Sub Lead

പാലക്കാട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു; ഷാഫി പറമ്പില്‍ എംഎല്‍എ അറസ്റ്റില്‍

പാലക്കാട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു; ഷാഫി പറമ്പില്‍ എംഎല്‍എ അറസ്റ്റില്‍
X

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരേ യൂത്ത് കോണ്‍ഗ്രസ് പാലക്കാട് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പാലക്കാട് മുനിസിപ്പല്‍ സ്റ്റാന്റില്‍ നിന്നും സിവില്‍ സ്‌റ്റേഷനിലേക്കായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് പ്രവര്‍ത്തകരെത്തിയത്. പ്രവര്‍ത്തകര്‍ക്കുമേല്‍ പോലിസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷമുണ്ടായതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എയെയും കൂടെയുള്ളവരെയും പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് മറ്റുള്ളവരെ പോലിസ് വിരട്ടിയോടിച്ചു. പ്രവര്‍ത്തകരെ പോലിസ് സിവില്‍ സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും മാറ്റി.

കൊച്ചിയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. കമ്മീഷണര്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലിസ് പ്രവര്‍ത്തകര്‍ക്കുമേല്‍ ജലപീരങ്കി പ്രയോഗിച്ചു. കമ്മീഷണര്‍ ഓഫിസിലേക്ക് എത്തുന്നതിന് മുമ്പപ് പോലിസ് ബാരിക്കേഡ് തീര്‍ത്ത് പ്രവര്‍ത്തകരെ തടഞ്ഞു. മുഖ്യമന്ത്രിയുടെ ലുക്ക് ഔട്ട് നോട്ടീസുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. തിരുവനന്തപുരത്ത് കറുത്ത വസ്ത്രം ധരിച്ച് എത്തിയ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് ചാണകവെളളം ഒഴിച്ചു. പ്രവര്‍ത്തകര്‍ക്ക് നേരേ പലയിടങ്ങളിലും പോലിസ് ജലപീരങ്കി പ്രയോഗിച്ചു.

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ഇന്നും ഒരുക്കിയത്. മുഖ്യമന്ത്രി ഇന്ന് സ്വന്തം നാടായ കണ്ണൂരിലാണുള്ളത്. ഇതിനിടെ കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കെഎസ്‌യു പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ പോലിസിന് മുമ്പില്‍ വച്ച് മര്‍ദ്ദിച്ചു. ഇതിനെതിരേ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയാല്‍ കാല് തല്ലിയൊടിക്കുമെന്നും നട്ടെല്ല് ചവിട്ടിയൊടിക്കുമെന്നാണ് പോലിസും സിപിഎം ഗുണ്ടകളും ഭീഷണിപ്പെടുത്തുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ കേരളത്തില്‍ ഒരുപാട് പേരുടെ കാലും നട്ടെല്ലും ഒടിക്കേണ്ടിവരും. ഗുണ്ടകളുടെ ആക്രമണത്തിന് പോലിസ് കൂട്ടുനില്‍ക്കുന്നത് അതിക്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it