Sub Lead

കേസില്‍ പേര് ചേര്‍ക്കാതിരിക്കാന്‍ രണ്ടു കോടി ചോദിച്ചു; മൂന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

എന്‍ഐഎ ബില്ലും യുഎപിഎ നിയമഭേദഗതിയും ഉള്‍പ്പെടെ പാര്‍ലിമെന്റില്‍ വിവിധ ഭേദഗതികള്‍ നടപ്പായതോടെ എന്‍ഐഎ അന്വേഷണ രീതിയിലും അടിമുടി മാറ്റംവരുത്തിയിട്ടുണ്ട്.

കേസില്‍ പേര് ചേര്‍ക്കാതിരിക്കാന്‍ രണ്ടു കോടി ചോദിച്ചു; മൂന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
X

ന്യൂഡല്‍ഹി: വ്യവസായിയോട് തീവ്രവാദ കേസില്‍ പേര് ചേര്‍ക്കാതിരിക്കാന്‍ രണ്ടുകോടി കൈക്കൂലി ആവശ്യപ്പെട്ട ദേശീയ അന്വേഷണ ഏജൻസിയിലെ (എന്‍ഐഎ) മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായിയോടാണ് തീവ്രവാദപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയെന്ന കേസില്‍ പേര് ഉള്‍പ്പെടുത്താതിരിക്കാൻ ഉദ്യോ​ഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിയുമായി വ്യവസായി രംഗത്ത് എത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

പരാതി ലഭിച്ചതോടെ മൂന്ന്പേരെ സ്ഥലം മാറ്റിയതായി എന്‍ഐഎ വക്താവ് സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. നടപടി നേരിട്ടവരില്‍ ഒരാള്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. സംഝോത എക്‌സ്പ്രസ് സ്‌ഫോടനം ഉള്‍പ്പെടയുള്ള കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മറ്റു രണ്ടുപേരും ജൂനിയര്‍ ഉദ്യോഗസ്ഥരാണ്. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ സംഭവത്തില്‍ അന്വേഷണം നടത്താനും എന്‍ഐഎ തീരുമാനിച്ചു.

ലഷ്കറെ ത്വയ്ബ തലവൻ ഹാഫിസ് സഈദ് നടത്തിയിരുന്ന ഫലാഹ്-ഇ-ഇന്‍സാനിയത്ത് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട കേസായിരുന്നു ഇവര്‍ അന്വേഷിച്ചിരുന്നത്. ദുരൂഹമായ പ്രവർത്തനങ്ങൾക്കായി പാകിസ്താനില്‍ നിന്നും ഇന്ത്യ വഴി ദുബയിലേക്ക് പണം കടത്തിയെന്നായിരുന്നു കുറ്റം.

ഹാഫിസ് സഈദ് ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേയായിരുന്നു കേസ്. ഇവർക്കെതിരേ യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്നാണ് വ്യവസായിയുടെ ഡല്‍ഹിയിലെ വസതിയില്‍ എന്‍ഐഎ പരിശോധനയ്ക്കെത്തിയത്. തുടര്‍ന്ന് കേസില്‍ പേര് ഉള്‍പ്പെടുത്താതിരിക്കാനായി ഇവര്‍ വ്യവസായിയോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

എന്‍ഐഎ ബില്ലും യുഎപിഎ നിയമഭേദഗതിയും ഉള്‍പ്പെടെ പാര്‍ലിമെന്റില്‍ വിവിധ ഭേദഗതികള്‍ നടപ്പായതോടെ എന്‍ഐഎ അന്വേഷണ രീതിയിലും അടിമുടി മാറ്റംവരുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it