Sub Lead

വാശിയേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ ഹൈദരാബാദ് ഇന്ന് പോളിങ് ബൂത്തിലേക്ക്

രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പില്‍ 74 ലക്ഷത്തിലധികം വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാനൊരുങ്ങുന്നത്.

വാശിയേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ ഹൈദരാബാദ് ഇന്ന് പോളിങ് ബൂത്തിലേക്ക്
X

ഹൈദരാബാദ്: ഒരാഴ്ചയിലേറെ നീണ്ട വാശിയേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് (ജിഎച്ച്എംസി) നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇന്ന് ജനം വിധിയെഴുതും. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പില്‍ 74 ലക്ഷത്തിലധികം വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാനൊരുങ്ങുന്നത്.

ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്), അസദുദ്ദീന്‍ ഉവൈസിയുടെ എഐഐഎം ബിജെപി എന്നീ പാര്‍ട്ടികളാണ് തിരഞ്ഞെടുപ്പില്‍ നേരിട്ട് ഏറ്റുമുട്ടുന്നത്. ഹൈദരാബാദ് പിടിച്ചെടുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്ന ബിജെപി ഇവിടെ വന്‍പടയെ തന്നെ പ്രചാരണത്തിനിറക്കിയിരുന്നു. ആഭ്യന്തരമന്ത്രി അമിത്ഷാ, ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ വന്‍ തോക്കുകളാണ് ഇവിടെ ദിവസങ്ങളോളം പ്രചാരണ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ ഇടംപിടിച്ചത്.

റോഡുകള്‍, ശുചിത്വം, ജലവിതരണം, തെരുവ് വിളക്കുകള്‍, ഡ്രെയിനേജ്, അടിസ്ഥാന നഗര വികസനം തുടങ്ങിയ കാര്യങ്ങള്‍ക്കപ്പുറത്ത് ഹൈദരാബാദിന്റെ പേരുമാറ്റവും ഈ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.

തങ്ങള്‍ ജയിച്ചാല്‍ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കുമെന്നായിരുന്നു യോഗിത ആതിഥ്യനാഥിന്റെ വാഗ്ദാനം. എന്നാല്‍, പേര് മാറ്റാന്‍ നടക്കുന്നവരുടെ മുഴുവന്‍ തലമുറയും മണ്ണടിഞ്ഞാലും അതിന് സാധ്യമല്ലെന്നായിരുന്നു അസദുദ്ദീന്‍ ഉവൈസിയുടെ വായടപ്പന്‍ മറുപടി.

ടിആര്‍എസിന്റെയും എഐഐഎമ്മിന്റെയും അപ്രമാദിത്വത്തിനെതിരേ ബാംഗ്ലൂര്‍ സൗത്ത് എംപി യും ബിജെപി നേതാവുമായ തേജസ്വി സൂര്യ നടത്തിയ പരാമര്‍ശങ്ങള്‍ വന്‍വിവാദത്തിന് തിരികൊളുത്തിയിരുന്നു.

പ്രചാരണത്തില്‍ അനുമതിയില്ലാതെ ഉസ്മാനിയ സര്‍വകലാശാലയില്‍ പ്രവേശിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.ഉവൈസി, തെലങ്കാന മന്ത്രി കെ ടി രാമ റാവു തുടങ്ങിയവര്‍ രാവിലെ തന്നെ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു.വൈകീട്ട് 6 മണി വരെ വോട്ടിംഗ് തുടരും.

നാല് ജില്ലകളിലായി 150 ഡിവിഷനുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. 1,122 സ്ഥാനാര്‍ത്ഥികളാണ് മാറ്റുരയ്ക്കുന്നത്.2016 ഫെബ്രുവരിയില്‍ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ടിആര്‍എസ് 99 സീറ്റുകളും അസദുദ്ദീന്‍ ഉവൈസിയുടെ എഐഐഎം 44 ഉം ബിജെപി നാലെണ്ണവും കോണ്‍ഗ്രസ് രണ്ടെണ്ണവും തെലുങ്കുദേശം പാര്‍ട്ടിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.

Next Story

RELATED STORIES

Share it