Sub Lead

റഷ്യയും ഇസ്രായേലും ഇടയുന്നു; കിഴക്കന്‍ ജെറുസലേമിലെ ചര്‍ച്ച് കൈമാറണമെന്ന് പുടിന്‍

ഇതു സംബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മീര്‍ പുടിന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന് കത്തയച്ചിട്ടുണ്ട്. റഷ്യന്‍ ഉടമസ്ഥതയിലായിരുന്ന പ്രദേശം നിലവില്‍ ഇസ്രായേല്‍ കൈവശംവച്ചുവരികയാണ്.

റഷ്യയും ഇസ്രായേലും ഇടയുന്നു; കിഴക്കന്‍ ജെറുസലേമിലെ ചര്‍ച്ച് കൈമാറണമെന്ന് പുടിന്‍
X

മോസ്‌കോ/ജറുസലേം: റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തില്‍ ഇസ്രായേല്‍ കീവിനെ പിന്തുണച്ചതിനെച്ചൊല്ലി റഷ്യയും ഇസ്രായേലും ഇടയുന്നു. അധിനിവേശ കിഴക്കന്‍ ജറുസലേമിലെ ക്രിസ്ത്യന്‍ ക്വാര്‍ട്ടറില്‍ സ്ഥിതി ചെയ്യുന്ന സെന്റ് അലക്‌സാണ്ടര്‍ നെവ്‌സ്‌കി ചര്‍ച്ചിന്റെ നിയന്ത്രണം റഷ്യയ്ക്ക് കൈമാറണമെന്നാണ് റഷ്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മീര്‍ പുടിന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന് കത്തയച്ചിട്ടുണ്ട്. റഷ്യന്‍ ഉടമസ്ഥതയിലായിരുന്ന പ്രദേശം നിലവില്‍ ഇസ്രായേല്‍ കൈവശംവച്ചുവരികയാണ്.

പ്രശ്‌നം രൂക്ഷമാക്കാതെ വിഷയം കൈകാര്യം ചെയ്യാനുള്ള ശ്രമത്തിലാണെന്ന് ഇസ്രായേല്‍ വൃത്തങ്ങള്‍ പറഞ്ഞതായി ഹാരെറ്റ്‌സ് റിപോര്‍ട്ട് ചെയ്തു. പുടിന്‍ കത്ത് അയക്കുമെന്ന് മുന്‍ റഷ്യന്‍ പ്രധാനമന്ത്രി സെര്‍ജി സ്‌റ്റെപാഷിന്‍ കഴിഞ്ഞ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. സമുച്ചയം തങ്ങളുടെ നിയന്ത്രണത്തിലേക്ക് മാറ്റുന്നതിനായി മോസ്‌കോ കഴിഞ്ഞ അഞ്ച് വര്‍ഷമായി ശ്രമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിലെ റഷ്യന്‍ വിശുദ്ധ സ്ഥലങ്ങളുടെ ഉത്തരവാദിത്തമുള്ള ഇംപീരിയല്‍ ഓര്‍ത്തഡോക്‌സ് ഫലസ്തീന്‍ സൊസൈറ്റിയുടെ ചെയര്‍മാനാണ് സ്‌റ്റെപാഷിന്‍. 'സെന്റ് അലക്‌സാണ്ടര്‍ നെവ്‌സ്‌കിയുടെ തിരിച്ചുവരവിനായി ഞങ്ങള്‍ പോരാടുകയാണ്, ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്,' റഷ്യയുടെ ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സി അദ്ദേഹത്തെ ഉദ്ധരിച്ച് റിപോര്‍ട്ട് ചെയ്തു.

'യുക്രെയ്‌നുമായി സംഘര്‍ഷമുണ്ടായി. പ്രതീക്ഷിച്ചതു പോലെത്തന്നെയാണ് ഇസ്രായേല്‍ പ്രവര്‍ത്തിച്ചത്. ഇവിടെയും അവിടെയും എല്ലാവരേയും പ്രീതിപ്പെടുത്താനുള്ള ശ്രമമാണ് അവര്‍ നടത്തിയത്'-സ്‌റ്റെപാഷിന്‍ കുറ്റപ്പെടുത്തി.

യുക്രെയ്ന്‍ അധിനിവേശത്തിന്റെ ഫലമായി പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ അവര്‍ അനുവദിക്കുന്ന സമയത്ത് സ്വത്ത് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു 2020ല്‍ 'അലക്‌സാണ്ടറുടെ മുറ്റം' റഷ്യയ്ക്ക് നല്‍കുന്നതിന് അംഗീകാരം നല്‍കിയിരുന്നു. സെന്റ് അലക്‌സാണ്ടര്‍ നെവ്‌സ്‌കി ചര്‍ച്ച് ഉള്‍പ്പെടുന്ന മുറ്റം, ചര്‍ച്ച് ഓഫ് ഹോളി സെപല്‍ച്ചറിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്.

Next Story

RELATED STORIES

Share it