Sub Lead

ബെയ്‌റൂത്ത് സ്‌ഫോടനത്തിന് പിറകെ ചെന്നൈയിലും ആശങ്ക; കെട്ടിക്കിടക്കുന്നത് വന്‍ സ്‌ഫോടക ശേഖരം

അമോണിയം നൈട്രേറ്റിന്റെ വന്‍ ശേഖരമാണ് ബെയ്‌റൂത്തില്‍ മരണം വിതച്ചതെങ്കില്‍ സമാനമായ സ്‌ഫോടക വസ്തുക്കളുടെ വന്‍ ശേഖരമാണ് ചെന്നൈയേയും ആശങ്കയിലാഴ്ത്തുന്നത്.

ബെയ്‌റൂത്ത് സ്‌ഫോടനത്തിന് പിറകെ ചെന്നൈയിലും ആശങ്ക; കെട്ടിക്കിടക്കുന്നത് വന്‍ സ്‌ഫോടക ശേഖരം
X

ബെയ്‌റൂത്ത്: നിരവധി പേരുടെ ജീവന്‍ അപഹരിക്കുകയും കോടികളുടെ സ്വത്ത് നാശത്തിന് കാരണമാവുകയും ചെയ്ത ലബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലെ ഉഗ്രസ്‌ഫോടനങ്ങള്‍ക്കു പിന്നാലെ ചെന്നൈ നഗരവും കടുത്ത ആശങ്കയില്‍. അമോണിയം നൈട്രേറ്റിന്റെ വന്‍ ശേഖരമാണ് ബെയ്‌റൂത്തില്‍ മരണം വിതച്ചതെങ്കില്‍ സമാനമായ സ്‌ഫോടക വസ്തുക്കളുടെ വന്‍ ശേഖരമാണ് ചെന്നൈയേയും ആശങ്കയിലാഴ്ത്തുന്നത്.

കസ്റ്റംസ് പിടിച്ചെടുത്ത 700 ടണ്‍ അമോണിയം നൈട്രേറ്റാണ് ചെന്നൈ തുറമുഖത്ത് കെട്ടിക്കിടക്കുന്നത്. 2015ല്‍ ശിവകാശി സ്വദേശികളില്‍നിന്നു പിടിച്ചെടുത്തതാണിവ. ശ്രീ അമ്മന്‍ കെമിക്കല്‍സ് എന്ന സ്ഥാപനം വെടിക്കോപ്പ് നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി അനധികൃതമായി ഇറക്കിയ വസ്തുക്കളാണ് കസ്റ്റംസ് പിടികൂടിയത്. എന്നാല്‍ ഇവ അന്ന് മുതല്‍ തുറമുഖത്ത് തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ബെയ്‌റൂത്ത് തുറമുഖത്ത് സൂക്ഷിച്ച അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചുണ്ടായ ദുരന്തത്തില്‍ 137 പേര്‍ കൊല്ലപ്പെടുകയും നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചെന്നൈയെ കുറിച്ച് ആശങ്ക ഉയര്‍ന്നത്. ഇനി സ്‌ഫോടക വസ്തുക്കള്‍ അതേ സ്ഥലത്ത് സൂക്ഷിക്കാന്‍ സാധിക്കില്ലെന്ന് തുറമുഖം അധികൃതര്‍ കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്.

1.80 കോടി രൂപ വരുന്നതാണ് കെട്ടിക്കിടക്കുന്ന അമോണിയം നൈട്രേറ്റ്. ഇത് ദക്ഷിണ കൊറിയയില്‍ നിന്നും വളമെന്ന പേരിലായിരുന്നു ഇറക്കുമതി നടത്തിയത്. ചരക്ക് സുരക്ഷിതമാണെന്നും അപകടം ഇല്ലെന്നുമാണ് കസ്റ്റംസ് പറയുന്നത്. എന്നാല്‍ ആശങ്കയുടെ പശ്ചാത്തലത്തില്‍ ചരക്ക് പൂര്‍ണമായും നീക്കം ചെയ്യുമെന്ന് കസ്റ്റംസ് അറിയിച്ചു. ഇവ ഇ ലേലത്തിലൂടെ വില്‍പ്പന നടത്തുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it