- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യ ഇല്ലാതാക്കപ്പെടുന്നു, ഈ ഭീകര നിമിഷത്തിലാണ് ഞാൻ നിങ്ങൾക്ക് കത്തെഴുതുന്നത്: ആനന്ദ് തെൽതുംബ്ദെ
ഭീമ കൊറേഗാവ് വാർഷികാഘോഷത്തിന് നേരെ നടന്ന സംഘപരിവാർ ആക്രമണത്തിന് പിന്നാലെ നടന്ന ദലിത് ചെറുത്തുനിൽപ്പിന്റെ ഗൂഡാലോചന നടത്തിയെന്നാരോപിച്ചാണ് ഇവരെ തടവിലാക്കിയത്.
സംഘപരിവാർ ഭരണകൂടം യുഎപിഎ ചുമത്തി വരവര റാവു, സുധാ ഭരദ്വാജ്, ഷോമാസെന്‍, സുധീര്‍ ധാവ്‌ലെ, സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റൗട്ട്, റോണാ വില്‍സണ്‍, അരുണ്‍ ഫെരെയ്‌ര, വെര്‍ണോണ്‍ ഗോണ്‍സാല്‍വസ്, ആനന്ദ് തെൽതുംബ്ദെ ഗൗതം നവ്‌ലാഖ എന്നിവരെ തടവിലാക്കിയിരിക്കുകയാണ്. ഭീമ കൊറേഗാവ് വാർഷികാഘോഷത്തിന് നേരെ നടന്ന സംഘപരിവാർ ആക്രമണത്തിന് പിന്നാലെ നടന്ന ദലിത് ചെറുത്തുനിൽപ്പിന്റെ ഗൂഡാലോചന നടത്തിയെന്നാരോപിച്ചാണ് ഇവരെ തടവിലാക്കിയത്. എൻഐഎക്ക് മുമ്പാകെ കീഴടങ്ങും മുമ്പ് ആനന്ദ് തെൽതുംബ്ദെ ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കുമായി എഴുതിയ തുറന്ന കത്തിന്റെ സ്വതന്ത്ര പരിഭാഷ
ഭാരതീയ ജനതാപാർട്ടിയുടെയും രാഷ്ട്രീയ സ്വയംസേവക് സംഘിന്റെയും അവർക്ക് വേണ്ടി ശബ്ദിക്കുന്ന മാധ്യമങ്ങളുടെയും നുണപ്രചാരണങ്ങളിൽ ഇത് പൂർണ്ണമായും മുങ്ങിപ്പോയേക്കാമെന്ന് എനിക്കറിയാം, പക്ഷേ എനിക്ക് മറ്റൊരു അവസരം ലഭിക്കുമോ എന്ന് അറിയാത്തതിനാൽ നിങ്ങളോട് ഇപ്പോൾ സംസാരിക്കുന്നത് ഗുണകരമായിരിക്കുമെന്ന് ഞാൻ കരുതുന്നു.
2018 ആഗസ്തിൽ ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റിന്റെ ഫാക്കൽറ്റി കോംപ്ലെക്സിലെ എന്റെ വീട്ടിൽ നടന്ന പോലിസ് റെയ്ഡിന് ശേഷം എന്റെ ലോകം കീഴ്മേൽ മറിഞ്ഞതുപോലെയാണ്. പിന്നീട് എനിക്ക് സംഭവിച്ച കാര്യങ്ങൾ എന്റെ ഏറ്റവും മോശം സ്വപ്നങ്ങളിൽ പോലും ഞാൻ സങ്കല്പിച്ചിരുന്നില്ല. എന്റെ പ്രഭാഷണങ്ങൾ സംഘടിപ്പിക്കുന്നവരെ, കൂടുതലും സർവകലാശാല അധികൃതരെ പോലിസ് നിരന്തരം ചോദ്യം ചെയ്യുകയും ഭയപ്പെടുത്തുകയും ചെയ്യാറുണ്ടെന്ന് എനിക്കറിയാമായിരുന്നു. എന്നാൽ വർഷങ്ങൾക്കു മുമ്പേ വീട് വിട്ടുപോയ എന്റെ സഹോദരനുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിച്ചാകാം അതെന്നാണ് കരുതിയത്.
