Sub Lead

കാരക്കോണത്തെ 51കാരിയുടെ മരണം: ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പോലിസ്

മരിച്ച ശാഖയെ ഭര്‍ത്താവ് അരുണ്‍ കുമാര്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. പ്രതി അരുണ്‍ കുറ്റം സമ്മതിച്ചതായി പോലിസ് പറഞ്ഞു.

കാരക്കോണത്തെ 51കാരിയുടെ മരണം: ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പോലിസ്
X

തിരുവനന്തപുരം: കാരക്കോണത്ത് 51കാരിയുടെ മരണം കൊലപാതകമെന്ന് പോലിസ്. ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി (51) ആണ് കൊല്ലപ്പെട്ടത്. മരിച്ച ശാഖയെ ഭര്‍ത്താവ് അരുണ്‍ കുമാര്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. പ്രതി അരുണ്‍ കുറ്റം സമ്മതിച്ചതായി പോലിസ് പറഞ്ഞു.

ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. മരണത്തില്‍ ദുരൂഹത സംശയിച്ച് ഭര്‍ത്താവിനെ പോലിസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നു പുലര്‍ച്ചെയാണ് ശാഖാ കുമാരി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കമിഴ്ന്നു കിടന്ന മൃതദേഹത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. അരുണാണ് വിവരം അയല്‍വാസികളെ അറിയിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചിട്ട് മണിക്കൂറുകള്‍ ആയെന്നായിരുന്നു ഡോക്ടറുടെ മറുപടി.

28 കാരനായ ബാലരാമപുരം സ്വദേശി അരുണ്‍ കുമാറിനെ രണ്ടു മാസം മുമ്പാണ് ശാഖാകുമാരി വിവാഹം കഴിച്ചത്. ക്രിസ്മസ് ദീപാലങ്കാരത്തില്‍ നിന്നും ഷോക്കേറ്റാണ് ശാഖകുമാരി മരിച്ചതെന്നാണ് അരുണ്‍ പോലിസിനോടും നാട്ടുകാരോടും പറഞ്ഞത്. എന്നാല്‍ ഇതില്‍ സംശയം തോന്നി പോലിസ് നടത്തിയ ചോദ്യം ചെയ്യലിലാണ് അരുണ്‍ കുറ്റം സമ്മതിച്ചത്. വീട്ടിനകത്ത് അലങ്കാര ബള്‍ബുകളിടാനായി വൈദ്യുത മീറ്ററില്‍ നിന്നെടുത്ത കേബിളില്‍ നിന്നാണ് ഷോക്കേറ്റത്.

മതാചാര പ്രകാരം രണ്ടുമാസം മുമ്പാണ് ശാഖാകുമാരിയും അരുണുമായുള്ള വിവാഹം നടത്തിയത്. എന്നാല്‍ വിവാഹത്തില്‍ അരുണിന്റെ ബന്ധുക്കള്‍ ആരും പങ്കെടുത്തിരുന്നില്ല. വിവാഹം രഹസ്യമാക്കി വെക്കാന്‍ അരുണ്‍ ശ്രദ്ധിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇരുവരും തമ്മില്‍ പലപ്പോഴും വഴക്കുണ്ടായിരുന്നതായും, മുമ്പും ശാഖയെ കൊലപ്പെടുത്താന്‍ അരുണ്‍ ശ്രമിച്ചിരുന്നതായും വീട്ടില്‍ ശാഖാകുമാരിയുടെ അമ്മയെ ശുശ്രൂഷിച്ചിരുന്ന ഹോം നഴ്‌സ് വെളിപ്പെടുത്തിയിട്ടുണ്ട്. മീറ്ററില്‍ നിന്ന് ശാഖാകുമാരിയെ ഷോക്കടിപ്പിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ശ്രമം വിജയിച്ചില്ല.

വിവാഹ ഫോട്ടോ ശാഖകുമാരി പുറത്തു വിട്ടതിനെച്ചൊല്ലി കഴിഞ്ഞദിവസം ഇരുവരും തമ്മില്‍ വഴക്കിട്ടതായും ഹോം നഴ്‌സ് പറഞ്ഞു. സാമ്പത്തികമായി മികച്ച നിലയിലുള്ളതാണ് ശാഖാകുമാരിയുടെ കുടുംബം. സ്വത്ത് തട്ടിയെടുക്കലാണോ കൊലപാതകത്തിന് പിന്നിലെന്ന് പോലിസ് അന്വേഷിച്ചു വരികയാണ്.

Next Story

RELATED STORIES

Share it