Sub Lead

ചോദ്യം ചെയ്യലിന് ഹാജരാവില്ല, പി സി ജോര്‍ജ് നാളെ തൃക്കാക്കരയിലേക്ക്; ഹൈക്കോടതി ഉത്തരവിന്റെ ലംഘനമെന്ന് പോലിസ്

ചോദ്യം ചെയ്യലിന് ഹാജരാവില്ല, പി സി ജോര്‍ജ് നാളെ തൃക്കാക്കരയിലേക്ക്; ഹൈക്കോടതി ഉത്തരവിന്റെ ലംഘനമെന്ന് പോലിസ്
X

കോട്ടയം: മത വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജ് ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവില്ല. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ചോദ്യം ചെയ്യലിന് നാളെ ഹാജരാകാനാവില്ലെന്ന് അദ്ദേഹം ഫോര്‍ട്ട് അസിസ്റ്റന്റ് പോലിസ് കമ്മീഷണറെ അറിയിച്ചു. നാളെ മുന്‍നിശ്ചയിച്ച പ്രകാരം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ഥം പൊതുപരിപാടികളില്‍ പങ്കെടുക്കേണ്ടതിനാലും ആരോഗ്യപരിശോധനയ്ക്ക് ഡോക്ടറെ കാണേണ്ടതിനാലും ചോദ്യം ചെയ്യുന്നതിനായി ഹാജരാവാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് എസിക്ക് നല്‍കിയ കത്തില്‍ പി സി ജോര്‍ജ് വ്യക്തമാക്കി. തന്റെ നിലവിലെ ആരോഗ്യാവസ്ഥ എറണാകുളം പോയതിനുശേഷം തിരുവനന്തപുരത്തേക്ക ഇത്രയും ദൂരം യാത്രചെയ്യാന്‍ കഴിയുന്നതല്ല.


അതിനാല്‍, ചൊവ്വാഴ്ചയോ ബുധനാഴ്ചയോ നേരിട്ട് താങ്കളുടെ മുന്നില്‍ ഹാജരാവാം. ഇതൊടൊപ്പം തെളിവെടുപ്പിന്റെ ഭാഗമായി ശബ്ദപരിശോധന നടത്തുന്നതിന് താന്‍ താമസിക്കുന്ന ഈരാറ്റുപേട്ടയുടെ സമീപപ്രദേശങ്ങളില്‍ എവിടെയെങ്കിലും സൗകര്യം ഏര്‍പ്പെടുത്തിയാല്‍ ഉപകാരമായിരുന്നു. ഇല്ലെങ്കില്‍ മേല്‍ സൂചിപ്പിച്ച ദിവസങ്ങളില്‍ താങ്കളുടെ സൗകര്യാര്‍ഥം ഹാജരാവുമെന്നും കത്തില്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, പോലിസ് പി സി ജോര്‍ജിന്റെ ആവശ്യം തള്ളിക്കളയുകയാണ് ചെയ്തിരിക്കുന്നത്.

ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മറ്റൊരു ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവാമെന്ന് പറഞ്ഞത് ദുരുദ്ദേശപരമാണെന്ന് പി സി ജോര്‍ജിന് നല്‍കിയ മറുപടി കത്തില്‍ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ എസ് ഷാജി വ്യക്തമാക്കി. ഇത് കേരള ഹൈക്കോടതി ഉത്തരവിന്റെ ലംഘനമായി കണക്കാക്കുമെന്നും പോലിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശനിയാഴ്ച രാത്രി 10.45നാണ് പി സി ജോര്‍ജിന് ഇതുസംബന്ധിച്ച് പോലിസ് കത്ത് നല്‍കിയത്.

വിദ്വേഷപ്രസംഗക്കേസില്‍ ഞായാറാഴ്ച സ്‌റ്റേഷനില്‍ ഹാജരാവണമെന്നാവശ്യപ്പെട്ടാണ് പി സി ജോര്‍ജിന് പോലിസ് നോട്ടീസ് അയച്ചിരുന്നത്. അന്വേഷണത്തിന് ആവശ്യമായ വിവരം ശേഖരിക്കാന്‍ രാവിലെ 11 ന് പോലിസിനു മുമ്പാകെ ഹാജരാവണമെന്നാണ് പോലിസ് അറിയിച്ചിരുന്നത്. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ എസ് ഷാജിയാണ് പി സി ജോര്‍ജിന് നോട്ടീസ് അയച്ചത്. ഞായറാഴ്ച ജോര്‍ജ് മുന്‍ നിശ്ചയപ്രകാരം തൃക്കാക്കര മണ്ഡലത്തില്‍ ബിജെപിക്കായി രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

രാവിലെ എട്ടിന് വെണ്ണല ക്ഷേത്രത്തിലെ സ്വീകരണത്തില്‍ പങ്കെടുക്കും. അതിനുശേഷം മറ്റ് സ്വീകരണ യോഗങ്ങളിലും പങ്കെടുക്കും. ഞായറാഴ്ച തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യമന്ത്രിക്കെതിരായി പ്രതികരിക്കുമെന്ന് പി സി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയോട് പറയാനുള്ളത് തൃക്കാക്കരയില്‍ പറയുമെന്ന് ജാമ്യം ലഭിച്ചതിന് പിന്നാലെ ജോര്‍ജ് വ്യക്തമാക്കുകയും ചെയ്തിരുന്നു. രാവിലെ 6.30ന് ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നും പുറപ്പെടുമെന്നാണ് മകന്‍ ഷോണ്‍ ജോര്‍ജ് അറിയിച്ചിരിക്കുന്നത്.

വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജ് ഞായറാഴ്ച ചോദ്യം ചെയ്യലിനു ഹാജരായില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനു ഹാജരാവാത്തത് കോടതിയെ അറിയിക്കുമെന്ന് തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ പറഞ്ഞു. ജാമ്യവ്യവസ്ഥ ലംഘിച്ചോയെന്ന് പരിശോധിക്കും. വെണ്ണലയില്‍ പ്രസംഗിച്ചാല്‍ നിയമനടപടിയുണ്ടാവും. നിയമവശങ്ങള്‍ ആലോചിച്ച് ജോര്‍ജിനെതിരെ തുടര്‍നടപടിയുണ്ടാവുമെന്നും പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it