ഞാൻ ഐഐടി ഖരഗ്പൂരിൽ അധ്യാപകനായിരിക്കെ എന്റെ അഭ്യുദയകാംക്ഷിയായ ബിഎസ്എൻഎല്ലിലെ ഒരു ഉദ്യോഗസ്ഥൻ എന്റെ ഫോൺ നിരന്തരം ചോർത്തപ്പെടുന്നതായി എന്നെ അറിയിച്ചിരുന്നു. ഞാൻ അദ്ദേഹത്തോട് നന്ദി പറഞ്ഞെങ്കിലും എന്റെ സിം പോലും ഞാൻ ഇതുവരെ മാറ്റിയിട്ടില്ല. സ്വകാര്യതയിലേക്കുള്ള ഇത്തരം നുഴഞ്ഞുകയറ്റം എന്നെ അസ്വസ്ഥമാക്കിയപ്പോഴും ഞാനൊരു സാധാരണ ആളാണെന്നും നിയമ വിരുദ്ധമായി ഒന്നും പ്രവർത്തിക്കുന്നില്ലെന്നും പോലിസിന് ബോധ്യമാകുമല്ലോയെന്ന് കരുതി ഞാൻ സ്വയം ആശ്വസിച്ചു. പോലിസിനെ ചോദ്യം ചെയ്യുന്നതിനാൽ പൗരാവകാശ പ്രവർത്തകരെ അവർക്ക് ഇഷ്ടമല്ല. ഞാൻ ആ കൂട്ടത്തിൽ പെടുന്നതിനാലാണ് ഈ നീക്കമെന്ന് ഞാൻ വിചാരിച്ചു. പൗരാവകാശ പ്രവർത്തനം പോലും എനിക്ക് മുഴുവൻ സമയ ജോലി കാരണം പരിമിതമാണെന്ന് പോലിസ് മനസിലാക്കുമെന്നും ഞാൻ ധരിച്ചു.
പോലിസ് എന്നെ അന്വേഷിച്ച് കാംപസ് റെയ്ഡ് ചെയ്തതായി അതിരാവിലെ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ എന്നെ ഫോൺ വിളിച്ചറിയിച്ചപ്പോൾ കുറച്ചു നേരത്തേക്കു ഞാൻ സ്തബ്ധനായി പോയി. മണിക്കൂറുകൾക്കു മുമ്പ് ഔദ്യോഗിക കാര്യങ്ങൾക്കായി ഞാൻ മുംബൈയിൽ എത്തിയതേ ഉണ്ടായിരുന്നുള്ളു. എനിക്ക് മുൻപേ എന്റെ ഭാര്യയും മുംബൈയിലേക്കു വന്നിരുന്നു. എന്നാൽ അന്നെ ദിവസം വീട്ടിൽ റെയ്ഡ് നടക്കുകയും അറസ്റ്റ് ചെയ്യപെടുകയും ചെയ്തവരെ കുറിച്ചറിഞ്ഞപ്പോൾ തലനാരിഴക്ക് ഞാൻ രക്ഷപ്പെടുകയായിരുന്നുവെന്ന് എനിക്ക് ബോധ്യപ്പെട്ടു. ഞാൻ എവിടെയാണെന്ന് പോലിസിന് കൃത്യമായി വിവരമുണ്ടായിരുന്നെങ്കിലും അവർക്ക് മറ്റു മാർഗങ്ങളുള്ളതിനാൽ അവരെന്നെ അറസ്റ്റ് ചെയ്തില്ല. അവർ എന്റെ വീട്ടിലെ സെക്യൂരിറ്റിയുടെ കയ്യിൽ നിന്ന് ഡ്യൂപ്ലിക്കേറ്റ് താക്കോൽ വാങ്ങി വീട് തുറക്കുകയും പരിശോധനകൾക്കു ശേഷം എല്ലാം വീഡിയോയിൽ പകർത്തി താക്കോൽ തിരികെ ഏൽപ്പിക്കുകയും ചെയ്തു.
