Sub Lead

യുപി പോലിസ് കസ്റ്റഡിയില്‍ മുസ്‌ലിം യുവാവ് കൊല്ലപ്പെട്ട സംഭവം: എസ്ഡിപിഐ പ്രതിനിധി സംഘം അല്‍ത്താഫിന്റെ വീട് സന്ദര്‍ശിച്ചു

യുപി പോലിസ് കസ്റ്റഡിയില്‍ മുസ്‌ലിം യുവാവ് കൊല്ലപ്പെട്ട സംഭവം:   എസ്ഡിപിഐ പ്രതിനിധി സംഘം അല്‍ത്താഫിന്റെ വീട് സന്ദര്‍ശിച്ചു
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ പോലിസ് കസ്റ്റഡില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട 22 കാരനായ അല്‍ത്താഫിന്റെ കുടുംബത്തെ എസ്ഡിപിഐ പ്രതിനിധി സംഘം വീട്ടിലെത്തി സന്ദര്‍ശിച്ചു. കാസ്ഗഞ്ച് ജില്ലയിലെ ഐറോളി ഗ്രാമത്തിലെ വീട്ടിലെത്തിയാണ് എസ്ഡിപിഐ ഉത്തര്‍പ്രദേശ് സംസ്ഥാന ഭാരവാഹികള്‍ നിയമ പോരാട്ടങ്ങള്‍ക്ക് പിന്തുണ അറിയിച്ചത്.

ഇരയുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ഉറപ്പ് നല്‍കിയിട്ടുണ്ട്. സംഘത്തില്‍ എസ്ഡിപിഐ വെസ്‌റ്റേണ്‍ ഉത്തര്‍പ്രദേശ് പ്രസിഡന്റ് മുഹമ്മദ് കാമില്‍, ഖജാഞ്ചി മൗലാന ഖമര്‍ മസ്ഹരി, മീററ്റ് ജില്ലാ പ്രസിഡന്റ് റിസ്വാന്‍ അഹമ്മദ്, മുന്‍ കോഓപ്പറേറ്റീവ് സൊസൈറ്റി കിത്തോര്‍ മീററ്റ് ചെയര്‍മാന്‍ ചൗധരി റിഫാഖത്ത് എന്നിവരും ഉണ്ടായിരുന്നു.

ഇക്കഴിഞ്ഞ നവംബര്‍ ഒമ്പതിന് ഉത്തര്‍പ്രദേശിലെ സദര്‍ പോലിസ് കസ്റ്റഡിയിലെടുത്ത അല്‍ത്താഫ് ആണ് പോലിസ് കസ്റ്റഡിയില്‍ കഴിയവെ കൊല്ലപ്പെട്ടത്. അല്‍ത്താഫ് ലോക്കപ്പനുള്ളിലെ ടോയ്‌ലറ്റില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലിസിന്റെ വാദം.

എന്നാല്‍, അല്‍ത്താഫിനെ പോലിസ് കൊന്ന് കെട്ടി തൂക്കിയതാണെന്ന ആരോപണവുമായി ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. അല്‍ത്താഫ് തൂങ്ങിമരിച്ചതെന്ന് പറയുന്ന ടോയ്‌ലറ്റിലെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പോലിസിന്റെ വാദം തള്ളിയത്. പോലിസിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങള്‍.

ടോയ്‌ലറ്റിലെ രണ്ട് അടി മാത്രം ഉയരത്തിലുള്ള പൈപ്പില്‍ അഞ്ചടിയില്‍ കൂടുതല്‍ ഉയരമുള്ള ഒരാള്‍ എങ്ങിനേയാണ് തുങ്ങിമരിച്ചതെന്ന് ബന്ധുക്കളും ചോദിക്കുന്നു. ജയിലിന്റേയും അല്‍ത്താഫ് തൂങ്ങിയെന്ന് പറയുന്ന പൈപ്പിന്റേയും വ്യക്തമായ വീഡിയോ ദൃശ്യങ്ങളും നിരവധി പേര്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

ചോദ്യം ചെയ്യലിനിടെ അല്‍ത്താഫ് ശുചിമുറിയില്‍ പോവണമെന്ന് ആവശ്യപ്പെട്ടതായാണ് പോലിസ് പറയുന്നത്. ലോക്കപ്പിനുള്ളിലെ ശുചിമുറിയില്‍ പോലിസ് അല്‍ത്താഫിനെ കൊണ്ടുപോയി. ഏറെ സമയം കഴിഞ്ഞിട്ടും കാണാതെ വന്നതോടെയാണ് പോലിസ് പരിശോധിക്കാന്‍ പോയത്. വാതില്‍ തുറന്ന് അകത്ത് കയറി നോക്കിയപ്പോള്‍ അല്‍ത്താഫിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തന്റെ ജാക്കറ്റ് കുളിമുറിയിലെ പൈപ്പില്‍ കെട്ടി കഴുത്തില്‍ മുറുക്കിയാണ് ഇയാള്‍ തൂങ്ങിയതെന്ന് എസ്പി ബോത്രെ പറയുന്നു. പോലിസുകാര്‍ കെട്ടഴിച്ച് ഉടന്‍തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഏറെ നേരം കഴിഞ്ഞപ്പോള്‍ അല്‍ത്താഫ് മരണപ്പെടുകയായിരുന്നു. അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ അനാസ്ഥ കാണിച്ചതിനാണ് അഞ്ച് പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തതെന്നും ബോത്രെ കൂട്ടിച്ചേര്‍ത്തു. യുവാവ് തൂങ്ങി മരിച്ചതാണെന്ന പോലിസിന്റെ വാദം തള്ളുന്നതാണ് പുറത്ത് വന്ന വീഡിയോ. അല്‍ത്താഫ് കാല്‍ നിലത്ത് മുട്ടി ചരിഞ്ഞ് കിടക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

അല്‍്ത്താഫ് പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അല്‍ത്താഫിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കാംപയിനും സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആയി.

അല്‍ത്താഫിന്റെ മരണത്തില്‍ പോലിസിനെതിരേ ഗുരുതരമായ ആരോപണവുമായി പിതാവ് കൊല്ലപ്പെട്ട ദിവസം തന്നെ രംഗത്തുവന്നിരുന്നു. അല്‍ത്താഫ് തൂങ്ങിമരിച്ചതല്ലെന്നും പോലിസ് ലോക്കപ്പില്‍ കൊന്ന് കെട്ടിത്തൂക്കിയതാണെന്നും പിതാവ് ചാഹത് മിയ ആരോപിച്ചു.

Next Story

RELATED STORIES

Share it