Big stories

എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം

എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം
X

തിരുവനന്തപുരം: സംസ്ഥാനത്തെ 4.19 ലക്ഷം എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ ഇന്ന് പരീക്ഷഹാളിലേയ്ക്ക്. കേരളത്തിനകത്തും പുറത്തുമായി 2,960 പരീക്ഷാകേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഈ മാസം 29ന് പരീക്ഷകള്‍ അവസാനിക്കും. 4,19,554 വിദ്യാര്‍ഥികളാണ് ആകെ പരീക്ഷയ്ക്കായി എത്തുക. 4,19,362 റെഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് ഇക്കുറി പരീക്ഷ എഴുതുന്നത്. ഇതില്‍ 2,13,801 ആണ്‍കുട്ടികളും 2,05,561 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ 289 വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതുക. കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ പൂര്‍ണമായും പാഠഭാഗങ്ങളില്‍ നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടാവും. രാവിലെ 9.30നാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുക.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പാഠഭാഗങ്ങള്‍ തീരാത്തതിനാല്‍ ഫോക്കസ് ഏരിയ തീരുമാനിച്ചായിരുന്നു ചോദ്യങ്ങള്‍ നല്‍കിയത്. അതായത് ചോയ്‌സ് അടിസ്ഥാനത്തിലായിരുന്നു ചോദ്യങ്ങള്‍. എസ്എസ്എല്‍സി പരീക്ഷ എഴുതുന്നതില്‍ 57.20 ശതമാനവും ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികളാണ്. സര്‍ക്കാര്‍ മേഖലയില്‍ 1,170 സെന്ററുകളും എയ്ഡഡ് മേഖലയില്‍ 1,421 പരീക്ഷാ സെന്ററുകളും അണ്‍ എയ്ഡഡ് മേഖലയില്‍ 369 പരീക്ഷ സെന്ററുകളും അടക്കം ആകെ 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം 2023 ഏപ്രില്‍ മൂന്ന് മുതല്‍ 26 വരെ നടക്കും. 70 ക്യാംപുകളിലായാണ് മൂല്യനിര്‍ണയം നടക്കുന്നത്.

മൂല്യനിര്‍ണയ ക്യാംപുകള്‍ക്ക് സമാന്തരമായി ടാബുലേഷന്‍ പ്രവര്‍ത്തനങ്ങള്‍ 2023 ഏപ്രില്‍ അഞ്ച് മുതല്‍ പരീക്ഷാ ഭവനില്‍ ആരംഭിക്കും. മെയ് രണ്ടാം വാരത്തോടെ ഫലം പ്രസിദ്ധീകരിക്കാനുളള നടപടികളാണ് നിലവില്‍ ആരംഭിച്ചിരിക്കുന്നത്. അതേസമയം, ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ മര്‍ച്ച് 10ന് ആരംഭിച്ച് 30ന് അവസാനിക്കും. 2023 പരീക്ഷാ കേന്ദ്രങ്ങളാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. 4,25,361 വിദ്യാര്‍ഥികള്‍ ഒന്നാം വര്‍ഷ പരീക്ഷ എഴുതുന്നു. 4,42,067 വിദ്യാര്‍ഥികളാണ് രണ്ടാം വര്‍ഷ പരീക്ഷ എഴുതുന്നത്.

Next Story

RELATED STORIES

Share it