ഞങ്ങളുടെ അഗ്നിപരീക്ഷ അവിടെ നിന്ന് ആരംഭിച്ചിരുന്നു. ഞങ്ങളുടെ അഭിഭാഷകർ പറഞ്ഞതനുസരിച്ചു എന്റെ ഭാര്യ അടുത്ത വിമാനത്തിൽ തന്നെ ഗോവയിലേക്ക് പോയി ബിച്ചോലിം പോലിസ് സ്റ്റേഷനിൽ പരാതി നൽകി. പോലിസ് ആരുമില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കടന്നതായും ഇനി എന്തെങ്കിലും മനപൂർവം അവിടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഞങ്ങൾക്കതിൽ ഉത്തരവാദിത്വമില്ലെന്നും പരാതിയിൽ ബോധിപ്പിച്ചിരുന്നു. പോലിസിന് തുടരന്വേഷണങ്ങൾക്കായി ഞങ്ങളുടെ ഫോൺ നമ്പർ കൂടി നൽകിയിരുന്നു.
വിചിത്രമെന്ന് പറയട്ടെ ഇതിന് പിന്നാലെ പോലിസ് പത്രസമ്മേളനം നടത്തി അവരുടെ മാവോവാദി തിരക്കഥ പുറത്തുവിട്ടു. അവർക്ക് വിധേയരായ മാധ്യമങ്ങളിലൂടെ എനിക്കും അറസ്റ്റുചെയ്യപ്പെട്ട മറ്റുള്ളവർക്കുമെതിരേ പൊതുസമൂഹത്തിൽ മുൻവിധികൾ പ്രചരിപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്‌ഷ്യം. ആഗസ്ത് മുപ്പത്തിയൊന്നിന് അത്തരമൊരു പത്രസമ്മേളനത്തിൽ ഒരു പോലിസ് ഉദ്യോഗസ്ഥൻ മുമ്പ് അറസ്റ്റിലായവരുടെ കമ്പ്യൂട്ടറിൽ നിന്ന് കണ്ടെടുത്തതായി പറയപ്പെടുന്ന ഒരു കത്ത് എനിക്കെതിരെയുള്ള തെളിവായി മാധ്യമങ്ങൾക്കു മുൻപിൽ വായിക്കുകയുണ്ടായി. ഞാൻ മുമ്പൊരിക്കൽ പങ്കെടുത്ത അക്കാഡമിക് കോൺഫറൻസിൽ നിന്നുള്ള വിവരങ്ങളാണ് അതിൽ ഉണ്ടായിരുന്നത്. ഈ വിവരങ്ങളെല്ലാം അമേരിക്കൻ യൂനിവേഴ്സിറ്റി ഓഫ് പാരീസിന്റെ വെബ്‌സൈറ്റിൽ ലഭ്യമായിട്ടുള്ളതാണ് താനും. ആദ്യമെനിക്ക് ചിരിയാണ് വന്നതെങ്കിലും പിന്നീട് ആ ഉദ്യോഗസ്ഥനെതിരായി അപകീർത്തിക്കു കേസ് ഫയൽ ചെയ്യാൻ തീരുമാനിച്ചു നടപടി പ്രകാരം മഹാരാഷ്ട്ര സർക്കാരിന് 2018 സെപ്തംബർ 5 ന് കത്തയച്ചു . എന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. പോലീസിന്റെ പത്രസമ്മേളനങ്ങൾ ഹൈക്കോടതി ശാസിച്ചതോടെ നിർത്തി.
കേസിന്റെ നാൾവഴികളിൽ മുഴുവൻ ആർഎസ്എസന്റെ ഇടപെടൽ വ്യക്തമായിരുന്നു. എന്നെപോലെയൊരാൾക്ക് ഗവൺമെന്റിന്റെ ഗൂഢാലോചനയെയോ അവരുടെ വാലാട്ടികളായ മാധ്യമങ്ങളെയോ എതിർക്കാനുള്ള ശേഷിയില്ല. അവരുടെ പ്രവർത്തകരിലൊരാളായ രമേശ് പതങ്കെ 2015 ഏപ്രിലിൽ എന്നെ ലക്ഷ്യംവച്ച് അവരുടെ മുഖപത്രമായ പാഞ്ചജന്യയിൽ ഒരു ലേഖനം എഴുതിയതായി എന്റെ മറാത്തി സുഹൃത്തുക്കൾ എന്നോട് പറഞ്ഞിരുന്നു. അരുന്ധതി റോയ്, ഗെയിൽ ഓംവെദത്ത് എന്നിവർക്കൊപ്പം എന്നെ "മായാവി അംബേദ്കർവാദി" എന്നാണവർ സംബോധന ചെയ്തത്.
