Sub Lead

റഷ്യന്‍ സൈനിക വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നുവീണു; നാലുപേര്‍ മരിച്ചു, 25 പേര്‍ക്ക് പരിക്ക്

റഷ്യന്‍ സൈനിക വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നുവീണു; നാലുപേര്‍ മരിച്ചു, 25 പേര്‍ക്ക് പരിക്ക്
X

മോസ്‌കോ: തെക്കന്‍ റഷ്യന്‍ നഗരമായ യെസ്‌കിലെ ജനവാസ മേഖലയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. പരിശീലന പറക്കലിനിടെ എന്‍ജിന്‍ തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എസ്‌യു- 34 യുദ്ധവിമാനമാണ് പരിശീലനപ്പറക്കലിനിടെ തകര്‍ന്നുവീണതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതെത്തുടര്‍ന്നുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ ബഹുനില കെട്ടിടത്തിലെ അഞ്ച് നിലകള്‍ കത്തിനശിച്ചു. സമീപത്തെ ഒരു സ്‌കൂള്‍ ഒഴിപ്പിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, വിമാനത്തിലെ രണ്ട് പൈലറ്റുമാരും സുരക്ഷിതരായി പുറത്തുചാടി.

ടേക്ക് ഓഫിനിടെ ഒരു എന്‍ജിനിലുണ്ടായ തീപ്പിടിത്തമാണ് അപകടത്തിന് കാരണമെന്നാണ് പൈലറ്റുമാര്‍ നല്‍കുന്ന റിപോര്‍ട്ടെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ആര്‍ഐഎ നോവോസ്റ്റി റിപോര്‍ട്ട് ചെയ്തു. അസോവ് കടലിന്റെ തീരത്തുള്ള തുറമുഖ പട്ടണമാണ് യെസ്‌ക്. തെക്കന്‍ യുക്രെയ്‌നിലെ അധിനിവേശ റഷ്യന്‍ പ്രദേശത്ത് നിന്ന് കടലിന്റെ ഇടുങ്ങിയ വിസ്തൃതിയാല്‍ വേര്‍തിരിക്കപ്പെടുന്നു. അപകടത്തിന്റെ അനന്തരഫലങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ജനവാസ മേഖലയില്‍ പുക ഉയരുന്നതും തീ ആളിപ്പടരുന്നതും പുറത്തുവന്നിട്ടുണ്ട്. നൂറുകണക്കിനാളുകള്‍ താമസിക്കുന്ന കെട്ടിടമാണ് അഗ്‌നിക്കിരയായത്. അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ അധികൃതരോട് പറഞ്ഞതായി ക്രെംലിന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ക്രാസ്‌നോദര്‍ ക്രൈ മേഖലയിലെ പ്രോസിക്യൂട്ടറുടെ ഓഫിസും സതേണ്‍ മിലിട്ടറി ഡിസ്ട്രിക്റ്റിലെ മിലിട്ടറി പ്രോസിക്യൂട്ടറുടെ ഓഫിസും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബഹുനില കെട്ടിടത്തിലെ ഒരു ഡസനിലധികം അപ്പാര്‍ട്ടുമെന്റുകളില്‍ പടര്‍ന്ന തീ പിന്നീട് നിയന്ത്രണവിധേയമാക്കിയതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നുയരുന്ന തീ അണച്ചു. സമീപത്തെ വീടുകളിലെ താമസക്കാരെ ഒഴിപ്പിക്കുന്നത് റദ്ദാക്കി. തീ നിയന്ത്രണവിധേയമായി- ക്രാസ്‌നോദര്‍ ക്രൈ മേഖലയുടെ തലവന്‍ വെനിയമിന്‍ കോണ്ട്രാറ്റീവ് തന്റെ ടെലിഗ്രാം ചാനലില്‍ പറഞ്ഞു. കെട്ടിടത്തില്‍ നിന്ന് നൂറോളം പേരെ ഒഴിപ്പിച്ചതായി പ്രാദേശിക സര്‍ക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ടാസിനോട് പറഞ്ഞു.

Next Story

RELATED STORIES

Share it