Sub Lead

സില്‍വര്‍ ലൈന്‍: കണ്ണൂരില്‍ സര്‍വേ കല്ലുകള്‍ പിഴുതുമാറ്റി, പോലിസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം

കല്ലിടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സ്ഥല ഉടമകള്‍. പോലിസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമായതോടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പത്തോളം പേര്‍ക്കെതിരേ പോലിസ് കേസെടുത്തു.

സില്‍വര്‍ ലൈന്‍: കണ്ണൂരില്‍ സര്‍വേ കല്ലുകള്‍ പിഴുതുമാറ്റി, പോലിസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം
X

കണ്ണൂര്‍: സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ സര്‍വേ കല്ലിടല്‍ തുടരവേ കണ്ണൂര്‍ എടക്കാട് ശക്തമായ പ്രതിഷേധം. ഉദ്യേഗസ്ഥര്‍ സ്ഥാപിച്ച കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുതെറിഞ്ഞു. കല്ലിടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സ്ഥല ഉടമകള്‍. പോലിസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമായതോടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പത്തോളം പേര്‍ക്കെതിരേ പോലിസ് കേസെടുത്തു.

മുന്‍കൂട്ടി അറിയിക്കാതെയാണ് കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ നിയമപ്രകാരമാണ് സര്‍വേ നടത്തുന്നതെന്നും, ഗസറ്റ് വിജ്ഞാപനമടക്കം വന്നതിന് ശേഷമാണ് സര്‍വേ നടത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പഞ്ചായത്തിലും, വില്ലേജിലും വിവരം അറിയിച്ചിട്ടുണ്ടെന്നാണ് അവര്‍ നല്‍കിയ വിശദീകരണം.

കണ്ണൂര്‍ ചാലയില്‍ ഇന്നലെ കല്ലിടലിനെതിരേ വലിയ പ്രതിഷേധമാണ് നടന്നത്. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെയും കല്ലു കൊണ്ടുവന്ന വാഹനവും നാട്ടുകാര്‍ തടഞ്ഞു. പോലിസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പോലിസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ ഇന്നലെ സര്‍വേ നിര്‍ത്തി വച്ചിരുന്നു.

തിരുവനന്തപുരം കരിച്ചാറയില്‍ കല്ലിടലിനെതിരേ നടന്ന പ്രതിഷേധവും സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധങ്ങള്‍ക്കിടയില്‍ ഇന്നും കല്ലിടലുമായി മുന്നോട്ട് പോകാനാണ് കെ റെയിലിന്റെ തീരുമാനം. കണ്ണൂരില്‍ ചാല മുതല്‍ തലശ്ശേരിവരെയുള്ള ഭാഗങ്ങളില്‍ കല്ലിടല്‍ പൂര്‍ത്തിയാക്കാനുണ്ട്.

അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായതോടെ പരസ്യ സംവാദത്തിനൊരുങ്ങുകയാണ് കേരള റെയില്‍ ഡിവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെആര്‍ഡിസി). പദ്ധതിയെ എതിര്‍ക്കുന്നവരെയും അനുകൂലിക്കുന്നവരെയും ഒരേ വേദിയില്‍ അണിനിരത്തി സംവാദത്തിന് വേദിയൊരുക്കാനാണ് കെആര്‍ഡിസി തീരുമാനം. പദ്ധതിയുടെ പ്രാഥമിക പഠനം നടത്തിയ റിട്ടയര്‍ഡ് റെയില്‍വേ ചീഫ് എഞ്ചിനീയര്‍ അലോക് വര്‍മ്മയും പരിപാടിയില്‍ പങ്കെടുക്കും. കെ റെയില്‍ പ്രയോഗികമല്ലെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും കൂടികാഴ്ച്ച അദ്ദേഹമോ, സര്‍ക്കാരിന്റെ ഭാഗമായ ഉന്നത ഉദ്യോഗസ്ഥരോ തയ്യാറായില്ലെന്ന് അലോക് വര്‍മ്മ പരാതി ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താവും അലോക് വര്‍മ്മയെ സംവാദത്തിന് ക്ഷണിക്കുക.

ഇതിന് പുറമേ സാങ്കേതിക വിദഗ്ധര്‍ക്കും മാധ്യമങ്ങള്‍ക്കും സംവാദത്തിലേക്ക് ക്ഷണമുണ്ടാവും. ഏപ്രില്‍ 28 ന് തിരുവനന്തപുരത്ത് വെച്ചായിരിക്കും സംവാദം. കെ റെയിലിനെ എതിര്‍ക്കുന്നതും അനുകൂലിക്കുന്നതുമായ മൂന്ന് പേര്‍ വീതമുള്ള രണ്ട് പാനലുകളായിരിക്കും ഉണ്ടാവുക. അലോക് വര്‍മ്മക്ക് പുറമേ ആര്‍ വി ജി മേനോന്‍, ജോസഫ് സി മാത്യൂ എന്നിവരും പാനലില്‍ ഉണ്ടാവും.

അതേസമയം സംവാദത്തിലേക്ക് രാഷ്ട്രീയ നേതാക്കള്‍ക്ക് ക്ഷണമില്ല. സാങ്കേതിക വിദഗ്ധരെ മാത്രം ഉള്‍പ്പെടുത്തിയായിരിക്കും പാനല്‍. സില്‍വര്‍ ലൈനിനെ എതിര്‍ക്കുന്നവര്‍ക്ക് മറുപടി നല്‍കുന്നതും വിദഗ്ദ്ധരായിരിക്കും.

Next Story

RELATED STORIES

Share it