Sub Lead

'കെജ്‌രിവാളിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണം'; മുംബൈയിലെ 'ഇന്ത്യ' യോഗത്തിനു മുമ്പ് നിര്‍ദേശവുമായി എഎപി

കെജ്‌രിവാളിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണം; മുംബൈയിലെ ഇന്ത്യ യോഗത്തിനു മുമ്പ് നിര്‍ദേശവുമായി എഎപി
X

ന്യൂഡല്‍ഹി: മുംബൈയില്‍ നാളെ 'ഇന്ത്യ' സഖ്യത്തിന്റെ യോഗം നടക്കാനിരിക്കെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്. 'ഇന്ത്യ' സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന ചോദ്യത്തിന് എഎപി മുഖ്യ വക്താവ് പ്രിയങ്കാ കക്കറാണ് ഇത്തരമൊരു മറുപടി നല്‍കിയത്. രാജ്യത്തിന് മുഴുവന്‍ പ്രയോജനപ്പെടുത്താവുന്ന മാതൃകയാണ് കെജ് രിവാള്‍ നല്‍കിയതെന്നും അതിനാല്‍ ഡല്‍ഹി മുഖ്യമന്ത്രിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയെ നേരിടാനും ആഭ്യന്തര തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനും പ്രതിപക്ഷ നേതാക്കള്‍ സംയുക്ത പ്രചാരണ തന്ത്രം ആവിഷ്‌കരിക്കുന്നതിനിടെയാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചത്. കെജ്‌രിവാള്‍ എല്ലായ്‌പ്പോഴും ലാഭകരവും ജനക്ഷേമവുമായ ബജറ്റ് അവതരിപ്പിക്കാറുണ്. പാര്‍ട്ടി വക്താവെന്ന നിലയില്‍ ഞങ്ങളുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിന്റെ പേര് ഞാന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കും. ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ഒരു മാതൃകയാണ് അദ്ദേഹം നല്‍കിയത്. അദ്ദേഹം പ്രധാനമന്ത്രിയാവണമെന്നാണ് ആഗ്രഹം. എന്നാല്‍ തീരുമാനം എന്റെ കൈയിലല്ലെന്നും കക്കര്‍ വ്യക്തമാക്കി.

ആഗസ്ത് 31ന് മുംബൈയില്‍ തുടങ്ങുന്ന ദ്വിദിന കോണ്‍ക്ലേവില്‍ പ്രതിപക്ഷ ഇന്ത്യ ബ്ലോക്കിലെ അംഗങ്ങള്‍ യോഗം ചേരും. അശോക ചക്ര ഇല്ലാത്ത ത്രിവര്‍ണ പതാക 'ഇന്ത്യ' സഖ്യത്തിന്റെ പതാകയായി സ്വീകരിച്ചേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്. പട്‌നയിലും ബെംഗളൂരുവിലും നടന്ന യോഗങ്ങളുടെ തുടര്‍ച്ചയായാണ് മുംബൈ കോണ്‍ക്ലേവ് നടത്തുന്നത്. 26 പാര്‍ട്ടികള്‍ അടങ്ങിയ പ്രതിപക്ഷ സഖ്യത്തില്‍ കൂടുതല്‍ പ്രാദേശിക സംഘടനകള്‍ ചേരുമെന്നാണ് സൂചന. മുംബൈയിലെ പരിപാടിയില്‍ 27 പ്രതിപക്ഷ പാര്‍ട്ടികളുടെ 62 പ്രതിനിധികള്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it