Sub Lead

പഞ്ചാബിലെ എഎപി സര്‍ക്കാരിനും തിരിച്ചടി; 30 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ നീക്കം

പഞ്ചാബിലെ എഎപി സര്‍ക്കാരിനും തിരിച്ചടി; 30 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ നീക്കം
X

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ ഡല്‍ഹിയിലെ തോല്‍വിക്ക് പിന്നാലെ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയായി പഞ്ചാബിലും ഭിന്നതയെന്ന് റിപ്പോര്‍ട്ട്. പഞ്ചാബിലെ 30 എഎപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറാന്‍ തയ്യാറായി നില്‍ക്കുകയാണെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഭഗവന്ത് മന്‍ എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളുമായി നാളെ കൂടിക്കാഴ്ച നടത്തും.

എഎപി എംഎല്‍എമാരെയും മന്ത്രിമാരെയും കെജ്‌രിവാള്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. പഞ്ചാബ് നിയമസഭ പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ് വയാണ് 30 എഎപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ച് ബന്ധപ്പെട്ടിരുന്നതായി വെളിപ്പെടുത്തിയത്. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലം എഎപിയുടെ അവസാനത്തിന്റെ സൂചനയാണെന്നും ബജ് വ പറഞ്ഞു.

മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ പ്രവര്‍ത്തനരീതിയോട് അതൃപ്തിയുള്ള എംഎല്‍എമാരാണ് വിമത ഭീഷണിയുമായി രംഗത്തു വന്നത്. ഏകാധിപത്യ നിലപാടാണ് ഭഗവന്ത് മന്നിന്റേതെന്നും, ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വിമത എംഎല്‍എമാര്‍ ആരോപിക്കുന്നു. പഞ്ചാബില്‍ നേതൃമാറ്റം കൂടിയേ തീരുവെന്നും വിമത പക്ഷം ആവശ്യപ്പെടുന്നു.

2022 ല്‍ നടന്ന പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ 117 സീറ്റില്‍ 92 എണ്ണം നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരം പിടിച്ചത്. കോണ്‍ഗ്രസിന് 18 സീറ്റുകളാണ് ലഭിച്ചത്. ശിരോമണി അകാലിദള്‍ പാര്‍ട്ടിക്ക് മൂന്ന് എംഎല്‍എമാരുമുണ്ട്. ലുധിയാനയില്‍ ഒഴിവുള്ള സീറ്റില്‍ കെജരിവാള്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.





Next Story

RELATED STORIES

Share it