Sub Lead

രാജ് ബബ്ബാറും പ്രിയാ ദത്തും സാവിത്രി ഭായ് ഫൂലെയും കോണ്‍ഗ്രസിന്റെ രണ്ടാം പട്ടികയില്‍

ത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ 21 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.

രാജ് ബബ്ബാറും പ്രിയാ ദത്തും സാവിത്രി ഭായ് ഫൂലെയും കോണ്‍ഗ്രസിന്റെ രണ്ടാം പട്ടികയില്‍
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ രണ്ടാം പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ 21 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.

പാര്‍ട്ടി നേതാവ് രാജ് ബബ്ബാര്‍ യുപിയിലെ മൊറാദാബാദില്‍ നിന്ന് മല്‍സരിക്കും. മുന്‍ ബിജെപി എംപി സാവിത്രി ഭായ് ഫൂലെയ്ക്ക് ബഹ്‌റായിച്ച് മണ്ഡലമാണ് നല്‍കിയത്. പ്രിയാ ദത്ത് മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ സീറ്റില്‍ തുടരും. 2018 ജനുവരിയില്‍ ബിജെപിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന കിസാന്‍ കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോലെയാണ് നാഗ്പൂരില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. ബിജെപി നേതാവ് നിതിന്‍ ഗഡ്കരിക്കെതിരേയാണ് പട്ടോലെയുടെ മല്‍സരം.

മിലിന്ദ് ദേവ്ര മുംബൈ സൗത്തില്‍ നിന്ന് ജനവിധി തേടും. മുന്‍ കേന്ദ്രമന്ത്രിമാരായ സുഷീല്‍ കുമാര്‍ ഷിന്‍ഡെ, ശ്രീപ്രകാശ് ജയ്‌സ്വാള്‍ എന്നിവര്‍ സോലാപൂര്‍, കാണ്‍പൂര്‍ മണ്ഡലങ്ങളില്‍ മല്‍സരിക്കും.

2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് വി കെ സിങിനോട് ഗാസിയാബാദില്‍ രാജ് ബബ്ബാര്‍ തോറ്റിരുന്നു. ഡിസംബറില്‍ ബിജെപി വിട്ട ഫൂലെ ഈ മാസം ആദ്യത്തിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാര്‍ട്ടിയുടെ ദലിത് വിരുദ്ധ നിലപാടിനെതിരേ വിമര്‍ശനമുന്നയിച്ചായിരുന്നു ഫൂലെയുടെ രാജി.

2005ലാണ് പ്രിയാ ദത്ത് ആദ്യമായി മല്‍സര രംഗത്തിറങ്ങിയത്. 2009ല്‍ സീറ്റ് നിലനിര്‍ത്തി. കുടുംബവുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ 2019ലെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് പ്രിയാ ദത്ത് നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍, ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായി താന്‍ മല്‍സര രംഗത്ത് തുടരുമെന്ന് ബുധനാഴ്ച്ച അവര്‍ പ്രഖ്യാപിക്കുകയായിരുന്നു.

കോണ്‍ഗ്രസ് 15 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക മാര്‍ച്ച് 7ന് പുറത്തുവിട്ടിരുന്നു. രാഹുല്‍ ഗാന്ധി പരമ്പരാഗത കോട്ടയായ അമേത്തിയിലും സോണിയാ ഗാന്ധി റായ് ബറേലിയിലും മല്‍സരിക്കും.

Next Story

RELATED STORIES

Share it