Sub Lead

ഗസയില്‍ വെടിനിര്‍ത്തലിന് വഴിയൊരുങ്ങുന്നു; ഒത്തുതീര്‍പ്പിന് ഒരുങ്ങി ഹമാസ്

ഗസയില്‍ വെടിനിര്‍ത്തലിന് വഴിയൊരുങ്ങുന്നു; ഒത്തുതീര്‍പ്പിന് ഒരുങ്ങി ഹമാസ്
X


ഗസ: ഗസയില്‍ വെടിനിര്‍ത്തലിന് വഴിയൊരുങ്ങുന്നു. ഇസ്രായേല്‍ ബന്ദികളെ വിട്ടയയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഹമാസ് വഴങ്ങിയതോടെയാണ് സംഘര്‍ഷങ്ങള്‍ താല്‍ക്കാലികമായി അവസാനിക്കുന്നത്. ഘട്ടം ഘട്ടമായ വെടിനിര്‍ത്തലിനു യുഎസ് വച്ച വ്യവസ്ഥകള്‍ക്കാണ് ഹമാസ് പ്രാഥമിക അംഗീകാരം നല്‍കിയത്.

കരാര്‍ ഒപ്പിടും മുന്‍പേ സ്ഥിരം വെടിനിര്‍ത്തലിന് ഇസ്രായേല്‍ സമ്മതിക്കണമെന്ന സുപ്രധാന ആവശ്യം ഒഴിവാക്കാനും ഹമാസ് സമ്മതിച്ചു. പകരം 6 ആഴ്ച നീളുന്ന ആദ്യഘട്ട വെടിനിര്‍ത്തലിനിടെ ചര്‍ച്ചകളിലൂടെ സ്ഥിരം വെടിനിര്‍ത്തലിലേക്ക് എത്താമെന്ന ധാരണയുടെ അടിസ്ഥാനത്തിലാവും സമാധാനശ്രമം ആരംഭിക്കുക. ദോഹയിലെ പ്രാരംഭ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ഇരുപക്ഷവും ധാരണയായിട്ടുണ്ട്.

സ്ഥിരം യുദ്ധവിരാമമില്ലാതെ ഏതുതരം വെടിനിര്‍ത്തല്‍ കരാറിനുമില്ലെന്ന നിലപാട് ഹമാസ് ഉപേക്ഷിച്ചതായി സംഘടന പ്രതിനിധികളും ഈജിപ്ത് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഗസയില്‍ വെടിനിര്‍ത്തലിനായി യു.എസ് കാര്‍മികത്വത്തില്‍ അടുത്തിടെ നീക്കങ്ങള്‍ വീണ്ടും സജീവമായിരുന്നു. ഇതിനു പിന്നാലെയാണ് ഹമാസ് കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് തയാറാകുന്നത്. ഗസയില്‍ വെടിനിര്‍ത്തിയാല്‍ ഇസ്രായേലിനെതിരായ ആക്രമണം അവസാനിപ്പിക്കുമെന്ന് ലബനാന്‍ ആസ്ഥാനമായുള്ള ഹിസ്ബുള്ളയും വ്യക്തമാക്കിയിട്ടുണ്ട്.

ആറാഴ്ചത്തെ വെടിനിര്‍ത്തലും ബന്ദികളുടെ കൈമാറ്റവുമാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. സ്ത്രീകളും മുതിര്‍ന്നവരം കുട്ടികളും പരിക്കേറ്റവരുമാണ് വിട്ടയക്കപ്പെടുന്ന ഇസ്രായേലി ബന്ദികളില്‍ ആദ്യം ഉള്‍പ്പെടുക. പകരം നൂറുകണക്കിന് ഫലസ്തീന്‍ തടവുകാരെ ഇസ്രായേലും കൈമാറും. ഈ ഘട്ടത്തില്‍ ഗസയിലെ പട്ടണങ്ങളില്‍നിന്ന് ഇസ്രായേല്‍ സേന പിന്മാറും.

മാത്രമല്ല, പലായനം ചെയ്തവരെ ഉത്തര ഗസയിലേക്ക് തിരിച്ചുവരാനും അനുവദിക്കും. സൈനികരും സാധാരണക്കാരുമായ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കലാണ് രണ്ടാം ഘട്ടത്തിലെ പ്രധാന നിബന്ധന. പകരം കൂടുതല്‍ ഫലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ വിട്ടയക്കും. മൂന്നാം ഘട്ടത്തില്‍ ബന്ദികളുടെ മൃതദേഹങ്ങളും സൈനികരടക്കം അവശേഷിക്കുന്ന ബന്ദികളെയും തിരികെ കൊണ്ടുവരുകയും വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ഗസ പുനര്‍നിര്‍മാണ പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്യും.

ഫലസ്തീനെതിരായ ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന ഇസ്രായേലിന്റെ ഉറപ്പ് രേഖാമൂലം നല്‍കണമെന്നാണ് ഹമാസ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കാതെ ആക്രമണം അവസാനിപ്പിക്കില്ലെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ നിലപാട്.






Next Story

RELATED STORIES

Share it