Sub Lead

ദലിത് യുവതി പാചകം ചെയ്ത ഉച്ചഭക്ഷണം നിരസിച്ച് 'സവര്‍ണ' വിദ്യാര്‍ഥികള്‍; ജീവനക്കാരിയെ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടു

3,000 രൂപ മാത്രമാണ് ഇവര്‍ക്ക് മാസശമ്പളം. എന്നാലും സ്ഥിരവരുമാനം ലഭിക്കുമല്ലോ എന്ന് കരുതിയാണ് സുനിത ജോലിക്ക് കയറാന്‍ തയ്യാറായത്. രണ്ട് കുട്ടികളുടെയും തൊഴില്‍ രഹിതനായ ഭര്‍ത്താവിന്റെയും ചെലവുകളും ഈ ശമ്പളത്തില്‍നിന്ന് വേണം നടത്താന്‍.

ദലിത് യുവതി പാചകം ചെയ്ത ഉച്ചഭക്ഷണം നിരസിച്ച് സവര്‍ണ വിദ്യാര്‍ഥികള്‍; ജീവനക്കാരിയെ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടു
X

ഡെറാഡൂണ്‍: ദലിത് യുവതി പാചകം ചെയ്ത ഉച്ചഭക്ഷണം നിരസിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ഉത്തരാഖണ്ഡിലെ ചമ്പാവത് ജില്ലയിലെ സുഖിദാങ് ഗ്രാമത്തിലെ ഒരു പ്രാദേശിക സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ദലിത് യുവതി പാചകം ചെയ്ത ഭക്ഷണം കഴിക്കാന്‍ തയ്യാറാവാതിരുന്ന കുട്ടികള്‍ വീട്ടില്‍നിന്ന് ഭക്ഷണം കൊണ്ടുവരാന്‍ തുടങ്ങി. കുട്ടികള്‍ മാത്രമല്ല, സുനിത എന്ന ദലിത് യുവതിയെ പാചകത്തിന് നിയമിച്ചതിനെ ചോദ്യം ചെയ്തും നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും രക്ഷിതാക്കളും രംഗത്തെത്തി. ഒടുവില്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ഇവരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.

നിയമം പാലിച്ചല്ല ദലിത് സ്ത്രീയെ നിയമിച്ചതെന്നും അതിനാല്‍ നിയമനം റദ്ദാക്കിയെന്നും ചംപാവത് ചീഫ് എജ്യൂക്കേഷന്‍ ഓഫിസര്‍ ആര്‍ സി പുരോഹിത് വ്യക്തമാക്കി. 'സവര്‍ണജാതി'യില്‍പ്പെട്ട വിദ്യാര്‍ഥികളായതിനാലാണ് ദലിത് യുവതി തയ്യാറാക്കിയ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതെന്നാണ് റിപോര്‍ട്ടുകള്‍. 230 ഓളം കുട്ടികളാണ് ഉത്തരാഖണ്ഡിലെ, ചമ്പാവത്ത് ജില്ലിയിലെ സുഖിധാങ് ഗ്രാമത്തിലെ ഈ സ്‌കൂളില്‍ പഠിക്കുന്നത്. നവംബര്‍ 25നാണ് സുനിതയ്ക്ക് ഭോജന്‍ മാതാ ആയി ജോലി ലഭിക്കുന്നത്. ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉച്ച ഭക്ഷണം പാചകം ചെയ്യുന്നവരെ ഭോജന്‍ മാതാ എന്നാണ് വിളിക്കുന്നത്.

3,000 രൂപ മാത്രമാണ് ഇവര്‍ക്ക് മാസശമ്പളം. എന്നാലും സ്ഥിരവരുമാനം ലഭിക്കുമല്ലോ എന്ന് കരുതിയാണ് സുനിത ജോലിക്ക് കയറാന്‍ തയ്യാറായത്. രണ്ട് കുട്ടികളുടെയും തൊഴില്‍ രഹിതനായ ഭര്‍ത്താവിന്റെയും ചെലവുകളും ഈ ശമ്പളത്തില്‍നിന്ന് വേണം നടത്താന്‍. ഡിസംബര്‍ 14ന് സുനിത ഭക്ഷണം പാകം ചെയ്തതിന് പിന്നാലെയാണ് സുനിതയുടെ ദുരിതം ആരംഭിച്ചത്. ദലിത് യുവതി ഉണ്ടാക്കുന്ന ആഹാരം കഴിക്കില്ലെന്ന് കുട്ടികള്‍ വാശിപിടിച്ചു. ഇതില്‍ ഭൂരിഭാഗവും 'സവര്‍ണ' സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥികളായിരുന്നു. അവര്‍ വീട്ടില്‍നിന്ന് ആഹാരം കൊണ്ടുവരാന്‍ തുടങ്ങി. 230 കുട്ടികളില്‍ 66 പേര്‍ക്കാണ് ഉച്ചഭക്ഷണം തയ്യാറാക്കുന്നത്.

