്ക് അയച്ചത്. ഇതെല്ലാം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 48 പേരെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഇവരെ എല്ലാവരുടെയും സാംപിള്‍ ഇന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സജ്ജമാക്കിയ ലാബില്‍ പരിശോധിക്കും. ഇന്‍ക്യുബേഷന്‍ പിരീഡ് കഴിയുന്നത് വരെ എല്ലാവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തന്നെ കിടത്തും.

എട്ടുപേര്‍ക്കും നിലവില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എന്‍ഐഡി പൂനെയുടെയും മെഡിക്കല്‍ കോളജിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച ലാബില്‍ അഞ്ച് സാംപിളുകള്‍ പരിശോധിക്കുന്നുണ്ട്. അതിന്റെ ഫലം ലഭിക്കാന്‍ കുറച്ചുകൂടി സമയമെടുക്കും. ഹൈ റിസ്‌ക് വിഭാഗത്തിലുള്ള 48 പേരാണ് മെഡിക്കല്‍ കോളജിലുള്ളത്. ഇതില്‍ 8 പേരുടെ സാംപിളുകള്‍ പരിശോധിച്ചു.

അഞ്ച് പേരുടെ പരിശോധിക്കുന്നുണ്ട്. കുറച്ചുപേരുടെ സാംപിളുകള്‍ ഇതിന് മുമ്പ് പൂനെയിലേക്ക് അയച്ചിരുന്നു. മുഴുവന്‍ പേരുടെയും സാംപിളുകള്‍ പരിശോധിക്കാന്‍ സധിക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, ചാത്തമംഗലം പാഴൂര്‍ മുന്നൂരിലെ തെങ്ങുകയറ്റത്തൊഴിലാളിയായ വായോളി അബൂബക്കറിന്റെയും (ബിച്ചുട്ടി) ഉമ്മിണിയില്‍ വാഹിദയുടെയും ഏകമകന്‍ മുഹമ്മദ് ഹാഷിം (12) ആണ് നിപ ബാധിച്ച് സ്വകാര്യാശുപത്രിയില്‍ മരിച്ചത്. മുഹമ്മദ് ഹാഷിമിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 251 പേര്‍ ഉള്‍പ്പെട്ടതായി മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ 129 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 38 പേര്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്. ഉയര്‍ന്ന അടുത്ത സമ്പര്‍ക്കത്തിലുള്ള 54 പേരാണുള്ളത്.

Next Story

RELATED STORIES

Share it