ഹിന്ദു പുരാണത്തിലെ "മായാവി" എന്നത് നശിപ്പിക്കപ്പെടേണ്ട ഒരു ഭൂതത്തെ സൂചിപ്പിക്കുന്നതാണ്. സുപ്രിംകോടതിയുടെ സംരക്ഷണയിൽ ആയിരിക്കുമ്പോൾ പൂനെ പോലിസ് എന്നെ നിയമവിരുദ്ധമായി അറസ്റ്റുചെയ്തിരുന്നു. ആ സമയത്ത് ഹിന്ദുത്വ ബ്രിഗേഡിലെ ഒരു സൈബർ സംഘം എന്റെ വിക്കിപീഡിയ പേജ് നശിപ്പിച്ചു. ഈ പേജ് ഒരു പൊതു പേജാണ്, വർഷങ്ങളായി എനിക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നു.
അവർ ആദ്യം പേജിലെ എല്ലാ വിവരങ്ങളും ഇല്ലാതാക്കി. "അദ്ദേഹത്തിന് ഒരു മാവോവാദി സഹോദരനുണ്ട്… അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്യപ്പെട്ടു… മാവോവാദികളുമായുള്ള ബന്ധത്തിന് അറസ്റ്റിലായി,"…എന്ന് എഴുതി ചേർത്തു. എന്റെ ചില വിദ്യാർഥികൾ പിന്നീട് എന്നോട് പറഞ്ഞു, അവർ പേജ് പഴയതുപോലെ ആക്കാൻ ശ്രമിക്കുമ്പോൾ ഹിന്ദുത്വ ബ്രിഗേഡിലെ സൈബർ സംഘം അതിൽ വീണ്ടും കയറുകയും എല്ലാം ഇല്ലാതാക്കുകയും അവഹേളനപരമായ ഉള്ളടക്കം ഇടുകയും ചെയ്യുന്നുവെന്ന്. ഒടുവിൽ വിക്കിപീഡിയ ഇടപെടുകയും അവർ എഴുതിച്ചേർത്ത അവഹേളനപരമായ ചില ഉള്ളടക്കങ്ങൾ ഉൾക്കൊള്ളിച്ച് പേജ് നിലനിർത്തുകയും ചെയ്തു.
തുടർന്ന് 2019 ഒക്ടോബറിൽ പെഗാസസ് കഥ പുറത്തുവന്നു. എന്റെയും മറ്റാരോപണ വിധേയരായവരുടേയും ഫോണിൽ ഇസ്രായേലി സ്പൈവെയർ സർക്കാർ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന്. മാധ്യമങ്ങളിൽ കുറച്ചുകാലത്തേക്ക് ആ കോലാഹലം ഉണ്ടായി, എന്നാൽ ഈ ഗുരുതരമായ കാര്യവും പിന്നീട് മറച്ചുവയ്ക്കപ്പെട്ടു.
എന്റെ ഭക്ഷണത്തിന് വേണ്ടി സത്യസന്ധമായി സമ്പാദിക്കുകയും, രചനകളിലൂടെ എന്റെ അറിവ് ഉപയോഗിച്ച് ആളുകളെ സഹായിക്കുകയും ചെയ്യുന്ന ഒരു ലളിതനായ വ്യക്തിയാണ് ഞാൻ. ഈ കോർപ്പറേറ്റ് ലോകത്ത് അധ്യാപകനെന്ന നിലയിലും, ഒരു പൗരാവകാശ പ്രവർത്തകനെന്ന നിലയിലും ഒരു ബുദ്ധിജീവിയെന്ന നിലയിലും അഞ്ച് പതിറ്റാണ്ടായി ഈ രാജ്യത്തെ സേവിച്ചതിന്റെ കളങ്കമില്ലാത്ത രേഖയാണ് എനിക്കുള്ളത്. മുപ്പതിലധികം പുസ്തകങ്ങളിലും അന്താരാഷ്ട്രതലത്തിൽ പ്രസിദ്ധീകരിച്ച നിരവധി പ്രബന്ധങ്ങൾ, ലേഖനങ്ങൾ, അഭിപ്രായങ്ങൾ, അഭിമുഖങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന എന്റെ വലിയ രചനകളിലും, അക്രമത്തിനോ ഏതെങ്കിലും പ്രസ്ഥാനത്തിനോ ഉള്ള പിന്തുണയുടെ ഒരു സൂചനയും കണ്ടെത്താനാകില്ല. പക്ഷേ, എന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ യുഎപിഎ പ്രകാരം ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തപ്പെടുന്നു.
