Sub Lead

സ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോ​ഗിക പക്ഷത്തെ മറികടന്ന് വി ബി ബിനു സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി

സംസ്ഥാന നേതൃത്വം നിര്‍ദേശിച്ച വി കെ സന്തോഷ്‌കുമാറിനെ മറികടന്നാണ് ബിനു സെക്രട്ടറി പദവിയിലെത്തിയത്. 21 പേരുടെ പിന്തുണ മാത്രമാണ് സന്തോഷ്‌കുമാറിന് ലഭിച്ചത്. 29 വോട്ടുകള്‍ ബിനു നേടിയപ്പോള്‍ ഒരെണ്ണം അസാധുവായി.

സ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോ​ഗിക പക്ഷത്തെ മറികടന്ന് വി ബി ബിനു സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി
X

കോട്ടയം: സ്വന്തം തട്ടകത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തിരിച്ചടി. ഔദ്യോ​ഗിക പക്ഷത്തെ തിരഞ്ഞെടുപ്പിലൂടെ മറികടന്ന് വി ബി ബിനു സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 51 അംഗ ജില്ലാ കമ്മിറ്റിയാണ് വോട്ടെടുപ്പിലൂടെ പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.

സംസ്ഥാന നേതൃത്വം നിര്‍ദേശിച്ച വി കെ സന്തോഷ്‌കുമാറിനെ മറികടന്നാണ് ബിനു സെക്രട്ടറി പദവിയിലെത്തിയത്. 21 പേരുടെ പിന്തുണ മാത്രമാണ് സന്തോഷ്‌കുമാറിന് ലഭിച്ചത്. 29 വോട്ടുകള്‍ ബിനു നേടിയപ്പോള്‍ ഒരെണ്ണം അസാധുവായി. 51 അംഗ പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തതിന് ശേഷം നടന്ന യോഗത്തിലാണ് അംഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടായത്. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ച വി കെ സന്തോഷ്‌കുമാറിനെതിരേ ഒരു വിഭാഗം ശക്തമായി രംഗത്തിറങ്ങുകയായിരുന്നു.

കാനം വിരുദ്ധ പക്ഷത്തിന്റെ അപ്രതീക്ഷിത ഈടപെടലിലൂടെ സംസ്ഥാന നേതൃത്വം വെട്ടിലായി. നിലവിലെ സെക്രട്ടറി സി കെ. ശിധരന്‍ തന്നെ തുടരണമെന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടു. പിന്നീട് സംസ്ഥാന കമ്മിറ്റി അംഗം വി ബി ബിനുവിന്റെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നു. ഇതോടെ ജില്ലാ സെക്രട്ടറി സ്ഥാനത്തിനായുള്ള തിരഞ്ഞെടുപ്പ് വോട്ടെടുപ്പിലേക്ക് നീങ്ങുകയായിരുന്നു.

വോട്ടെടുപ്പ് ഒഴിവാക്കാന്‍ സംസ്ഥാന നേതൃത്വം കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഒരു വിഭാഗം ശക്തമായി നിന്നതോടെ സംസ്ഥാന നേതൃത്വം കാഴ്ചക്കാരായി. സമവായത്തിനായി ഒ പി എ സലാമിന്റെ പേര് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചെങ്കിലും ഒരു വിഭാഗം അംഗീകരിക്കാന്‍ തയാറായില്ല. കെ ഇ ഇസ്മയില്‍, സത്യന്‍ മൊകേരി, ഇ ചന്ദ്രശേഖരന്‍, സി എന്‍ ചന്ദ്രന്‍, പി വസന്തം എന്നീ നേതാക്കളാണ് സംസ്ഥാന നേതൃത്വത്തെ പ്രതിനിധീകരിച്ച് ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തത്.

നേരത്തെ സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ എല്‍ഡിഎഫ് പ്രവേശനത്തിനെതിരേയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരേയും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. കാനത്തിന്റെ ജില്ലയിൽ തന്നെ മറുപക്ഷം നടത്തിയ ഈ നീക്കം സംസ്ഥാന നേതൃത്വം പുലർത്തുന്ന സിപിഎം വിധേയത്വത്തിനെതിരായ തിരിച്ചടികൂടിയാണെന്ന് കോട്ടയത്തെ സിപിഐ ജില്ലാ സമ്മേളനം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

Next Story

RELATED STORIES

Share it