ഡിസംബര്‍ 13 വരെ കുട്ടികള്‍ ഒരു കുഴപ്പവുമില്ലാതെ ഭക്ഷണം കഴിച്ചിരുന്നു. എന്നാല്‍, ഞാന്‍ ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെ ഭക്ഷണം കഴിക്കാന്‍ അവര്‍ വിസമ്മതിച്ചു. അത് എന്നെ ഞെട്ടിച്ചു, അപമാനിതയാക്കി. കഴിക്കരുതെന്ന് കുട്ടികളോട് അവരുടെ രക്ഷിതാക്കള്‍തന്നെ പറയുകയാണ്. എന്നോട് ഭക്ഷണം പാകം ചെയ്യരുതെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. എന്റെ ജോലിക്കും അന്തസ്സിനും നീതി തേടി എനിക്ക് ഒരിടത്തും ഇനി പോവാനില്ല- സുനിത പറയുന്നു. ഡിസംബര്‍ 14ന് സ്‌കൂളിലെത്തിയ 14 ഓളം കുട്ടികളുടെ രക്ഷിതാക്കള്‍ സുനിതയെ ഭക്ഷണം പാകം ചെയ്യുന്നതില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. ഗ്രാമവാസികളും ഇതേ ആവശ്യമുന്നയിച്ച് രംഗത്തുവന്നു.

സ്‌കൂളിന് സമീപത്തുതന്നെ ജോലിക്ക് അപേക്ഷിച്ച വിധവയായ പുഷ്പ ഭട്ട് എന്ന സ്ത്രീയുമുണ്ട്. അവര്‍ക്ക് ജോലി ലഭിക്കാതെ അവസാന നിമിഷമാണ് സുനിതയ്ക്ക് ജോലി ലഭിച്ചത്. അത് എങ്ങനെയാണ് സംഭവിച്ചത്. ഇതില്‍ ഗൂഢാലോചനയുണ്ട്. സുനിതയുടെ നിയമനത്തില്‍ അന്വേഷണം വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്- ഗ്രാമവാസിയായ നരേന്ദ്ര ജോഷി പറഞ്ഞു. അതേസമയം, വിദ്യാര്‍ഥികള്‍ സുനിത പാകം ചെയ്ത ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചെന്നത് സത്യമാണെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രേം ആര്യ സമ്മതിച്ചു. നിയമപ്രകാരം തന്നെയാണ് സുനിതയുടെ നിയമനം നടന്നത്.

എന്നാല്‍, സുനിത പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാന്‍ വിദ്യാര്‍ഥികളെ രക്ഷിതാക്കള്‍ അനുവദിക്കുന്നില്ല. വിഷയത്തില്‍ വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സവര്‍ണര്‍ ശക്തരാണ്, അവരെന്നെ ഇവിടെ ജോലിചെയ്യാന്‍ അനുവദിക്കുമെന്ന് തോന്നുന്നില്ല. എന്റെ നിയമനം സാധുവല്ലാതാക്കി ഏതെങ്കിലുമൊരു ഉന്നത ജാതിയിലുള്ള സ്ത്രീയെ നിയമിച്ചാല്‍ ഞാന്‍ അത്ഭുതപ്പെടില്ല. ഞാന്‍ ഒരാഴ്ച ജോലി ചെയ്തു. എന്നാല്‍, ഉയര്‍ന്ന ജാതിക്കാരായ മാതാപിതാക്കള്‍ എന്നെ അപമാനിച്ചു- സുനിത പറഞ്ഞു.

എന്നാല്‍, മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനാലാണ് ഇവരുടെ നിയമനം റദ്ദാക്കിയതെന്ന് ചമ്പാവത്ത് ചീഫ് എജ്യൂക്കേഷന്‍ ഓഫിസര്‍ ആര്‍ സി പുരോഹിത് പറഞ്ഞു. ഉന്നത അധികാരികള്‍ അവരുടെ നിയമനത്തിന് അനുമതി നല്‍കിയിട്ടില്ല. എന്നിട്ടും അവര്‍ക്ക് ജോലി നല്‍കി. പാചകത്തിന് ഒരു താല്‍ക്കാലിക പകരക്കാരിയെ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. 'ദലിത് സ്ത്രീ പാചകം ചെയ്ത ഉച്ചഭക്ഷണം സവര്‍ണ വിദ്യാര്‍ഥികള്‍ ബഹിഷ്‌കരിക്കുന്നത് ഒരു സാമൂഹിക തിന്‍മയാണ്. ഈ സാഹചര്യത്തില്‍ അധികാരികള്‍ അവളെ വീണ്ടും നിയമിക്കുകയും മാതൃക കാണിക്കുകയും വേണം- ഉത്തരാഖണ്ഡ് പരിവര്‍ത്തന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് പി സി തിവാരി പ്രതികരിച്ചു.

Next Story

RELATED STORIES

Share it