Sub Lead

രാത്രിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തും, പകല്‍ ലക്ഷങ്ങളെ പങ്കെടുപ്പിച്ച് റാലിയും സംഘടിപ്പിക്കും; യോഗി സര്‍ക്കാരിന്റെ കൊവിഡ് നിയന്ത്രണങ്ങളെ കളിയാക്കി ബിജെപി എംപി വരുണ്‍ ഗാന്ധി

വരുണ്‍ ഗാന്ധിയും അമ്മ മനേകാ ഗാന്ധിയും ബിജെപിയുമായി ഉടക്കി നില്‍ക്കുകയാണെന്ന പ്രചാരണം നിലനില്‍ക്കേയാണ് യോഗി സര്‍ക്കാറിനെ നിരന്തരം പ്രതിസന്ധിയിലാക്കി വരുണ്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ പുറത്തുവരുന്നത്

രാത്രിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തും, പകല്‍ ലക്ഷങ്ങളെ പങ്കെടുപ്പിച്ച് റാലിയും സംഘടിപ്പിക്കും;  യോഗി സര്‍ക്കാരിന്റെ കൊവിഡ് നിയന്ത്രണങ്ങളെ കളിയാക്കി ബിജെപി എംപി വരുണ്‍ ഗാന്ധി
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിന്റെ കൊവിഡ് നിയന്ത്രണങ്ങളെ കളിയാക്കി ബിജെപി എംപി വരുണ്‍ ഗാന്ധി രംഗത്ത്. രാത്രിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തും, എന്നിട്ട് പകല്‍ ലക്ഷങ്ങളെ പങ്കെടുപ്പിച്ച് റാലി സംഘടിപ്പിക്കുകയും ചെയ്യും. വരുണ്‍ ഗാന്ധി വിമര്‍ശിച്ചു. സാധാരണക്കാരുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്നതിനും അപ്പുറമാണിത്. ഉത്തര്‍പ്രദേശിന്റെ പരിമിതമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഭയാനകമായ ഒമിക്രോണ്‍ വ്യാപനം തടയുന്നതിനാണോ അതോ തിരഞ്ഞെടുപ്പ് ശക്തി പ്രകടനത്തിനാണോ മുന്‍ഗണന നല്‍കേണ്ടതെന്നു സത്യസന്ധമായി തീരുമാനിക്കണം' വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് കര്‍ഫ്യൂ.

വിവാഹം, മറ്റ് ആഘോഷങ്ങള്‍ എന്നിവക്ക് 200ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല. പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും കൊവിഡ് മാനദണ്ഡങ്ങള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം നിരവധി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. രാജ്യത്ത് ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം 578 ആയി. രാജ്യത്ത് 19 സംസ്ഥാനങ്ങളിലാണ് ഇതുവരെ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയിലാണ് കൂടുതല്‍ രോഗികള്‍. രോഗികള്‍ കൂടുതലുള്ള ഇടങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.

ഡല്‍ഹിയില്‍ ഇന്നു മുതല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വരും. ഐസൊലേഷന്‍ കിടക്കകളും മെഡിക്കല്‍ ഓക്‌സിജനും ആവശ്യത്തിന് ഉണ്ടെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങളൊന്നും കാര്യക്ഷമമായി എടുക്കാതെ രാത്രി കാല കര്‍ഫ്യൂ മാത്രം ഏര്‍പ്പെടുത്തിയതിനെയാണ് വരുണ്‍ ഗാന്ധി വിമര്‍ശിച്ചത്. വരുണ്‍ ഗാന്ധിയും അമ്മ മനേകാ ഗാന്ധിയും ബിജെപിയുമായി ഉടക്കി നില്‍ക്കുകയാണെന്ന പ്രചാരണം നിലനില്‍ക്കേയാണ് യോഗി സര്‍ക്കാറിനെ നിരന്തരം പ്രതിസന്ധിയിലാക്കി വരുണ്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ പുറത്തുവരുന്നത്.

Next Story

RELATED STORIES

Share it