എന്നെപ്പോലുള്ള ഒരു വ്യക്തിക്ക് സർക്കാരിന്റെയും അതിൻറെ കീഴിലുള്ള മാധ്യമങ്ങളുടെയും പ്രചാരണത്തെ ചെറുക്കാൻ കഴിയില്ല. കേസിനെ സംബന്ധിക്കുന്ന കാര്യങ്ങളെല്ലാം ഇൻറർനെറ്റിൽ ലഭ്യമാണ്. എത്രമാത്രം കെട്ടിച്ചമക്കപെട്ടവയാണ് അതെന്ന് ആർക്കും മനസിലാകും. കേസിൽ അറസ്റ്റിലായ രണ്ട് പേരുടെ കമ്പ്യൂട്ടറുകളിൽ നിന്ന് പോലിസ് കണ്ടെടുത്ത 13 കത്തുകളിലെ അഞ്ച് കത്തുകളുടെ അടിസ്ഥാനത്തിലാണ് എന്നെ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്റെ പക്കലിൽ നിന്ന് ഒന്നും കണ്ടെടുത്തിട്ടില്ല. ഈ കത്തിൽ ഇന്ത്യയിലെ ഒരു പൊതുനാമമായ "ആനന്ദ്" നെ പരാമർശിക്കുന്നുണ്ടെങ്കിലും പോലിസ് ഒരിക്കലും ചോദ്യംചെയ്യാതെ തന്നെ ഞാനാണതെന്നു ഉറപ്പിക്കുകയായിരുന്നു.
ഈ കത്തുകളിലെ ഉള്ളടക്കവും അതിന്റെ ഘടനയുമടക്കം വിദഗ്ധമായി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. സുപ്രിംകോടതിയിൽ ഒരേ ഒരു ജഡ്ജി മാത്രമാണ് കത്തിലെ തെളിവുകളുടെ അഭാവത്തെ കുറിച്ച് ആരാഞ്ഞത്. കത്തിന്റെ ഉള്ളടക്കം ചെറിയ ഒരു കുറ്റം പോലും ചെയ്തതായി പരാമർശിക്കുന്നതായിരുന്നില്ല. എങ്കിലും യുഎപിഎ എന്ന നിയമത്തിന്റെ ക്രൂരമായ വ്യവസ്ഥകളാൽ ഞാൻ അഴികൾക്കുള്ളിൽ അടക്കപെടും .
ഈ കേസ് നിങ്ങൾക്കു മനസിലാക്കാനായി ഞാൻ ലളിതമായി പറയാം …..
പെട്ടന്നൊരു ദിവസം ഒരു പോലിസ് സന്നാഹം നിങ്ങളുടെ വീട്ടിലേക്ക് വന്നു അതിക്രമിച്ചു കയറുകയും വീട് മുഴുവനും അരിച്ചുപെറുക്കുകയും ചെയ്യുന്നു. പരിശോധനകൾക്കു ശേഷം നിങ്ങളെ അറസ്റ്റ് ചെയ്യുകയും ലോക്കപ്പിലടക്കുകയും ചെയ്യും. കോടതി മുൻപാകെ അവർ മറ്റേതൊ കേസിന്റെ അന്വേഷണത്തിനിടയിൽ XXX എന്ന സ്ഥലത്തു നിന്നും പെൻഡ്രൈവും കമ്പ്യൂട്ടറും YYY എന്നയാളിൽ നിന്ന് കണ്ടെടുത്തതായി പറയുന്നു. അതിൽ നിരോധിത സംഘടനയിൽ പെടുന്ന ആരുടെയെങ്കിലും ഒരാളുടെ കത്തുണ്ടായിരുന്നെന്നും ആ കത്തിൽ zzz എന്നയാളെ കുറിച്ച് പരാമർശിക്കുന്നതായും അവർ പറയും. ഈ zzz എന്നയാൾ മറ്റാരുമല്ല, നിങ്ങൾ തന്നെയാണ്. ഗുരുതരമായ ഗൂഢാലോചനയിൽ നിങ്ങൾ ഭാഗവാക്കാണെന്ന് അവതരിപ്പിക്കും. പെട്ടെന്ന്, നിങ്ങളുടെ ലോകം കീഴ്മേൽ മറിയുന്നു. നിങ്ങളുടെ ജോലി പോകുന്നു, നിങ്ങളുടെ കുടുംബത്തിന് അവർ താമസിച്ചിരുന്ന വീട് നഷ്ടമാകുന്നു, മാധ്യമങ്ങൾ നിങ്ങളെ അപകീർത്തിപ്പെടുത്തുന്നു. ഇതിനെതിരെ ഒന്നും ചെയ്യാൻ കഴിയാതെ നിങ്ങൾ നിസ്സഹായനാകുന്നു
