Sub Lead

പത്രിക പിന്‍വലിക്കാന്‍ രണ്ടര ലക്ഷം; വെളിപ്പെടുത്തലില്‍ പോലിസ് കെ സുന്ദരയുടെ മൊഴിയെടുക്കുന്നു

ഇക്കാര്യത്തില്‍ പ്രാഥമികാന്വേഷണം നടത്താന്‍ ജില്ലാ പോലിസ് മേധാവി നിര്‍ദേശം നല്‍കിയിരുന്നു. പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കി ബദിയടുക്ക പോലിസ് ജില്ലാ പോലിസ് മേധാവിക്ക് റിപോര്‍ട്ട് നല്‍കും. ഇതിനുശേഷമാവും തുടര്‍നടപടികളുണ്ടാവുക.

പത്രിക പിന്‍വലിക്കാന്‍ രണ്ടര ലക്ഷം; വെളിപ്പെടുത്തലില്‍ പോലിസ് കെ സുന്ദരയുടെ മൊഴിയെടുക്കുന്നു
X

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ രണ്ടരലക്ഷം രൂപ കിട്ടിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലിസ് മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയുടെ മൊഴിയെടുക്കുന്നു. മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥി വി വി രമേശന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇക്കാര്യത്തില്‍ പ്രാഥമികാന്വേഷണം നടത്താന്‍ ജില്ലാ പോലിസ് മേധാവി നിര്‍ദേശം നല്‍കിയിരുന്നു. പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കി ബദിയടുക്ക പോലിസ് ജില്ലാ പോലിസ് മേധാവിക്ക് റിപോര്‍ട്ട് നല്‍കും. ഇതിനുശേഷമാവും തുടര്‍നടപടികളുണ്ടാവുക.

സുന്ദരയെ ബദിയടുക്ക പോലിസ് മൊഴിയെടുക്കാന്‍ കൊണ്ടുപോയി. ഒളിവില്‍ കഴിയുന്ന സ്ഥലത്തുനിന്നാണ് സുന്ദരയെ മൊഴിയെടുക്കാന്‍ കൊണ്ടുപോയത്. മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിന് 15 ലക്ഷം രൂപ ചോദിച്ചിരുന്നതായും ബിജെപി നേതൃത്വം രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും തന്നുവെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 171ഇ, 171ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ ജയിച്ചാല്‍ കര്‍ണാടകയില്‍ സ്വന്തമായി ഒരു വൈന്‍ ഷോപ്പും വീടും നിര്‍മിച്ചുതരാമെന്ന വാഗ്ദാനവും ബിജെപി നേതാക്കള്‍ മുന്നോട്ടുവച്ചിരുന്നതായി സുന്ദര മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ മഞ്ചേശ്വരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി വി രമേശന്‍ കാസര്‍കോട് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. മഞ്ചേശ്വരത്തെ പ്രാദേശിക ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ വിജയം തടഞ്ഞുനിര്‍ത്തി സംസ്ഥാനത്തെ ഏറ്റവും വിലപിടിപ്പുള്ള അപരനായി മാറിയ സ്ഥാനാര്‍ഥിയാണു കെ സുന്ദര.

സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിച്ച കെ സുന്ദര 467 വോട്ടുകള്‍ പിടിച്ചെടുത്തപ്പോള്‍ കേവലം 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ ലീഗിലെ പി ബി അബ്ദുല്‍ റസ്സാഖിനോടു പരാജയപ്പെട്ടത്. ഇത്തവണ സുന്ദര ബിഎസ്പി ടിക്കറ്റിലാണ് മല്‍സരരംഗത്തിറങ്ങിയത്. അംഗീകൃത രാഷ്ട്രീയകക്ഷിയെന്ന നിലയില്‍ അക്ഷരമാലക്രമം വച്ചുനോക്കുമ്പോള്‍ വോട്ടിങ് യന്ത്രത്തില്‍ സുരേന്ദ്രന്റെ പേരിനു മുകളില്‍ സുന്ദരയുടെ പേര് സ്ഥാനം പിടിക്കുന്ന നിലയായിരുന്നു. ഇതോടെ എന്തുവില കൊടുത്തും സുന്ദരയെ പിന്‍മാറ്റാന്‍ ബിജെപി നേതാക്കള്‍ രംഗത്തിറങ്ങുകയായിരുന്നു.

Next Story

RELATED STORIES

Share it