Sub Lead

മലേഗാവ് സ്‌ഫോടനക്കേസില്‍ വാദം പൂര്‍ത്തിയായി; കേസ് വിധി പറയാന്‍ മാറ്റി

മലേഗാവ് സ്‌ഫോടനക്കേസില്‍ വാദം പൂര്‍ത്തിയായി; കേസ് വിധി പറയാന്‍ മാറ്റി
X

മുംബൈ: മഹാരാഷ്ട്രയിലെ മലേഗാവില്‍ ഹിന്ദുത്വര്‍ സ്‌ഫോടനം നടത്തിയ കേസിലെ വാദം പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍ വാദങ്ങള്‍ എഴുതി നല്‍കിയതോടെ കേസ് വിധി പറയാന്‍ മാറ്റി. ബിജെപി മുന്‍ എംപി പ്രഗ്യാ സിങ് താക്കൂര്‍, ഇന്ത്യന്‍ സൈന്യത്തിലെ ലെഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത്, വിരമിച്ച മേജര്‍ രമേഷ് ഉപാധ്യായ, അജയ് രാഹിര്‍ക്കര്‍, സമീര്‍ കുല്‍ക്കര്‍ണി, സുധാകര്‍ ചതുര്‍വേദി, സുധാകര്‍ ധ്വാര്‍വിവേദി എന്നിവരാണ് യുഎപിഎ പ്രകാരമുള്ള കേസില്‍ വിചാരണ നേരിട്ടത്.

2008 സെപ്റ്റംബര്‍ 29നാണ് രാജ്യത്തെ നടുക്കിയ മലേഗാവ് സ്‌ഫോടനം നടക്കുന്നത്. മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. ആറ് പേര്‍ കൊല്ലപ്പെടുകയും 100ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയിലെ ഹേമന്ദ് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം കേസ് അന്വേഷിച്ചത്. എന്നാല്‍, മുംബൈ ആക്രമണത്തിനിടെ കര്‍ക്കരെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിന് ഉപയോഗിച്ച എല്‍എംഎല്‍ ഫ്രീഡം മോട്ടോര്‍ സൈക്കിളിനെ കുറിച്ചുള്ള അന്വേഷണമാണ് പ്രഗ്യാ സിങ് താക്കൂറിലേക്ക് പോലിസിനെ എത്തിച്ചത്. കേസില്‍ ഭീകരവിരുദ്ധസേന രണ്ടു കുറ്റപത്രങ്ങള്‍ നല്‍കി. എന്നാല്‍, 2010ല്‍ എന്‍ഐഎ കേസ് ഏറ്റെടുത്തു. 2016 വരെ കേസ് അന്വേഷിച്ച അവര്‍ അധിക കുറ്റപത്രം നല്‍കി.

ഭീകരവിരുദ്ധ സേനയുടെ കണ്ടെത്തലുകളോട് എന്‍ഐഎ യോജിച്ചെങ്കിലും മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ പ്രഗ്യാ സിങ് താക്കൂര്‍ അടക്കമുള്ള ചില പ്രതികള്‍ക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്നും അവകാശപ്പെട്ടു. ഇത് പരിഗണിച്ച പ്രത്യേക കോടതി 2017ല്‍ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമം ഒഴിവാക്കി. എന്നാല്‍, പ്രഗ്യാ സിങ് താക്കൂറിനെ കുറ്റവിമുക്തയാക്കാന്‍ വിസമ്മതിച്ചു. എന്നാല്‍, സ്വാമി പൂര്‍ണ ചേതാനന്ദ ഗിരി, ശിവനാരായണ്‍ ഗോപാല്‍ സിങ് കാല്‍സംഗ്ര എന്ന ശിവജി, ശ്യാം ഭവര്‍ലാല്‍ സാഹു, രാജ ഏകനാഥ് രാഹിര്‍ക്കര്‍, രാകേഷ് ദത്താത്രേയ ദവാദെ റാവു, ജഗദീഷ് ചിന്തമന്‍ മാത്രെ, പ്രവീണ്‍ മുത്തലിഖ് എന്നിവരെ ഒഴിവാക്കി.

2018 ഡിസംബറിലാണ് വിചാരണ തുടങ്ങിയത്. അങ്ങനെയൊരു സ്‌ഫോടനമേ നടന്നിട്ടില്ലെന്നാണ് പ്രതിയായ സുധാകര്‍ ധ്വാര്‍വിവേദി വാദിച്ചത്. കേസില്‍ 323 സാക്ഷികളെ കോടതി വിസ്തരിച്ചു. 34 പേര്‍ കൂറുമാറി. ഗൂഡാലോചന സംബന്ധിച്ച നിര്‍ണായക മൊഴികളാണ് ഇവരെല്ലാം മാറ്റിയത്.

Next Story

RELATED STORIES

Share it