നിങ്ങൾക്കെതിരെ ഒരു പ്രഥമദൃഷ്ട്യാ കേസ് ഉണ്ടെന്ന് ജഡ്ജിമാരെ ബോധ്യപ്പെടുത്തുന്നതിന് പോലിസ് "സീൽ ചെയ്ത കവറുകൾ" ഹാജരാക്കും. വിചാരണ വേളയിൽ ഇത് പരിശോധിക്കുമെന്ന് ജഡ്ജിമാർ മറുപടി നൽകുന്നതിനാൽ തെളിവുകളില്ലാത്തതിനെക്കുറിച്ചുള്ള വാദങ്ങളൊന്നും പരിഗണിക്കില്ല. കസ്റ്റഡി ചോദ്യം ചെയ്യലിന് ശേഷം നിങ്ങളെ ജയിലിലേക്ക് അയയ്ക്കും. ജാമ്യത്തിന് വേണ്ടി നിങ്ങൾ യാചിക്കും. ജാമ്യത്തിലിറങ്ങുകയോ കുറ്റവിമുക്തനാക്കുകയോ ചെയ്യുന്നതിന് മുമ്പായി നാല് മുതൽ 10 വർഷം വരെ തടവ് അനുഭവിക്കേണ്ടിവരുമെന്ന് ചരിത്രപരമായ കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് അക്ഷരാർത്ഥത്തിൽ ആർക്കും സംഭവിക്കാം. 'രാഷ്ട്രത്തിന്റെ' പേരിൽ, നിരപരാധികളായ ജനങ്ങളെ അവരുടെ സ്വാതന്ത്ര്യത്തെയും എല്ലാ ഭരണഘടനാ അവകാശങ്ങളെയും നിഷേധിക്കുന്ന അത്തരം ക്രൂരമായ നിയമങ്ങൾ ഭരണഘടനാപരമായി സാധൂകരിക്കപ്പെടുന്നു.
വിയോജിപ്പുകളെ ഇല്ലാതാക്കാനും ജനങ്ങളെ ധ്രുവീകരിക്കാനും ജിംഗോയിസ്റ്റ് രാഷ്ട്രവും, ദേശീയതയും ഭരണവർഗ്ഗം ആയുധമാക്കുകയാണ്. ഇത് മൂലം ജനങ്ങൾ പൂർണമായി യുക്തിരഹിതരാവുകുന്നു. രാജ്യത്തെ നശിപ്പിക്കുന്നവർ ദേശഭക്തന്മാരാവുകയും ജനങ്ങളുടെ നിസ്വാർത്ഥ സേവകർ രാജ്യദ്രോഹികളാവുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. എന്റെ ഇന്ത്യ നശിപ്പിക്കപ്പെടുന്നതായി ഞാൻ കാണുമ്പോൾ, അത്തരമൊരു ഭീകരമായ നിമിഷത്തിൽ ഞാൻ നിങ്ങൾക്ക് കത്തെഴുതുന്നത് ദുർബലമായ പ്രതീക്ഷയോടെയാണ്. ശരി, ഞാൻ എൻഐഎ കസ്റ്റഡിയിലാണ്, എനിക്ക് എപ്പോൾ നിങ്ങളോട് വീണ്ടും സംസാരിക്കാൻ കഴിയുമെന്ന് അറിയില്ല. എന്നിരുന്നാലും, നിങ്ങളുടെ ഊഴം വരുന്നതിനുമുമ്പ് നിങ്ങൾ സംസാരിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.
ആനന്ദ് തെൽതുംബ്ദെ
(ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ സീനിയർ പ്രൊഫസറാണ് ആനന്ദ് തെൽതുംബ്ദെ)
RELATED STORIES
സ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില് സിപിഎം നേതാക്കള് ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്മല ദുരന്തം: രണ്ട് ടൗണ്ഷിപ്പുകള് ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന് വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപാലക്കാട് വിദ്യാര്ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT