Sub Lead

എഡിജിപി-വല്‍സന്‍ തില്ലങ്കേരി ചര്‍ച്ചയിലും ദുരൂഹതകളേറെ; വയനാട് ദുരന്തരക്ഷാപ്രവര്‍ത്തനം അട്ടിമറിച്ചതിലും സംശയം

എഡിജിപി-വല്‍സന്‍ തില്ലങ്കേരി ചര്‍ച്ചയിലും ദുരൂഹതകളേറെ; വയനാട് ദുരന്തരക്ഷാപ്രവര്‍ത്തനം അട്ടിമറിച്ചതിലും സംശയം
X

കോഴിക്കോട്: ആര്‍എസ്എസ് ദേശീയനേതാക്കള്‍ക്കു പുറമെ കേരളത്തിലെ ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്‍സന്‍ തില്ലങ്കേരിയുമായും എഡിജിപി എംആര്‍ അജിത്ത്കുമാര്‍ രഹസ്യ ചര്‍ച്ച നടത്തിയെന്ന കാര്യം സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ആഗസ്ത് നാലിനു കല്‍പ്പറ്റയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ചര്‍ച്ച. നാലുമണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയാണെന്നാണ് റിപോര്‍ട്ട്. എന്നാല്‍, അവിചാരിതമായി കണ്ടതാണെന്നാണ് വല്‍സന്‍ തില്ലങ്കേരിയുടെ വിശദീകരണം. വയനാട് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈസമയം എഡിജിപി അജിത്ത് കുമാര്‍ വയനാട്ടിലുണ്ടായിരുന്നപ്പോഴാണ് ചര്‍ച്ച നടത്തിയത്. ഇതേക്കുറിച്ച് സിപിഎം സംസ്ഥാന നേതൃത്വത്തിന് വിവരം ലഭിക്കുകയും ഇന്റലിജന്‍സ് വിഭാഗം ഡിജിപിക്കും കൈമാറുകയും ചെയ്തിട്ടുണ്ട്.

വയനാട്ടിലെ ദുരിതാശ്വാസപ്രവര്‍ത്തന സമയത്ത് വല്‍സന്‍ തില്ലങ്കേരി സ്ഥലത്തുണ്ടായിരുന്നു. തൃശൂര്‍പ്പൂരം അലങ്കോലമാക്കാന്‍ ശ്രമം നടന്ന ദിവസവും തില്ലങ്കേരിയും സ്ഥലത്തുണ്ടായിരുന്നു. മന്ത്രിമാര്‍ വന്നാല്‍ കരിങ്കൊടി പ്രതിഷേധത്തിന് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് സംഘടിച്ചിരുന്നതായാണ് സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍ ആരോപിച്ചിരുന്നത്. ഇതേദിവസം എഡിജിപി എം ആര്‍ അജിത്ത്കുമാറും തൃശൂരിലുണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. അതിനിടെ, വയനാട് ദുരന്ത രക്ഷാപ്രവര്‍ത്തനത്തിലെ അവസാനദിവസങ്ങളിലെ പോലിസ് ഇടപെടലിലും എഡിജിപി-വല്‍സന്‍ തില്ലങ്കേരി ചര്‍ച്ചയ്ക്ക് ബന്ധമുണ്ടെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഭക്ഷണവിതരണം തടസ്സപ്പെടുത്തിയതില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി സിപി ഐ ജില്ലാ സെക്രട്ടറി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കൂടിക്കാഴ്ചയെ കുറിച്ച് അന്നുതന്നെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് പറയുന്നത്. വയനാട് ദുരന്തരക്ഷാപ്രവര്‍ത്തനത്തിനിടെ വൈറ്റ് ഗാര്‍ഡ് നടത്തിയ ഭക്ഷണവിതരണം തടഞ്ഞതും മൃതദേഹം കണ്ടെടുത്തിട്ടും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പറഞ്ഞ് പുറത്തെത്തിക്കാതെ രക്ഷാപ്രവര്‍ത്തകരായ എസ്ഡിപി ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപോര്‍ട്ടുണ്ടായിരുന്നു. ഇതിനു പിന്നിലെല്ലാം എഡിജിപി അജിത്ത് കുമാറിന്റെ ഇടപെടലാണെന്ന സംശയം ദുരൂഹത വര്‍ധിപ്പിക്കുകയാണ്.

നേരത്തേ, ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയെയും മുതിര്‍ന്ന നേതാവ് റാം മാധവുമായും 12 ദിവസത്തിനുള്ളില്‍ രണ്ടുതവണ എഡിജിപി അജിത്ത് കുമാര്‍ ചര്‍ച്ച നടത്തിയത് ഏറെ വിവാദമായിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്നും സിപി ഐ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മുഖ്യമന്ത്രി തടയിടുകയാണ്. പി വി അന്‍വര്‍ എംഎല്‍എയാണ് ആദ്യമായി എഡിജിപി അജിത്ത് കുമാറിന്റെ ആര്‍എസ്എസ് ബന്ധം പുറത്തുകൊണ്ടുവന്നത്. സ്വര്‍ണ കള്ളക്കടത്ത്, അഴിമതി, കവടിയാറിലെ ആഢംബര വീട് നിര്‍മാണം എന്നിയെല്ലാം പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ആര്‍എസ്എസ് ദേശീയനേതാക്കള്‍ക്കു പുറമെ കേരളത്തിലെ ആര്‍എസ്എസിന്റെ ഏറ്റവും ഉന്നതസ്ഥാനത്തുള്ള വല്‍സന്‍ തില്ലങ്കേരിയുമായും ചര്‍ച്ച നടത്തിയെന്ന് സ്ഥിരീകരണമുണ്ടാവുന്നത്.


സംസാരിച്ചത് അഞ്ചുമിനിറ്റില്‍ താഴെ; സ്ഥിരീകരിച്ച് വല്‍സന്‍ തില്ലങ്കേരി

കണ്ണൂര്‍: എഡിജിപി എം ആര്‍ അജിത്ത് കുമാറുമായി ചര്‍ച്ച നടത്തിയെന്ന കാര്യം സ്ഥിരീകരിച്ച് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. അവിചാരിതമായാണ് കണ്ടതെന്നും മുന്‍കൂട്ടി തീരുമാനിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുമിനിറ്റില്‍ താഴെ സമയം മാത്രമാണ് സംസാരിച്ചത്. കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യനെ കാണാനായാണ് താന്‍ ഹോട്ടലില്‍ എത്തിയത്. അവിടെ വച്ചാണ് അവിചാരിതമായി എം ആര്‍ അജിത്ത് കുമാറിനെ കണ്ടത്. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യമാണ് സംസാരിച്ചത്. ആംബുലന്‍സ് തടഞ്ഞുവച്ച പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും വല്‍സന്‍ തില്ലങ്കേരി പറഞ്ഞു. ആഗസ്ത് നാലിന് കല്‍പറ്റയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ചര്‍ച്ച നടത്തിയത്. നാലുമണിക്കൂര്‍ ചര്‍ച്ച നടത്തിയെന്നാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it