Sub Lead

മുസ്‌ലിം ബാലന്‍ വഴി തെറ്റി ക്ഷേത്രത്തിലെത്തി; ഗൂഢാലോചനയെന്ന് ആരോപിച്ച് പൂജാരി പോലിസില്‍ ഏല്‍പ്പിച്ചു

മുസ്‌ലിം ബാലന്‍ വഴി തെറ്റി ക്ഷേത്രത്തിലെത്തി;  ഗൂഢാലോചനയെന്ന് ആരോപിച്ച് പൂജാരി പോലിസില്‍ ഏല്‍പ്പിച്ചു
X

ന്യൂഡല്‍ഹി: വഴി തെറ്റി ക്ഷേത്രത്തില്‍ എത്തിയ മുസ്‌ലിം ബാലനെ ഗൂഢാലോചന ആരോപിച്ച് പോലിസില്‍ ഏല്‍പ്പിച്ച് ക്ഷേത്രത്തിലെ പൂജാരി. വര്‍ഗീയ വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ കുപ്രസിദ്ധനായ യതി നരസിംഗാനന്ദ സരസ്വതിയാണ് വഴിതെറ്റിയെത്തിയ കുട്ടിയെ ഗൂഢാലോചന ആരോപിച്ച് പോലിസിന് കൈമാറിയത്. ഗര്‍ഭിണിയായ സഹോദരിയുടെ കൂടെ ക്ഷേത്രത്തിനടുത്തുള്ള ആശുപത്രിയില്‍ വന്ന ബാലനാണ് ഖാസിയാബാദിലുള്ള ദസ്‌ന ദേവി ക്ഷേത്രത്തില്‍ കയറിയത്.

ബാലന്‍ അമ്പലത്തിലേക്ക് ഓടിക്കയറുകയായിരുന്നുവെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും തങ്ങളാരും കുട്ടിയെ മര്‍ദിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ക്ഷേത്രത്തിലെ പൂജാരി നരസിംഗാനന്ദ് പുറത്തുവിട്ട വീഡിയോയിലൂടെ പറയുന്നു.

'ഞങ്ങള്‍ കുട്ടിയെ പോലിസിന് കൈമാറി. അവനെ സ്പര്‍ശിച്ചിട്ടില്ല, ആരും അവനെ ആക്രമിച്ചിട്ടില്ല, ഗൂഢാലോചനയുടെ ഭാഗമായാണ് കുട്ടി ക്ഷേത്രത്തില്‍ എത്തിയത്'. നരസിംഗാനന്ദ് പറഞ്ഞു.

അതേസമയം വര്‍ഗീയവിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനും പൂജാരിക്കെതിരെ നിരവധി കേസുകള്‍ ഡല്‍ഹി പോലിസ് നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ സ്ത്രീകള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിനും പൂജാരിക്കെതിരെ കേസുണ്ട്. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ മൂന്ന് കേസുകളാണ് പൂജാരിക്കെതിരേ നിലവിലുള്ളതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ കുട്ടി തെറ്റ് ചെയ്തിട്ടില്ലെന്നാണ് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ആശുപത്രിയില്‍ വന്ന കുട്ടിക്ക് സ്ഥല പരിചയമില്ലാത്തതാണ് വഴി തെറ്റാന്‍ കാരണമായതെന്നും പോലിസ് പറഞ്ഞു.

ഈ വര്‍ഷം മാര്‍ച്ചില്‍ വെള്ളം കുടിക്കാനായി അമ്പലത്തില്‍ കയറിയ 14 വയസ്സുള്ള മുസ്‌ലിം വിഭാഗത്തിലുള്ള കുട്ടിയ്‌ക്കെതിരെ ആക്രമണം നടയത്തിനും ഡല്‍ഹി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ക്ഷേത്രത്തിന്റെ കവാടത്തില്‍ മുസ് ലിംകള്‍ക്ക് മാത്രം പ്രവേശനം നിരോധിച്ചു കൊണ്ടുള്ള വലിയ ബോര്‍ഡ് സ്ഥാപിച്ചതും വലിയ വിവാദാമായിരുന്നു.

Next Story

RELATED STORIES

Share it