Big stories

എഡിജിപി-ആര്‍എസ്എസ് ചര്‍ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി; 'ക്യാപ്‌സൂളി'ല്ലാതെ സിപിഎം

ബഷീര്‍ പാമ്പുരുത്തി

എഡിജിപി-ആര്‍എസ്എസ് ചര്‍ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി; ക്യാപ്‌സൂളില്ലാതെ സിപിഎം
X

കോഴിക്കോട്: ആര്‍എസ്എസ് ഉന്നത നേതാക്കളുമായുള്ള രഹസ്യ ചര്‍ച്ചകള്‍ നടത്തിയെന്ന് എഡിജിപി എം ആര്‍ അജിത്ത്കുമാര്‍ സമ്മതിച്ചിട്ടും ഗുരുതരാരോപണങ്ങളില്‍ മൗനത്തിലൊളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിലും മുന്നണിയിലും ഭിന്നതയും പൊട്ടിത്തെറിക്കു സമാനമായ അതൃപ്തിയും ഉയര്‍ന്നെങ്കിലും പിണറായി വിജയന്‍ ഒരു നടപടിക്കും മുതിര്‍ന്നിട്ടില്ല. ഇന്നലെ ഡിജിപി മുഹമ്മദ് ദര്‍വേഷ് സാഹിബിനെ ക്ലിഫ് ഹൗസില്‍ വിളിച്ചുവരുത്തിയപ്പോള്‍ നടപടിയെടുത്തേക്കുമെന്ന് അഭ്യൂഹമുയര്‍ന്നെങ്കിലും ഒന്നുംനടന്നില്ല. മാത്രമല്ല, കോഴിക്കോട് മാമി തിരോധാനക്കേസ് സംബന്ധിച്ചാണ് ചോദ്യിച്ചതെന്നാണ് റിപോര്‍ട്ടുകള്‍. ഇതിനുപിന്നാലെ എഡിജിപി എം ആര്‍ അജിത്ത്കുമാര്‍ നാലുദിവസ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം തല്‍ക്കാലം അവധിയെടുത്തതാണോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് കയര്‍ക്കുകയും നിസംഗഭാവത്തോടെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ന്യായീകരിക്കാന്‍ ക്യാപ്‌സൂളില്ലാതെ വിയര്‍ക്കുകയാണ്. സൈബര്‍ ലോകത്തും സിപിഎം അണികള്‍ അമര്‍ഷം അടക്കിപ്പിടിക്കുകയാണ്.

നിലമ്പൂരില്‍നിന്നുള്ള എംഎല്‍എ പി വി അന്‍വര്‍ തൊടുത്തുവിട്ട ആരോപണം ആദ്യം പോലിസ് ഉന്നതര്‍ക്കാണ് ഏശിയതെങ്കിലും പിന്നെയത് മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും പ്രൈവറ്റ് സെക്രട്ടറി പി ശശിയിലേക്കും കടന്ന് മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് തന്നെ എത്തിയിരിക്കുകയാണ്. അന്‍വര്‍ ഇടയ്ക്കിടെ മുഖ്യമന്ത്രിയെ ധീരസഖാവെന്നും മറ്റും പറഞ്ഞ് പുകഴ്ത്തുന്നുണ്ടെങ്കിലും അസ്ത്രങ്ങളെല്ലാം നേരിട്ട് മുഖ്യമന്ത്രിയിലേക്കാണ് പതിക്കുന്നത്. പക്ഷേ, അദ്ദേഹം ഉരിയാടാത്തത് സിപിഎമ്മിനും എല്‍ഡിഎഫിനും കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ലാവ് ലിന്‍, സ്വര്‍ണക്കടത്ത്, മകള്‍ വീണാവിജയനെതിരായ മാസപ്പടി ആരോപണം തുടങ്ങിയ വിഷയങ്ങളിലെല്ലാം പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ മൗനമെന്ന വിലയിരുത്തലില്‍ അണികളെത്തിയാല്‍ പാര്‍ട്ടിയുടെ അടിത്തറയെ ബാധിക്കും. ഇപ്പോള്‍ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കടുത്ത വോട്ടുചോര്‍ച്ചയുണ്ടായെന്നും ബിജെപിയിലേക്കാണ് അത് പോയതെന്നുമുള്ള വിലയിരുത്തല്‍ സിപിഎമ്മിനുണ്ട്. ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടും ആര്‍എസ്എസ്, ബിജെപി, ഹിന്ദുസംഘടനകള്‍ എന്നിവരുടെ ഭാരവാഹികള്‍ക്ക് പോലിസ് സ്‌റ്റേഷനുകളിലുള്ള സ്വാധീനമാണ് ഇത്തരത്തിലുള്ള വോട്ടുചോര്‍ച്ചയിലെത്തിയതെന്നും കണക്കുകള്‍ നിരത്തുന്നുണ്ട്.

പിണറായി ഭരണത്തില്‍ ഇത്രയേറെ പ്രതിസന്ധിയുണ്ടാക്കിയ സമയം വേറെയില്ല. നേരത്തേ സ്വര്‍ണക്കടത്തിലും കൊവിഡ് ഉള്‍പ്പെടെയുള്ള അഴിമതി, മാസപ്പടി ആരോപണത്തിലുമെല്ലാം മടിയില്‍ കനമുള്ളവനേ പേടിക്കേണ്ടതുള്ളൂവെന്ന ക്യാപ്‌സൂളാണ് മുഖ്യമന്ത്രി വഴി സിപിഎം പ്രചാരണത്തിനുപയോഗിച്ചത്. ആര്‍എസ്എസുമായി നേര്‍ക്കുനേര്‍ പോരാടുന്നുവെന്നു പറയുന്ന പിണറായി, നേരത്തേ ഉപയോഗിച്ച വാക്കുകളും അണികളെ ആവേശത്തിലാഴ്ത്തുന്നതായിരുന്നു. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നുകയറിയ ഇരട്ടച്ചങ്കനെന്നും ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്തയാളെന്നും പറഞ്ഞ് സ്വയം വ്യക്തിപൂജ നടത്തിയപ്പോഴും അതിനെ ഏറ്റെടുത്ത അണികള്‍ ഇന്ന് സൈബര്‍ ലോകത്തും മൗനത്തിലാണ്. ഏതാനും ചില 'റെഡ് ആര്‍മി'മാരുടെ അനക്കമല്ലാതെ ക്യാപ്‌സൂളില്ലാതെ പാടുപെടുകയാണ് സിപിഎം.

മുന്‍ ഡിജിപിയും പിന്നീട് സംഘപരിവാര്‍ ആലയത്തിലെത്തുകയും ചെയ്ത ടി പി സെന്‍കുമാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാടും എഡിജിപി എംആര്‍ അജിത്ത്കുമാറിന്റെ വിഷയത്തിലെ നിലപാടുമാണ് ഇപ്പോള്‍ താരതമ്യം ചെയ്യുന്നത്. ആര്‍എസ്എസിനു മുന്നില്‍ വിനീത വിധേയനായി നില്‍ക്കുന്ന ആഭ്യന്തരമന്ത്രി കേരളത്തിന് അപമാനമാണെന്ന പിണറായിയുടെ വാക്കുകള്‍ തന്നെയാണ് ഇപ്പോള്‍ തിരിഞ്ഞുകൊത്തുന്നത്. ആര്‍എസ്എസ് മേധാവിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ അതിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു. ഗവര്‍ണറെ സംഘിഖാന്‍ എന്ന് അഭിസംബോധന ചെയ്ത് നിരന്തരം പ്രതിഷേധങ്ങളുയര്‍ത്തിയ ഡിവൈഎഫ് ഐയും എസ്എഫ് ഐയും ഇപ്പോള്‍ ഉത്തരംമുട്ടി നില്‍ക്കുകയാണ്. പാര്‍ട്ടിയുടെ ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടരുന്നതിനിടെയാണ് കമ്മ്യൂണിസത്തെ ആഭ്യന്തര ശത്രു പട്ടികയില്‍ രേഖാമൂലം പെടുത്തി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസുമായി പാര്‍ട്ടിയുടെ രാജ്യത്തെ തന്നെ ഏകമുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ വിശ്വസ്തര്‍ നിരന്തരം ആര്‍എസ്എസ് ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന വിവരം പുറത്തായത്. ബ്രാഞ്ച് സമ്മേളനങ്ങളില്‍നിന്ന് വരുന്ന വിമര്‍ശനങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ സിപിഎമ്മിനാവില്ല. പ്രത്യേകിച്ച്, തെറ്റുതിരുത്തല്‍ കാലമെന്ന് പറഞ്ഞ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനിടെ. ഏതായാലും സംസ്ഥാനത്തിന്റെ ക്രമസമാധാനവും ഇന്റലിജന്‍സ് വിവരങ്ങളും ഉള്‍പ്പെടെ അപകടത്തിലാക്കുന്ന വിധത്തില്‍ ഒരു എഡിജിപി തന്നെ ആര്‍എസ്എസ് നേതാക്കളെ നിരന്തരം കാണുന്നതില്‍ തള്ളാനോ കൊള്ളാനോ ആവാതെ ചരിത്രപ്രതിസന്ധിയിലാണ് സിപിഎം എന്നതില്‍ തര്‍ക്കമില്ല.

Next Story

RELATED STORIES

Share it